ദോഹ: നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ദോഹ കോർണിഷ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി പബ്ലിക് വർക്ക്‌സ് അഥോറിറ്റി (അശ്ഗാൾ ) അറിയിച്ചു. ദഫ്‌ന ഏരിയ മുതൽ റാസ് അബൂദ് പാലം വരെയുള്ള 9 കിലോമീറ്ററാണ് പൂർണമായും അറ്റകുറ്റ പണികൾ പൂർത്തിയാക്കി ഇപ്പോൾ തുറന്ന് കൊടുത്തിട്ടുള്ളത്.

2017 ഒക്‌റ്റോബർ മാസത്തിലാണ് അറ്റകുറ്റ പണികൾ ആരംഭിച്ചത്. രാജ്യത്തെ സുപ്രധാന കോർണിഷുകളായ ദോഹ, അൽ ഖോർ, ശമാൽ, വക്ര എന്നിവയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയനുസരിച്ചാണ് ഇവിടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. ദോഹ കോർണിഷിലെ 580 കാർ പാർക്കിങ്ങുകൾ, 24 പബ്ലിക് ടോയ്‌ലെറ്റുകൾ എന്നിവ പൂർണമായും പുനർനിർമ്മിച്ചു. നടപ്പാതകളിലെ ഇന്റർലോക്ക് ടൈൽസുകൾ പൂർണമായും മാറ്റി ബഹുവർണ ടൈൽസുകൾ പതിപ്പിച്ചു. ഏഴ് വിശ്രമ ഏരിയകളിൽ പുതിയ ടൈൽസുകൾ സ്ഥാപിച്ചു.

1.2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ദോഹ കോർണിഷ് ജി.സി. സി രാജ്യങ്ങളുടെ വിനോദ സഞ്ചാര മാപ്പിൽ പ്രധാന ഇടം നേടിയ ഒന്നാണ്. സ്വദേശികളും വിദേശികളും ഒഴിവു സമയം ചിലവഴിക്കാൻ എത്തുന്ന രാജ്യത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.

വ്യായാമം ചെയ്യാൻ പലരും എത്തുന്ന ഒരു സ്ഥലം കൂടിയാണ് ദോഹ കോർണിഷെന്ന് അശ്ഗാൽ വക്താവ് എൻജിനീയർ ജാറുള്ളാഹ് അൽ മരി പറഞ്ഞു. കോർണിഷ് പുനർ നിർമ്മാണം തന്‌ടെ ഡിവിഷനിലെ ഏറ്റവും പ്രധാനമായ ഒരു പദ്ധതിയാണ് എന്ന് ഈ ഡിവിഷനിലെ മുൻസിപ്പൽ കൗൺസിലർ ശൈഖ ബിൻത് യൂസുഫ് അൽ ജുഫൈരി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള പല പരിപാടികളും നടക്കുന്ന സ്ഥലം എന്ന നിലക്കും ദോഹ കോർണിഷിന്റെ സ്ഥാനം സുപ്രധാനമാണ് എന്നും അവർ കൂട്ടിച്ചേർത്തു.