ദോഹ: ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഭൂഗർഭ പാർക്കിങ് ഏരിയയിൽ ഫീസ് ഈടാക്കി തുടങ്ങി. ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് റിയാലാണ് ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു റിയാൽ വീതവും ഈടാക്കും. വാഹനം അഞ്ച് മണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്താൽ പിന്നീടുള്ള ഓരോ മണിക്കൂറിനും 10 റിയാൽ വീതവും ഈടാക്കണം. ഇനിയിപ്പോ ടിക്കറ്റ് നഷ്ടപ്പെടുത്തിയാൾ അതിനും കിട്ടും പണി. പാർക്കിങ് ടിക്കറ്റ് നഷ്ടപ്പെടുത്തുന്നവർക്ക് 150 റിയാലാണ് പിഴ.

കൺവെൻഷൻ സെന്ററിന്റെ പാർക്കിങ് സ്ഥലത്ത് മാസവാടകയ്ക്കും പാർക്കിങ് അനുവദിക്കുന്നു. കമ്പനികൾക്കോ, വ്യക്തികൾക്കോ പാർക്കിങ് സ്ഥലം ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കാം. മൂവായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഭൂഗർഭ പാർക്കിങ് ഏരിയയാണ് ദോഹ കൺവെൻഷൻ സെന്ററിന്റേത്.

വാഹനങ്ങളിൽ വരുന്നവർക്ക് കൺവെൻഷൻ സെന്ററിന്റെ തെക്കുഭാഗത്ത് യാത്രക്കാരെ ഇറക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ 200 കാറുകൾക്കുള്ള താൽക്കാലിക പാർക്കിങ് സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദർശനം നടത്തുന്നവർക്ക് സാധന സാമഗ്രികൾ ഇറക്കുന്നതിനാണ് വടക്കുഭാഗത്തുള്ള വഴി.