കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലിക്കെത്തിയ ഗാർഹിക തൊഴിലാളി സ്‌പോൺസർക്കൊപ്പം വിദേശയാത്ര നടത്തണമെങ്കിൽ പ്രത്യേക അനുമതി വേണമെന്ന് പുതിയ നിയമം നിലവിൽ വന്നു. അതേസമയം ഇത്തരത്തിൽ ഗാർഹിക തൊഴിലാളിയെ വിദേശയാത്രയ്ക്ക് കൂടെക്കൂട്ടാൻ കുവൈറ്റി സ്‌പോൺസർക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നും എടുത്തു പറയുന്നുണ്ട്.

സ്‌പോൺസർക്കൊപ്പം വിദേശത്തേക്ക് പോകുന്ന ഗാർഹിക തൊഴിലാളി ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റിൽ നേരിട്ടു ചെന്ന് വേണം അനുമതി വാങ്ങാൻ എന്ന് റസിഡൻസി അഫേഴ്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലായ് മാറഫി വ്യക്തമാക്കി. വിദേശത്തേക്ക് കൊണ്ടുപോകുന്ന ഗാർഹിക തൊഴിലാളിയെ കുവൈറ്റിന് പുറത്ത് ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് നിയമത്തിൽ പറയുന്നുണ്ട്. തൊഴിലാളിയുടെ അനുമതിയില്ലാതെ ഇത്തരത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവരെ എംപ്ലോയറുടെ ചെലവിൽ സ്വദേശത്തേക്ക് മടങ്ങി അയയ്ക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

ഡൊമസ്റ്റിക് ഹെൽപ്പറെ തനിക്കൊപ്പം വിദേശത്തേക്ക് ആറു മാസത്തെ കാലാവധിക്കു മുകളിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിലെ ഡൊമസ്റ്റിക് ഹെൽപ്പ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരിക്കണം. മാത്രമല്ല, തൊഴിലാളിക്ക് കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും ആറു മാസത്തിലധികം ജോലി ചെയ്യുന്നതിനും എതിർപ്പില്ല എന്ന് സമ്മത പത്രം എഴുതിവാങ്ങി മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണെന്ന് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.