പിറവം : അബുദാബിയിൽ വീട്ടുജോലിക്കായി കൊണ്ടുപോയ യുവതിയെ മലയാളികളായ വീട്ടുടമസ്ഥർ ഉപദ്രവിച്ചിരുന്നതായി പരാതി.പിറവം കക്കാട് ഇടയക്കാട്ട് ലിസി തങ്കച്ചനാണ് (55) രണ്ടു വർഷം മുമ്പ് പിറവം സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലേക്കാണ് കുട്ടിയെ നോക്കുന്നതിനും, വീട്ടുജോലിക്കായും പോയത്. ഒരു വർഷത്തേക്ക് പ്രശ്‌നം ഒന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് ദേഹോദ്രപം ഏൽപ്പിച്ചു തുടങ്ങി. ഇവരുടെ കുട്ടിയെ വേണ്ട വിധത്തിൽ നോക്കുന്നില്ലെന്ന് പറഞ്ഞ് കക്കാട് കിഴക്കേത്തോട്ടത്തിൽ അനു ആണ് ഉപദ്രവിച്ചിരുന്നതെന്ന് ലിസി പറയുന്നു.

കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ലിസി അവശനിലയിലായതിനാൽ എയർപോർട്ടിൽ നിന്നും പിറവത്തെത്തി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേഹത്ത് പലയിടങ്ങളിലും ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതിന്റേയും, മർദ്ദിച്ചതിന്റേയും പാടുകളുണ്ടന്ന് ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ തലയിൽ മുറിപ്പാടുമുണ്ട്.

അർധാബോധാവസ്ഥയിലാരുന്നു ലിസി- നെടുമ്പാശേരി എയർ പോർട്ടിലിറങ്ങിയത്. ഇതു സംബന്ധിച്ച് പൊലീസ് മൊഴി ശേഖരിച്ച് കേസെടുത്തിട്ടുണ്ട്. ലിസിയെ പിറവം ആശുപത്രിയിലെത്തി നഗരസഭ ചെയർ പേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, വെസ് ചെയർമാൻ കെ.പി. സലിം എന്നിവർ സന്ദർശിച്ചിരുന്നു. ഇതു സംബന്ധിച്ച് വനിത കമ്മീഷനും പരാതി നൽകുമെന്ന് ലിസിയുടെ കുടുംബാഗങ്ങൾ പറഞ്ഞു.