കുവൈറ്റ് സിറ്റി: സ്വദേശി വീടുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് നേരിടുന്നതായി റിപ്പോർട്ട്. നിലവിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് മുന്നിട്ടു നിൽക്കുന്നതെങ്കിലും കുവൈറ്റിലേക്ക് പുതുതായി എത്തുന്ന ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഗാർഹിക മേഖലയിൽ കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാർഹിക മേഖലയിൽ തൊഴിലാളികളെ ലഭ്യമാക്കണമെങ്കിൽ തൊഴിലുടമ മൂന്നുമാസത്തെ ശമ്പളം ബാങ്ക് ഗാരന്റിയായി നൽകണമെന്നതുൾപ്പെടെ നിബന്ധനകൾ മുന്നോട്ടുവച്ചതാണ് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പുതുതായി ഈമേഖലയിലേക്ക് റിക്രൂട്ടിങ് നടക്കാത്തതെന്നാണ് വിലയിരുത്തൽ. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വീട്ടുവേലക്കാരിൽ ഇന്ത്യക്കാർ ഒന്നാംസ്ഥാനത്തും രണ്ടാം സ്ഥാനത്ത് ഫിലിപ്പീനികളും മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നീ രാജ്യക്കാരുമാണ്. ഇന്ത്യ, ശ്രീലങ്ക, ഇത്യോപ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യക്കാരുടെ എണ്ണം ഗാർഹിക മേഖലയിൽ പൊതുവെ കുറഞ്ഞുവരുമ്പോൾ ഫിലിപ്പീൻ, ഘാന, മൊഗാദിശു എന്നിവിടങ്ങളിൽനിന്നുള്ളവരുടെ എണ്ണം കൂടുന്നു.

വേലക്കാർ, ഡ്രൈവർമാർ, പാചകക്കാർ തുടങ്ങി സ്വദേശി വീടുകളിൽ ജോലിചെയ്യുന്നവരിൽ അധികവും സ്ത്രീകളാണ്. 3,62,775 സ്ത്രീകൾ ഈ മേഖലയിൽ ജോലിചെയ്യുമ്പോൾ ഗാർഹിക മേഖലയിലെ പുരുഷ ജോലിക്കാരുടെ എണ്ണം 2,99,339 ആണ്. പുരുഷന്മാരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരും (2,17,155) രണ്ടാംസ്ഥാനത്ത് ബംഗ്‌ളാദേശുമാണ് (51,537) ഗാർഹിക തൊഴിലാളികളിൽ 58.6 ശതമാനം പേരും 25-39 പ്രായപരിധിയിലുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 6,62,114 ആണ്.