ദോഹ : കോവിഡ് കാലത്തും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. എംബസിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംബസി സേവനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിന് മൊബൈൽ അപ്ലിക്കേഷൻ, ചാറ്റ്‌ബോട്ട് തുടങ്ങിയ സംവിധാനങ്ങൾ വികസിപ്പിച്ച് വരികയാണ്.ബഹുഭാഷ കോൾ സെന്റർ സ്ഥാപിക്കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്.

2021 ജനുവരി മുതൽ 12000 ലധികം പുതിയ പാസ്‌പോർട്ടുകൾ നൽകി. രണ്ടായിരത്തോളം പി.സി.സി, 7400 അറ്റസ്റ്റേഷൻ എന്നിവയും ഈ കാലയളവിൽ പൂർത്തിയാക്കി.
ഓൺലൈനിൽ അപ്പോയിന്റ്‌മെന്റുകൾ നൽകിയാണ് കോൺസുലാർ സേവനങ്ങൾ ക്രമീകരിക്കുന്നത്. എന്നാൽ അടിയന്തിര പ്രാധാന്യമുള്ള കേസുകളിൽ എമർജൻസി അപ്പോയ്ന്റ്‌മെന്റുകൾ നൽകുന്നുണ്ട്. നിത്യവും ഇത്തരത്തിലുള്ള 45 - 50 കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

കമ്മ്യൂണിറ്റിയിലേക്ക് ഇറങ്ങിചെന്ന് ഏഷ്യൻ ടൗണിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പിൽ 70ാളം ഇന്ത്യക്കാർക്ക് പ്രയോജനം ലഭിച്ചു. മാസം തോറും ഇത്‌പോലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് എംബസി ഉദ്ദേശിക്കുന്നത്. അൽഖോറിലെ ഇന്ത്യൻ മുക്കുവർക്ക് വേണ്ടി പ്രത്യേകം കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കും.

2020 ൽ എംബസിക്ക് ലഭിച്ച 2437 പരാതികളിൽ 2196 പരാതികളും പരിഹരിച്ചതായി അംബാസഡർ പറഞ്ഞു.

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും കഴിഞ്ഞ വർഷം 2 കോടി രൂപ ചിലവഴിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുക, വിമാനടിക്കറ്റ്, മൃതദേഹം കൊണ്ടുപോകൽ, മറ്റു സഹായങ്ങൾ എന്നിവക്കാണ് ഈ തുക ചിലവഴിച്ചത്.

ഇന്തോ ഖത്തർ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി ഇന്ത്യയിൽ ഓഫീസ് തുറക്കാൻ താൽപര്യം പ്രകടിപ്പിച്ചത് ഇന്തോ ഖത്തർ വ്യാപാര രംഗത്ത് ആശാവഹമായ മാറ്റത്തിന് കാരണമാകും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫാർമസി, ഫുഡ്, എഞ്ചിനിയറിങ് മേഖലകളിൽ നിന്നുള്ള കമ്പനികളുടെ വെബിനാർ നടന്നത് ഏറെ ബിസിനസ് അവസരങ്ങൾ പരിചയപ്പെടുത്താൻ സഹായകമായി. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്നുവരുന്ന അഗ്രിടെകിലെ ഇന്ത്യൻ പവലിയൻ ഇതിനകം തന്നെ അധികൃതരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ഖത്തർ അമീർ സ്വീകരിച്ചത് ഇന്തോ ഖത്തർ ബന്ധങ്ങളുടെ പുതിയ അധ്യായത്തിന്റെ തുടക്കമാണ്.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എംബസി ചെയ്തുകൊണ്ടിരിക്കുന്നു. ദോഹയിൽ നീറ്റ് പരീക്ഷ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസിയുമായി ആശയവിനിമയം നടത്തിവരികയാണ്. ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ യൂണിവേഴ്‌സിറ്റി ഈ വർഷം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ പ്രവർത്തനമാരംഭിക്കും. രാജഗിരി, ലെയോള, സ്‌കോളേഴ്‌സ് എന്നീ സ്‌ക്കൂളുകൾക്ക് സി.ബി.എസ്.ഇ അംഗീകാരം പൂർത്തിയായി കഴിഞ്ഞു.

എം.ഇ.എസ് ഇന്ത്യൻ സ്്ക്കൂളിന്റെ പുതിയ ശാഖ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.

411 ഇന്ത്യക്കാരാണ് ഖത്തർ ജയിലിലുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇതിൽ 251 പേരെ എംബസി സംഘം സന്ദർശിച്ചു. ആഴ്‌ച്ച തോറും എംബസി സംഘത്തിന്റെ ജയിൽ സന്ദർശനം തുടരുന്നുണ്ട്. 2020ൽ 69 ഇന്ത്യക്കാർ അമീർ മാപ്പ് നൽകിയതിനെതുടർന്ന് ജയിൽ മോചിതരായി.