- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ; ഡോളർ- സ്വർണക്കടത്ത് കേസുകൾ പ്രതിസന്ധിയിൽ; കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് ഭാഗികമായി അടച്ചു
അന്വേഷണ ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡോളർ- സ്വർണ്ണക്കടത്ത് കേസുകളിൽ അന്വേഷണം നിലച്ചു. ഈ കേസുകൾ അന്വേഷിച്ച കസ്റ്റംസ്, ഇഡി, എൻഐഎ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതാണ് കാരണം. മെയ് പകുതിയോടെ മാത്രമേ ഇനി അന്വേഷണം പുനഃരാരംഭിക്കാൻ സാധ്യതയുള്ളൂ.
സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഡോളർ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പോയിരുന്നു. പിന്നാലെ പ്രിവന്റീവ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രോഗബാധയുണ്ടായി. തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് ഭാഗികമായി അടച്ചത്. ഇതോടെ സ്വർണ്ണക്കടത്ത്/ഡോളർ കേസുകളിൽ അന്വേഷണം നിലച്ച മട്ടാണ്. സ്പീക്കർ ഉൾപ്പെടെയുള്ളവരുടെ തുടർ ചോദ്യംചെയ്യൽ നീണ്ടേയ്ക്കും.
അതേസമയം എൻഐഎ ആസ്ഥാനത്തും ഇഡി ഓഫിസിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഡോളർക്കടത്തിലടക്കം സമയബന്ധിതമായി അന്വേഷണം നടന്നില്ലെങ്കിൽ അത് കേസിനെ ബാധിക്കുമെന്ന ആശങ്ക ഏജൻസിക്കുണ്ട്. ഇഡിക്കും, കസ്റ്റംസിനുമൊപ്പം എൻഐഎ ഉദ്യോഗസ്ഥരിൽ പലരും കോവിഡ് ക്വാറന്റീനിലാണ്. തീവ്രവാദ കേസുകളിലടക്കം അന്വേഷണത്തെ ഇത് കാര്യമായി ബാധിക്കുന്നുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ