ദോഹ: ലോകത്ത് ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം ദോഹയ്ക്ക്. നഗരത്തിൽ  വാടകനിരക്കിൽ ഉണ്ടായിട്ടുള്ള വൻ വർധനയാണ് ലോകത്തെ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദോഹയെ പത്താം സ്ഥാനത്ത് എത്തിച്ചിരിക്കുന്നതെന്ന് കോസ്റ്റ് ഓഫ് ലിവിങ് ഇൻഡെക്‌സ് നടത്തിയ സർവേ വെളിപ്പെടുത്തുന്നു. വാടകയുടെ കാര്യത്തിൽ വൻ നഗരങ്ങളായ സിംഗപ്പൂർ, സൂറിച്ച്, വാഷിങ്ടൺ ഡിസി എന്നിവയെ കടത്തിവെട്ടിയാണ് ദോഹ ഗ്ലോബൽ കോസ്റ്റ് ഓഫ് ലിവിങ് ഇൻഡെക്‌സിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. അതേസമയം ഓവറോൾ ലിവിങ് കോസ്റ്റിന്റെ കാര്യത്തിൽ ദോഹയ്ക്ക് 205 ആണ് സ്ഥാനം.

ഉപയോക്താക്കൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നുംബിയോ പട്ടിക തയാറാക്കിയിരിക്കുന്നത്. കൺസ്യൂമർ പ്രൈസ് ഇൻഡെക്‌സിന്റെ കാര്യത്തിൽ ദോഹയുടെ സ്‌കോർ 71.18 ആണ്. നിത്യോപയോഗ സാധനങ്ങൾ, നിത്യചെലവുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സിപിഐ തയാറാക്കുന്നത്. അതേസമയം വാടകയിനങ്ങൾ സിപിഐയിൽ ഉൾപ്പെടുന്നില്ല. വാടകയും കൂടി കൂട്ടിയാൽ ദോഹയ്ക്ക് 73.46 ആണ് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് റേറ്റ്.

ന്യൂയോർക്ക് സിറ്റിക്ക് 100 സ്‌കോറാണ് നൽകിയിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കാൻ വരുന്ന ചെലവിന്റെ 73 ശതമാനം ഖത്തറിലും ചെലവാകും. 517 നഗരങ്ങളുടെ ജീവിത ചെലവ് പട്ടികയിൽ ഗൾഫ് നഗരങ്ങളായ ദുബായ് 212-ാം സ്ഥാനത്തും മനാമ 269-ാം സ്ഥാനത്തും അബൂദാബി 278-ാം സ്ഥാനത്തും മസ്‌കത്ത് 283-ാം സ്ഥാനത്തുമാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ചെലവേറിയ നഗരം ബർമുഡയിലെ ഹാമിൽട്ടണാണ്. 152.67 ആണ് ഇവിടുത്തെ ഉപഭോക്തൃ വില സൂചിക. ലോകത്ത് ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ ഏഴും സ്വിറ്റ്‌സർലണ്ടിലാണ്. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ 15-ാം സ്ഥാനത്താണ് ദോഹ. ദക്ഷിണ കൊറിയയിലെ ബുസാൻ ആണ് ഏഷ്യയിലെ ഏറ്റവും ചെലവേറിയ നഗരം. രണ്ടാം സ്ഥാനം സിംഗപ്പൂരിനാണ്. ഷാർജ 30ാം സ്ഥാനത്തും റിയാദ് 40ാം സ്ഥാനത്തും ജിദ്ദ 49ാം സ്ഥാനത്തുമാണ്.