കൊച്ചി: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് കസ്റ്റംസിന്റെ സത്യവാങ്മൂലം. സ്വപ്‌നാ സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് സത്യവാങ്മൂലം. മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന വെളിപ്പെടുത്തൽ സ്വപ്‌ന നടത്തിയെന്നാണ് കസ്റ്റംസ് വിശദീകരണം. ഇതിന്റെ പകർപ്പ് മറുനാടന് കിട്ടി. തെരഞ്ഞെടുപ്പ് കാലത്ത് ഡോളർ കടത്തിനെ പുതിയ തലത്തിലെത്തിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. കസ്റ്റംസിന്റേത് ഞെട്ടിക്കുന്ന വെളിപ്പത്തൽ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

ശിവശങ്കർ രാഷ്ട്രീയക്കാർക്കും കോൺസുലേറ്റിനും ഇടയിലുള്ള കണ്ണിയാണെന്നും കസ്റ്റംസ് പറയുന്നു. മൂന്ന് മന്ത്രിമാർക്കും പങ്കുണ്ട്. ഇത് ആദ്യമായാണ് കോൺസുലേറ്റുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസ് നിലപാട് എടുക്കുന്നത്. പഴയ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഒരു പേഴ്‌സണൽ സ്റ്റാഫിനും ഇതിൽ പങ്കുണ്ട്. കോൺസുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും സ്വർണം കടത്തിയെന്ന് സ്വപ്ന മൊഴി നൽകിയെന്നും വിശദീകരിക്കുന്നു.

ഇക്കാര്യത്തിൽ നടന്ന ഇടപാടിനെല്ലാം താൻ സാക്ഷിയാണെന്ന് സ്വപന പറയുന്നു. എല്ലാ ഇടപാടിനേയും കുറിച്ച് അറിയാമായിരുന്നു. അറബി ഭാഷ സ്വപ്‌നയ്ക്ക് അറിയമായിരുന്നു. ഇതുകൊണ്ട് തന്നെ മന്ത്രിമാരും മുഖ്യമന്ത്രിയും സ്പീക്കറും നടത്തിയ ഇടപാടെല്ലാം തനിക്ക് അറിയാമെന്നും സ്വപ്‌ന പറഞ്ഞതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുണ്ട്. കസ്റ്റംസ് കമ്മീഷണർ സുമത് കുമാർ നേരിട്ടാണ് ഈ സത്യവാങ്മൂലം കൊടുത്തിരിക്കുന്നത്. ഈ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ അതിനിർണ്ണായകമാകും.

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയരംഗത്തുള്ളവരെക്കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെന്റിന്റെ പ്രധാനവാദം. ശിവശങ്കറിൽനിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് കസ്റ്റംസിന്റെ ഇടപെടലും.

ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. തിരുവനന്തപുരം എസ്‌ബിഐ ബ്രാഞ്ചിലെ ലോക്കറിൽനിന്ന് കണ്ടെത്തിയ കണക്കിൽപെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണ്. ശിവശങ്കരൻ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴിവയ്ക്കും. ഇതുവരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജി വേഗത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ശിവശങ്കറിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നാണ് ഹരജിയിൽ ഇഡി ഉയർത്തുന്ന വാദം. അതേസമയം, കേസിൽ എം ശിവശങ്കർ തടസ്സഹരജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഒക്ടോബർ 28നാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യപ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽകൂടി ജാമ്യം കിട്ടി ശിവശങ്കർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇഡി സുപ്രിംകോടതിയെ സമീപിച്ചത്.