ദോഹ: ഓഗസ്റ്റ് മുതൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് നേരിട്ട് സർവീസുമായി എയർ ഇന്ത്യാ എക്സ്‌പ്രസ്. ഇതാദ്യമായാണ് കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സർവീസ്. ഇതോടെ ഓഗസ്റ്റ് 15 മുതൽ സർവീസ് ആരംഭിക്കും.


കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ് നടത്തുക. സെപ്റ്റംബർ പതിനഞ്ച് മുതൽ ഇത് നാല് സർവീസാകും. മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നിലച്ച സാഹചര്യത്തിലാണ് കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്നത്.

തിരുവനന്തപുരം- ദോഹ- കൊച്ചി- തിരുവനന്തപുരം സർവീസുകൾ സെപ്റ്റംബർ പതിനാല് വരെയുണ്ടാകും. അതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചി-അബുദാബി-കൊച്ചി അധിക സർവീസ് സെപ്റ്റംബർ പതിനാല് വരെ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സൂറത്ത്-ദുബായ് സർവീസ് രണ്ട് മാസത്തിനകം തുടങ്ങും.