ദോഹ: ദോഹ മെട്രോ പരീക്ഷണ ഓട്ടം ഈ വർഷം അവസാനം നടത്തുമെന്ന് ഖത്തർ റെയിൽ അധികൃതർ. 37 സ്‌റ്റേഷനുള്ളതിൽ മൂന്നു സ്‌റ്റേഷനുകളുടെ നിർമ്മാണം ഡിസംബർ മാസത്തിന് മുമ്പ് പൂർണമാകും. അൽദോഹ അൽജദീദ, അൽ ഖാസർ, ഇക്കണോമിക് സോൺ എന്നിവയാണ് ഈ വർഷം തന്നെ പൂർത്തിയാകുന്നവ.

രണ്ടു വർഷത്തിനുള്ളിൽ യാത്രക്കാർക്കായി ഈ പൊതുയാത്രാ സംവിധാനം സജ്ജമാക്കുന്നതിനായി 52000-ത്തിലധികം ആൾക്കാരാണ് ഇതിനായി ജോലി ചെയ്യുന്നത്. ഇതുവരെ 280 ദശലക്ഷം മനുഷ്യദിനങ്ങളാണ് ദോഹ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നടന്നതെന്ന് ഖത്തർ റെയിൽ എംഡിയും സിഇഒയുമായ അബ്ദുള്ള അൽ സുബഈ വ്യക്തമാക്കി.

ഘടനാപരമായ ജോലികൾ 95% പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ഇതു പൂർത്തിയാവും. മെട്രോ റെഡ് ലൈനിലെ നാലു കിലോ മീറ്റർ പരിശോധന ട്രാക്കും സജ്ജമായി. സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാനുള്ള ജോലികളും പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ റെഡ് ലൈനിലെ പരിശോധന ട്രാക്കിൽ ആദ്യ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ നിർമ്മാണ പ്രവർത്തനത്തിലെ പുരോഗതി ശ്രദ്ധേയമാണെന്നു പ്രോഗ്രാം ഡെലിവറി ചീഫ് ഡാനിയൽ ലെക്കൽ പറഞ്ഞു.