ഒറ്റ ദിവസം കൊണ്ട് സർവ പെർമിറ്റുകളും; തൊഴിൽ നിയമങ്ങൾ ഏകീകരിക്കും; നികുതി കുറയ്ക്കും; എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിയമങ്ങളാക്കും; നടപടികൾ എല്ലാം ഓൺലൈനിലൂടെ; ഇന്ത്യയെ ലോക ബിസിനസ്സ് കേന്ദ്രം ആക്കാൻ മോദി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത് ആറ് മാസം മാത്രം
ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ പോയാൽ പുലിവാല് പിടിക്കുന്നതിന് സമമാണെന്ന പരമ്പരാഗത വിശ്വാസത്തെ ഇല്ലാതാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് മോദി സർക്കാർ. അതിന്റെ ഭാഗമായി ബിസിനസ്സ് രജിസ്ട്രേഷൻ സംബന്ധിച്ച നൂലാമാലകൾ ഇല്ലാതാക്കി രജിസ്ട്രേഷൻ ഒരൊറ്റ ദിവസം കൊണ്ട് പ്രാവർത്തികമാക്കാവുന്ന സൗകര്യം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇപ്പോ
- Share
- Tweet
- Telegram
- LinkedIniiiii
ഇന്ത്യയിൽ ബിസിനസ്സ് ചെയ്യാൻ പോയാൽ പുലിവാല് പിടിക്കുന്നതിന് സമമാണെന്ന പരമ്പരാഗത വിശ്വാസത്തെ ഇല്ലാതാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് മോദി സർക്കാർ. അതിന്റെ ഭാഗമായി ബിസിനസ്സ് രജിസ്ട്രേഷൻ സംബന്ധിച്ച നൂലാമാലകൾ ഇല്ലാതാക്കി രജിസ്ട്രേഷൻ ഒരൊറ്റ ദിവസം കൊണ്ട് പ്രാവർത്തികമാക്കാവുന്ന സൗകര്യം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇപ്പോൾ ഇത്തരം രജിസ്ട്രേഷൻ പ്രക്രിയകൾ പൂർത്തിയാകാൻ 27 ദിവസമാണെടുക്കുന്നത്.
എല്ലാ തൊഴിൽ നിയമങ്ങൾക്കും ഒരൊറ്റ രജിസ്ട്രേഷൻ, നേടേണ്ട പെർമിറ്റുകളുടെ എണ്ണത്തിൽ ഇളവ്, പ്രോപ്പർട്ടി രജിസ്ട്രേഷനിലെ ലളിതവൽക്കരണം, വൈദ്യുതി കണക്ഷൻ എളുപ്പത്തിൽ ലഭ്യമാക്കൽ തുടങ്ങിയവ നടപ്പിലാക്കിയാണ് രജിസ്ട്രേഷൻ വേഗത്തിലാക്കുന്നത്. ഇന്ത്യയെ ഒരു നിക്ഷേപ സൗഹൃദ രാജ്യമാക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. ഇത്തരം മാറ്റങ്ങൾ ഫലപ്രദമായി നടപ്പിലാക്കി ഇന്ത്യയെ ലോകബിസിനസ്സിന്റെ കേന്ദ്രമാക്കാൻ മോദി ഉദ്യോഗസ്ഥർക്ക് ആറുമാസമാണത്രെ നൽകിയിരിക്കുന്നത്.
ആഗോളതലത്തിലുള്ള ബിസനസ്സ് രംഗത്ത് ഇന്ന് ഇന്ത്യക്ക് അത്ര നല്ല സ്ഥാനമല്ല ഉള്ളത്. ബിസിനസ്സ് ചെയ്യാൻ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ ഒരു പട്ടിക (ഈസ് ഓഫ് ഡുയിങ് ബിസിനസ്സ് ഇൻഡക്സ്) 2014ൽ ലോകബാങ്ക് ഇറക്കിയിട്ടുണ്ട്. അതിലുൾപ്പെട്ട 189 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ഇതിൽ ചൈനയുടെ സ്ഥാനം 96ഉം പാക്കിസ്ഥാന്റെ സ്ഥാനം 110ഉം ബംഗ്ലാദേശിന്റെ സ്ഥാനം 130 ഉം ആണ്. അതായത് ഇവരെല്ലാം ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണെന്ന് ചുരുക്കം. ഈ പട്ടികയിലെ ഏറ്റവും ആദ്യത്തെ 50 രാജ്യങ്ങളിൽ ഇന്ത്യയെ എത്തിക്കുമെന്നാണ് മെയ്ക്കിങ് ഇന്ത്യ ക്യാംപയിൻ ലോഞ്ച് ചെയ്യുന്ന വേളയിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്.
വ്യാവസായിക മേഖലയിലെ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ദി ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷനെ(ഡിഐപിപി)യാണ് നോഡൽ ഏജൻസിയാക്കി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റങ്ങൾ മൂന്ന് മുതൽ ആറ് മാസത്തിനിടെ നടപ്പിൽ വരുത്താനാണ് ഡിഐപിപി രൂപരേഖ തയ്യാറാക്കുന്നത്. ഇതിനനുസൃതമായി ഭരണവ്യവസ്ഥകളും പരിശോധനകളിലും മാറ്റം വരുത്തി നിക്ഷേപത്തിനനുകൂലമാക്കാൻ ഡിഐപിപി എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപത്തിന് അനുകൂലമായ കാലാവസ്ഥയുണ്ടാക്കാൻ കേന്ദ്രം നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ സംസ്ഥാനങ്ങളും പങ്ക്ചേരും.അതിന്റെ ഭാഗമായി വ്യവസായവുമായി ബന്ധപ്പെട്ട ഭരണവ്യവസ്ഥകളിൽ പരിഷ്കരണങ്ങൾ വരുത്തുകയും കാലതാമസമൊഴിവാക്കുകയും ചെയ്യാനും സംസ്ഥാനങ്ങളും തയ്യാറാകും.
വ്യവസായവുമായി ബന്ധപ്പെട്ട നികുതി വ്യവസ്ഥയിലാണ് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാകാൻ പോകുന്നത്. ഇതുപ്രകാരം വിവിധ നികുതികൾ പരമാവധി ഒഴിവാക്കുകയും നികുതികൾക്കെല്ലാം ഓൺലൈൻ പേമെന്റ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. എഡ്യുക്കേഷൻ ആൻഡ് ഹയർ എഡ്യുക്കേഷൻ സെസ്സ്, ഡിവിഡന്റ് , വിത്ത്ഹോൾഡിങ് ടാക്സുകൾ എന്നിവ കോർപ്പറേഷൻ ടാക്സിന് കീഴിലാക്കുമെന്നാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. സ്പെഷ്യൽ എക്കണോമിക്സ് സോണുകളിലെ(സെസ്) ഡെവലപർമാർ, സെസുകളിലെ യൂണിറ്റുകൾ എന്നിവയ്ക്കുള്ള മിനിമം ആൾട്ടർനേറ്റ് ടാക്സ്(മാറ്റ്) റദ്ദാക്കും. നികുതി മേഖലയിൽ ഡയറക്ട് ടാക്സ് കോഡും ഗുഡ്സ് ആൻഡ് സർവീസ് ടാക്സും(ജിഎസ്ടി)നടപ്പിലാക്കും.
ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഡിഐപിപി വിവിധ മന്ത്രാലയങ്ങൾക്കും ഡിപ്പാർട്ട്മെന്റുകൾക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. റിസ്കുകൾ കുറഞ്ഞ ബിസിനസ്സുകൾക്ക് ഇൻസ്പെക്ഷനുകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. സിംഗിൾ വിൻഡോ ക്ലിയറൻസ് സിസ്റ്റം നടപ്പിലാക്കുന്നതിൽ എല്ലാ സംസ്ഥാനങ്ങളും ഒരേ രീതിയിലുള്ള നയങ്ങളും പ്രക്രിയകളും പിന്തുടരണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി കംബൈൻഡ് ആപ്ലിക്കേഷൻ ഫോമിലൂടെയുള്ള അപേക്ഷ പരിഗണിക്കേണ്ടതുണ്ട്.
പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡിഐപിപി മലേഷ്യ, ന്യൂസീലാൻഡ്, കാനഡ, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളിൽ ഈ രംഗത്ത് നടപ്പിലാക്കിയ മാതൃകകൾ പരിശോധിക്കുന്നുണ്ട്. ബിസിനസ്സ് ആരംഭിക്കാൻ നിശ്ചിത മൂലധനം വേണമെന്ന നിബന്ധന ഒഴിവാക്കാനും നിർദ്ദേശമുണ്ട്. 90 രാജ്യങ്ങളിൽ അത്തരം നിബന്ധനകളൊന്നും നിലനിൽക്കുന്നില്ല. വ്യവസായത്തിന് വേണ്ടി വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന് പ്രാധാന്യം നൽകുന്നുണ്ട്. വ്യവസായവുമായി ബന്ധപ്പെട്ടുള്ള കെട്ടിടനിയമങ്ങൾ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ലഘൂകരിക്കാനും പദ്ധതിയുണ്ട്.