തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റർ ജനറൽ പി വിജയകുമാറാണ് നിയമോപദേശം നൽകിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സഭാസമ്മേളനത്തിന് ശേഷമായിരിക്കും സ്പീക്കറെ അന്വേഷണ സംഘം ചോദ്യം ചെയ്യുക.

സഭ സമ്മേളിക്കുന്ന വേളയിൽ ചോദ്യംചെയ്യൽ ഒഴിവാക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഉപദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ സ്പീക്കറിലേക്കും നീളുന്നത്.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണ് ഡോളർ കടത്തിലും കസ്റ്റംസ് കേസെടുത്തത്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഇരുവരും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചാണ് കെ അയ്യപ്പനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തത്. .സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ തേടിയാണ് അയ്യപ്പനെ വിളിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ തത്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയിൽ ഉണ്ടായിരുന്നത്. അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. എന്നാൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ്, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ ചട്ടമെന്ന രൂക്ഷവിമർശനങ്ങളോടെ നിയമസഭാ സെക്രട്ടറിക്ക് മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനം നടക്കുന്നതിനിടെ അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരായത്.

ആരോപണം ഉയർന്നതോടെ സ്പീക്കർ സ്ഥാനം പി ശ്രീരാമകൃഷ്ണൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ താൻ അഴിമതി നടത്തിയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കുമെന്നായിരുന്നു സ്്പീക്കർ പ്രതികരിച്ചത്.