ജിദ്ദ: നിലവിലുള്ള എംപ്ലോയർ ശമ്പളം നൽകുന്നത് മൂന്നു മാസത്തേക്ക് മുടങ്ങിയാൽ ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസർഷിപ്പ് മാറ്റാമെന്ന് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം.ഗാർഹിക തൊഴിലാളികൾക്ക് നിലവിലുള്ള എംപ്ലോയറെ മാറ്റുന്നതിന് പുതുതായി പുറപ്പെടുവിച്ച നിയമാവലിയിലാണ് ശമ്പളം മുടങ്ങിയാലും സ്‌പോൺസർഷിപ്പ് മാറ്റാമെന്ന നിബന്ധന കൊണ്ടുവന്നത്. 13 കേസുകളിൽ ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസറെ മാറ്റാമെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

മതിയായ കാരണമില്ലാതെ തുടർച്ചയായോ ഇടവിട്ടോ എംപ്ലോയർ മൂന്നു മാസം ശമ്പളം മുടക്കിയാൽ തൊഴിലാളിക്ക് സ്‌പോൺസറെ മാറ്റാൻ അപേക്ഷ നൽകാം. കൂടാതെ രാജ്യത്തെത്തുമ്പോൾ തൊഴിലാളിയെ സ്വീകരിക്കാൻ സ്‌പോൺസർ എത്താതിരിക്കുകയോ അല്ലെങ്കിൽ രാജ്യത്ത് കാലുകുത്തിയ ശേഷം 15 ദിവസത്തിനുള്ളിൽ ഷെൽട്ടർ ഹോമിൽ നിന്ന് തൊഴിലാളിയെ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നപക്ഷവും സ്‌പോൺസർഷിപ്പ് മാറ്റാവുന്നതാണ്.

റെസിഡൻസി പെർമിറ്റ് നേടുന്നതിന് കാലതാമസം വരുത്തുക, കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിൽ റെസിഡൻസി പെർമിറ്റ് പുതുക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാലും തൊഴിലാളിക്ക് സ്‌പോൺസറെ മാറ്റാമെന്ന് നിയമത്തിൽ പറയുന്നു. സ്വന്തം സ്‌പോൺസറെ കൂടാതെ മറ്റു ബന്ധുക്കൾക്കോ മറ്റോ തൊഴിലാളിയുടെ സമ്മതമില്ലാതെ സേവനം ചെയ്യാൻ നിർബന്ധിക്കുക തുടങ്ങിയ കാരണങ്ങളാലും ഗാർഹിക തൊഴിലാളികൾക്ക് സ്‌പോൺസറെ മാറ്റാൻ അനുവാദം നൽകുന്നതാണ്.