ദോഹ: ഖത്തർ ഫോറിൻ എക്‌സ്‌ചേഞ്ചുകളിൽ യുഎസ് ഡോളറിന് ക്ഷാമം. ഡോളറിന് ആവശ്യക്കാർ ഏറിയതും ഷിപ്‌മെന്റുകൾ തടസപ്പെട്ടതുമാണ് ക്ഷാമം ഉണ്ടാകാൻ പ്രധാനകാരണമെന്ന് വിലയിരുത്തുന്നു. ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി, ബഹ്‌റിൻ, യുഎഇ എന്നീ രാജ്യങ്ങൾ വിഛേദിച്ചതോടെ ചിലർ തങ്ങളുടെ സമ്പാദ്യം റിയാലിൽ നിന്ന് യുഎസ് ഡോളറിലേക്ക് മാറ്റിയതാണ് ഡോളറിന് വൻ ഡിമാൻഡ് വർധിക്കാൻ കാരണമായതെന്നും ഫോറിൻ എക്‌സ്‌ചേഞ്ച് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

ഖത്തർ റിയാലിന്റെ മൂല്യം നിലനിർത്താൻ രാജ്യത്തിന്റെ വലിയ അളവിലുള്ള വിദേശ ഡോളറിന്റെ നിക്ഷേപം ഉപയോഗപ്പെടുത്തേണ്ടിവരും. എന്നാൽ ഈ വിഷയത്തിൽ അധികം ആശങ്കവേണ്ടെന്നാണ് ഖത്തർ ധനകാര്യമന്ത്രിയുടെ പ്രതികണം. ഖത്തറിന്റെ സാമ്പത്തിക നില വളരെ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നഗരത്തിലെ മിക്ക ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനത്തിലും ഡോളറില്ലാത്ത അവസ്ഥയാണ്.

മിക്ക സ്ഥാപനങ്ങളുടെയും മുന്നിൽ കറൻസി എക്സ്ചേഞ്ചിനായി നിരവധിപ്പേരാണ് ക്യൂവിൽ നിൽക്കുന്നത്. എന്നാൽ ഈ സമയത്ത് ഇത് അതിശയമുള്ള കാര്യമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പലരും റംസാൻ മാസത്തിൽ വിനോദയാത്രകൾക്ക് പോകാറുണ്ട്. ഇങ്ങനെയുള്ളപ്പോൾ പലരും കറൻസി എക്സ്ചേഞ്ചിനായി എത്താറുണ്ടത്രെ. അതേസമയം എക്സ്ചേഞ്ചുകളിൽ യൂറോ, യുകെ പൗണ്ട് എന്നിവയുടെ ശേഖരം ധാരാളമായി ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.