ന്യൂഡൽഹി: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര വിമാനയാത്രയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങൾ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വിമാനക്കമ്പനികളും വിമാനത്താവളങ്ങളുമായും ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ട്. ഒഡിഷ, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ പുറത്തുനിന്നു വരുന്ന യാത്രക്കാർ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധന വച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി കാര്യമായി ബാധിച്ച ആഭ്യന്തര വിമാന സർവീസ് മേഖലയാണ് രണ്ടു ഡോസ് വാക്‌സീൻ എടുത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന ആവശ്യം മന്ത്രാലയങ്ങൾക്കു മുന്നിൽ വച്ചത്. ഫെബ്രുവരി അവസാനം ആഭ്യന്തര യാത്രക്കാരുടെ എണ്ണം ദിവസവും മൂന്നു ലക്ഷം എന്ന സംഖ്യയിൽ എത്തിയിരുന്നു. അങ്ങനെ വ്യവസായം കരകയറാൻ ഒരുങ്ങവെയാണ് രണ്ടാം തരംഗം വീശിയടിച്ചത്.

അതോടെ ദിവസവും വിമാനയാത്ര നടത്തുന്നവരുടെ എണ്ണം 85,000 ആയി ചുരുങ്ങി. ഇതേത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടൽ, ശമ്പളം കുറയ്ക്കൽ, കരാറുകൾ പുനഃക്രമീകരിക്കൽ തുടങ്ങിയവ നടപ്പാക്കിയാണ് ആഭ്യന്തര വിമാന സർവീസ് കമ്പനികൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.

വിദേശ വിമാന യാത്രക്കാരുടെ കാര്യത്തിൽ ഈ ഇളവിന് കേന്ദ്രം തയാറല്ല. ജൂൺ 4ന് ചേർന്ന ജി7 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. കോവിഡ് ഇത്രയും വ്യാപകമായ പശ്ചാത്തലത്തിൽ പൂർണമായി വാക്‌സീൻ എടുത്തതിനാൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്ന മാറ്റം വരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും വിയോജിക്കുന്നു എന്നുമുള്ള നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ സ്വീകരിച്ചത്.