നയമുട്ടം സുര. എന്തൊരുപേരാണത്! ഓർമ്മയുണ്ടോ ഈ മുഖമെന്ന് പുതിയകാല പയ്യന്മാരോട് ചോദിക്കേണ്ടവിധം വർഷത്തിൽ രണ്ടോമൂന്നോ ചിത്രങ്ങൾ മാത്രമാക്കി ചാനലുകളിൽ 'ദേപോയി ദാ വന്നുകൊണ്ടിരിക്കുന്ന' അനുഗ്രഹീത നടൻ സുരേഷ് ഗോപിക്ക് വ്യാവസായിക മലയാള സിനിമയിലേക്കുള്ള തിരിച്ചുവരുവുകൂടിയാവുകയാണ്. ചാരായ കച്ചവടത്തിൽനിന്ന് ബാർമുതലയാളിയായി പടർന്നുപന്തലിച്ച ഈ സുരപാലൻ.'ഡോൾഫിൻസിന്റെ' മികച്ച വിജയം ഭരത് ചന്ദ്രൻ ഐ.പി.എസ് പോലെതന്നെ സുരേഷ് ഗോപിക്ക് ഒരു മൂന്നാം ജന്മം നൽകിയിരിക്കയാണ്. മലയാള വാണിജ്യ സനിമക്ക് ഒരു നല്ല നടനെ തിരച്ചുകൊണ്ടുതന്നതിന് സംവിധായകൻ ദീപനോടും എഴുത്തുകാരനും സഹനടനുമായ അനൂപ് മേനോനോടും നന്ദി പറയാം.

പക്ഷേ അതിമനോഹരമോ, അതീവ വ്യത്യസ്തവുമായ കാഴ്ചയൊന്നുമല്ല 'ഡോൾഫിൻസ് ' നൽകുന്നത്. അതിന്റെ അണിയറ പ്രവർത്തകർ ആരും അങ്ങനെ അവകാശപ്പെടുന്നുമില്ല. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെവാങ്ങുന്ന സമകാലീന അനുഭവം ഈ സിനിമയിൽ നിന്ന് ഉണ്ടാവില്ല. ചിലേടത്തൊക്കെ വെറുപ്പിക്കലുകൾ ഉണ്ടെങ്കിലും രണ്ടരമണിക്കൂർ സമയം തീരുന്നത് അറിയില്ല. പടം തുടങ്ങി അരമണിക്കൂറിനുള്ളിൽതന്നെ എങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽമതി എന്ന അവസ്ഥയുള്ള കെട്ടുകാഴ്ചകൾക്കിടയിൽ ഇതു ഒരു ആശ്വാസമാണ്. മാത്രമല്ല, സമകാലീന കേരളീയ സാഹചര്യത്തിൽ നഗ്‌നമായ ചില ഇടപെടലുകളും ചിത്രം നടത്തുന്നുണ്ട്.

വിലക്കപ്പെട്ട കനി തിന്നുമ്പോൾ

രു പ്രതിഷേധത്തിന്റെ പേരിലായാൽപ്പോലും ഒരുസ്ത്രീയും പുരുഷനും ചുംബിക്കാനൊരുങ്ങിയാൽ അവരെ വടിവെട്ടി തല്ലിയോടിക്കുന്ന സമകാലീന കേരളത്തിൽ 'നിരോധിക്കപ്പെടേണ്ട' സിനിമയാണിത്. ലൈംഗികതയും, മദ്യപാനവും, മദ്യനിർമ്മാണവുമായി 'വിലക്കപ്പെട്ടെതെന്ന്' സദാചാരവാദികൾ ചാപ്പയടിച്ച വഴികളിലൂടെയാണ് കഥയും തിരക്കഥയും ഒരുക്കിയ അനൂപ്‌മേനോന്റെ സഞ്ചാരം. അതിനുള്ളിലൂടെ സംഗീതവും, പരമ്പരക്കൊലപാതകവും വരുന്നുണ്ട്. എന്നാൽ ഒരിടത്തും സിനിമ വൾഗാരിറ്റിയിലേക്ക് വഴുതിവീഴുന്നില്ല എന്നതിനാൽ സംവിധായകൻ ദീപനും കൊടുക്കണം ഒരുഷേക്ക് ഹാൻഡ്.[BLURB#1-H]

കൈത്തണ്ട മുറിച്ചാൽ ചോരക്കുപകരം ചാരായം വരുന്ന മദ്യരാജാവാണ് പനയമട്ടം സുര. വാറ്റടുപ്പിൽ നാടൻ കാച്ചിക്കൊണ്ട് തുടങ്ങിയ സുര ഇന്ന് നാൽപ്പത്തെട്ട് ബാറുകളുള്ള മദ്യരാജാവാണ്. പക്ഷേ അയാൾ 'ആനക്കാട്ടിൽ ഈപ്പച്ചനെപോലെ' ( 'ലേലത്തിലെ' സോമൻ) ഒരു തുള്ളി കുടിക്കയുമില്ല. ബെൻസും, ഓഡിയും, ജാഗ്വിറുമൊക്കെയുണ്ടായിട്ടും സുരക്ക് മനസ്സമാധനം മാത്രമില്ല. അജ്ഞാതമായ മരണഭയവും, തനിക്ക് ആരും അർഹിക്കുന്ന വില നൽകുന്നില്ലെന്ന പ്രാഞ്ചിയേട്ടൻ കോംപ്‌ളക്‌സും അയാളെ അലട്ടുന്നു. കേരളത്തിലെ ഏത് പുത്തൻപണക്കാരെയുംപോലെ ജ്യോതിഷവും, കൂടോത്രവും, സ്‌പോക്കൺ ഇംഗ്‌ളീഷ് പഠനവും, ആത്മകഥ സിനിമയാക്കലുമായി അയാൾ നടത്തുന്ന കോപ്പിരാട്ടികൾ ശരിക്കും ചിരിയുണർത്തുന്നു.

സുരക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നഗരത്തിലെ സ്ത്രീകൾക്കുവരെ വരാൻ കഴിയുന്ന സംഗീതസാന്ദ്രമായ തന്റെ ഡോൾഫിൻ ബാർ. (അപ്പോഴാണ് ഇത് കേരളം തന്നെയാണോയെന്ന് നമുക്ക് സംശയം തോന്നുന്നത്. പരപ്പനങ്ങാടിയിൽ ഒരു ഹോട്ടലിൽ ഒന്നിച്ച് ചായ കുടിച്ച വ്യത്യസ്ത മത വിഭാഗക്കാരായ യുവാവിനെയും യുവതിയെയും സദാചാരപൊലീസ് കൈകാര്യം ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.) പതിവുപോലെ കോടീശ്വരനായ അനൂപ്‌മേനോന്റെ കഥാപാത്രം അവിടെ പാട്ടും കൂത്തും സ്ത്രീകളെ 'വളക്കലുമായി' കഴിഞ്ഞുപോവുന്നു. നഗരത്തിൽ അടുപ്പിച്ചടുപ്പിച്ച് കൊലപാതകങ്ങൾ നടക്കുന്ന സമയം. സുര മരണഭയത്താൽ ഒന്നുകൂടി അസ്വസ്ഥനാകുന്ന സമയത്ത് ഡോർഫിൻ ബാർ ക്രൂ കടപ്പുറത്ത് കാറ്റുകൊള്ളാൻ പോവുന്നു. അപ്പോഴാണ് കുപ്പിയിലടച്ച ഭൂതത്തെപോലെ കുപ്പിയിലടച്ച ഒരു എഴുത്തായി ആദ്യത്തെ ട്വിസ്റ്റ് വരുന്നത്. 'ഞാനിത് ഒരു വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് എറിയുകയാണെന്നും ഇത് ഒരു പുരുഷന്റെ കൈയിൽ കിട്ടിയാൽ അയാൾ ആരായാലും ഞാൻ അയാളുടെ പെണ്ണായിരിക്കുമെന്ന്' കത്ത് ഫോൺനമ്പർ സഹിതം പറയുന്നു. അതോടെ സുരയുടെ ജീവിതം മാറിമറിയുന്നു. ശേഷം സ്‌ക്രീനിൽ. സുരയെ പ്രണയിപ്പിക്കാൻ അനൂപ് പഠിപ്പിക്കുന്നതും, ബൗദ്ധിക അടിമത്തം സ്ത്രീകളിൽ എങ്ങനെയുണ്ടാക്കാമെന്ന് ക്‌ളാസ്‌കൊടുക്കുന്നതുമൊക്കെ കൂട്ടച്ചിരി തീയേറ്ററിൽ ഉയർത്തുന്നുണ്ട്. അനൂപ് ജയസൂര്യ കോമ്പിനേഷൻപോലെ, സുരേഷ്‌ഗോപി ചേരുവക്കും ചേർച്ചയുണ്ട്. [BLURB#2-VR] 'രാജമാണിക്യത്തിൽ' മമ്മൂട്ടി ഹിറ്റാക്കിയ തിരുവനന്തപുരം സ്‌ളാങ്ങ് സുരേഷും മോശമാക്കുന്നില്ല. മുത്തശ്ശിക്കഥപോലുള്ള ഈ കടപ്പുറം എപ്പിസോഡ് മാത്രം വികസിപ്പിച്ചാൽ ഒന്നാന്തരമൊരു കഥയാക്കാമെന്നിരിക്കെ, അതിൽ കൊലപാതക പരമ്പരയുടെ സമാന്തര ട്രാക്കുകൂടി വന്നത് ചിലയിടത്തൊക്കെ കല്ലുകടിയാവുന്നുണ്ട്. ചില രംഗങ്ങൾ പഴയ സിനിമകളെ ഓർമ്മിപ്പിക്കയും ചെയ്യുന്നു. ഒരിടത്ത് തോക്കെടുത്ത് അലറി സുരേഷ് ഗോപി പഴയ ബോറടിക്കാലം ഓർമ്മിപ്പിക്കുന്നുമുണ്ട്. തുടക്കത്തിലെ ചില സീനീകളിൽ സംവിധായകന് കുറച്ചകൂടി ശ്രദ്ധിക്കാമായിരുന്നു. അടുത്തകാലത്തെ സിനിമകളിൽ വലിയ ബോറായി മുഴച്ചുനിന്ന സംഗീതം നന്നായതാണ് ഈ ബാറിലെ ലഹരികൂട്ടുന്നത്.

സംഗീത സംവിധായകൻ എം.ജയചന്ദ്രനും, പശ്ചാത്തല സംഗീതമൊരുക്കിയ ഗോപിസുന്ദറും അഭിനന്ദനം അർഹിക്കുന്നു. 'ഓ, മൃദുലേ' എന്ന പഴയഗാനം മനോഹരമായി റീ മിക്‌സ്‌ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാടമൂടിന്റെയും, കൽപ്പനയുടെയും, സൈജുകുറുപ്പിന്റെയും വേഷങ്ങൾ വ്യത്യസ്തമായിട്ടുണ്ട്. 'പുതിയ മുഖം' എന്ന സിനിമയിലൂടെ പ്രതീക്ഷയുണർത്തി തുടങ്ങിയ സംവിധായകൻ ദീപന് പിന്നീട് ആ രീതിയിലുള്ള വിജയങ്ങൾ കിട്ടിയിട്ടില്ല എന്ന ക്ഷീണവും ഇതോടെ തീരും. വെള്ളച്ചാട്ടത്തിലൂടെ കുപ്പി തുള്ളിച്ചാടി പ്രവഹിക്കുന്ന സീനുകളിലൊക്കെ ദീപൻ എന്ന സംവിധായകന്റെ കൈയൊപ്പുണ്ട്.

വാക്കുകൾകൊണ്ട് ഇന്ദ്രജാലമൊരുക്കി അനൂപ്

ടുത്തകാലത്ത് മലയാളത്തിൽ കണ്ട ഏറ്റവും നല്ല സംഭാഷണങ്ങളുള്ള സിനിമകളിൽ ഒന്നാണിത്. വാക്കുകൾകൊണ്ട് കൊതിപ്പിക്കുന്ന കാൽപ്പനികതയൊരുക്കുന്ന അനുപ്‌മേനോന്റെ ഇന്ദ്രജാലം ഒന്നുവേറെ തന്നെയാണ്. സത്യത്തിൽ അഭിനയത്തേക്കാൾ അനൂപ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എഴുത്തിലാണെന്ന് തോന്നുന്നു. അനൂപിന് ഒപ്പം നില്ക്കുന്നവരോ, മികച്ചവരോ ആയതായ എത്രയോ നടന്മാർ മലയാളത്തിലുണ്ട്. എന്നാൽ അനൂപിന്റെ തൂലികക്ക് ഒപ്പം നിൽക്കുന്നവർ കുറവും.

[BLURB#4-VL] ആദ്യ ചിത്രമായ 'പകൽനക്ഷത്രങ്ങളിൽ' അനൂപ് ഒരുക്കിയ വിഭ്രമിപ്പിക്കുന്ന വാക്കുൾ അത്രപെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സിൽനിന്ന് മായില്ല. തുടർന്നുവന്ന ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയവയൊക്കെ വ്യത്യസ്തമായ കഥാപരിസരങ്ങൾകൊണ്ടും ശക്തമായ സംഭാഷണങ്ങൾകൊണ്ടും മിഴിവാർന്നിരുന്നു. ( കോപ്പിയടി പ്രശ്‌നമുള്ളതുകൊണ്ടാണ് അനൂപിന്റെ തന്നെ 'കോക്ക് ടെയിലിനെ' ഈ ലിസ്റ്റിൽ പെടുത്താത്തത്) ഒരേസമയത്ത് ഫിലോസഫിയായും നർമ്മമായും ഉപയോഗിക്കാവുന്ന ഒരുപാട് സാധനങ്ങൾ ഈ സിനിമയിലും അനൂപ് കൈയിൽനിന്ന് ഇട്ടിട്ടുണ്ട്. ചത്ത സംഭാഷണങ്ങൾകേട്ടുമടുത്ത, ഉദയകൃഷ്ണസിബി.കെ തോമസ് ടീമിനെപ്പോലെ ഫോർമുല എഴുത്തുകാർ മാത്രം വിജയിക്കുന്ന മലയാള സിനിമയിൽ അനൂപിനെപ്പോലുള്ളവർ സജീവമാകേണ്ടത് അത്യാവശ്യമാണ്.

വ്യത്യസ്ത വേഷവുമായി കൽപ്പന

സുരേഷ്‌ഗോപിയുടെ നായികയായി നടി കൽപ്പനവരുമെന്ന് അഞ്ചുവർഷം മുമ്പുവരെ നമുക്ക് ചിന്തിക്കാൻ കഴിയുമായിരുന്നോ. എത്രയൊക്കെ വിമർശിച്ചാലും ന്യൂ ജനറേഷൻ തരംഗമുണ്ടാക്കിയ ഭാവുകത്വപരമായ മാറ്റം തന്നെയാണത്. താരത്തിനല്ല, കഥാപാത്രത്തിനാണ് പ്രാധാന്യമെന്ന് അവരാണെല്ലോ മലയാള സിനിമയെ പഠിപ്പിച്ചത്. ഒരു കാമ്പുമില്ലാത്ത തറക്കോമഡി വേഷങ്ങളിൽ തളച്ചിട്ടുപോയ കൽപ്പനയെന്ന പ്രതിഭാശാലിയായ നടിക്ക് വല്ലപ്പോഴും മാത്രമാണ് ആത്മാവുള്ള കഥാപാത്രങ്ങളെ കിട്ടാറ്. ഈ അവസരം അവർ തകർക്കുകതന്നെ ചെയ്തു. അവസാനരംഗങ്ങളിൽ പ്രേക്ഷകന്റെ കണ്ണുനിറക്കാൻ പര്യാപ്തമാണ് കൽപ്പനയുടെ സൗണ്ട് മോഡുലേഷൻ.

പക്ഷേ ഈ കഥാപാത്രസൃഷ്ടിയുടെ പേരിൽ സ്ത്രീവിരുദ്ധത ആരോപിച്ച് ഫെമിനിസ്റ്റുകൾ തിരക്കഥാകൃത്ത് അനൂപ് മേനോനെതിരെ തിരിയാനും സാധ്യതയുണ്ട്. കടുംബത്തിനുവേണ്ടി എല്ലാം സഹിക്കുന്ന പതിവ്രതയായ സർവംസഹയുടെ റോളിലാണ് കൽപ്പന. ഭർത്താവിൽ ഒരു വ്യഭിചാരശങ്കയുണ്ടാവുമ്പോൾ 'അണ്ണന് ഞാൻ തികയാതായി അല്ലേ' എന്ന് സൗമ്യമായി ചോദിച്ചുകൊണ്ട് അവർ പറയുന്നത് ഇങ്ങനെയാണ്. 'കുട്ടികളൊക്കെ വലുതായില്ലേ, ഇനീം ഇങ്ങനെ നാറ്റിക്കരുത്. ഇതിനൊക്കെയാണ് ആളുകൾ ബാങ്കോക്കിലൊക്കെ പോവുന്നതെന്ന് പറയുന്നത് കേൾക്കാറുണ്ടെന്ന്'. ഒരുപക്ഷേ മലയാളി കുടുംബങ്ങളിലെ മാറിയ സാമൂഹിക അന്തരീക്ഷംവച്ച് അനൂപ് ബോധപൂർവം ഉൾപ്പെടുത്തിയതുമാവാം ഇത്.

താരജാടകളില്ലാതെ സുരേഷ്‌ഗോപി

ലയാള സിനിമയിൽ ഇത് തിരച്ചുവരവുകളുടെ കാലം കൂടിയാണ്. എട്ടുനിലയിൽ പടങ്ങൾ പൊട്ടിനിന്ന മമ്മൂട്ടിയിതാ 'വർഷവും','രാജാധിരാജയും', 'മുന്നറിയിപ്പും' നൽകിയ ബലത്തിൽ അടുത്ത രണ്ടുവർഷത്തേക്ക് ഡേറ്റില്ലാത്ത വിധം അരങ്ങുതകർക്കുന്നു. പനയമുട്ടം സുരയിലുടെ ഇപ്പോൾ സുരേഷ് ഗോപിയും. മുൻകാല സിനിമകൾ സുരേഷ്‌ഗോപിയെന്ന അതിമാനുഷനായ താരത്തെയാണ് ഫോക്കസ്‌ചെയ്തതെങ്കിൽ ഇതിൽ അദ്ദേഹം മാനുഷികമായ എല്ലാ ദൗർബല്യങ്ങളുമുള്ള പച്ചയായ മനുഷ്യനാണ്.


ഈ സിനിമക്കുശേഷം പുതുതായി നാലു സിനിമകൾകൂടി സുരേഷ്‌ഗോപിക്ക് കരാറായതായാണ് അറിയുന്നത്.'സുരേഷ് ഗോപിയോ, അങ്ങേരിപ്പോൾ സിനിമയൊക്കെ വിട്ട് ചാനൽഷോകളും നരേന്ദ്ര മോദിയുടെ പി.ആർ പണിയുമായി കാലം കഴിക്കയല്ലേ,' എന്ന് ഫേസ്‌ബുക്കിലുടെയൊക്കെ പരിഹസിച്ചവർക്കുള്ള മറുപടികൂടിയാണിത്.[BLURB#3-H]

ഇന്നലെയും, വടക്കൻവീരഗാഥയും, കളിയാട്ടവുമൊക്കെ കണ്ടവർക്ക് സുരേഷിന്റെ അഭിനയമികവ് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പക്ഷേ സൂപ്പർ താരമായതോടെ ഒരേ ടൈപ്പ് വേഷങ്ങൾചെയ്ത് അദ്ദേഹം ജനത്തെ തീയേറ്റിൽനിന്ന് ഓടിക്കാൻ നിർബന്ധിതരാക്കി. ഈ തിരിച്ചുവരവിലെങ്കിലും അദ്ദേഹം വിവേക പൂർവമായി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം 'അപ്പോത്തിക്കിരിയിലും' മികച്ച വേഷമായിരുന്നു മലയാളത്തിലെ പഴയ ക്ഷുഭിതയൗവനത്തിന്റെതെന്ന് പറയാതെവയ്യ.

വാൽക്കഷ്ണം: കെപിസിസി പ്രസിഡന്റ് വി എം സുധീരനൊക്കെ നിർബന്ധമായും കാണേണ്ട സിനിമയാണ് 'ഡോൾഫിൻസ്'. കേരളത്തിലെ ചാരായ നിരോധനം എങ്ങനെയാണ് മദ്യ മാഫിയയെ വളർത്തിയതെന്ന് സിനിമ കാണിച്ചുതരുന്നുണ്ട്. ഇനി ബാറുകളൊക്കെ പൂട്ടുന്നതോടെ കേരളത്തിൽ ആരാണ് വളർന്നുവരികയെന്ന കൃത്യമായ സൂചനയും ഇതിലുണ്ട്.