മലപ്പുറം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവാദ സംവാദ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റിലും മുഖ്യമന്തിക്ക് അനിഷ്ടമുണ്ടാക്കുന്ന ചോദ്യങ്ങൾക്ക് വിലക്ക്. പി.എസ്.സി നിയമനങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാരും ചോദിക്കരുതെന്നും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച് നിർദ്ദേശങ്ങൾ മാത്രം ഉന്നയിച്ചാൽ മതിയെന്നുമാണ് നിർദ്ദേശം.

നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽവെച്ച് 200 വിദ്യാത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കും. മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം 15പേർക്ക്. പി എസ് സി നിയമനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ചോദ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതെന്നാണ് സൂചന. നേരത്തെ പി എസ് സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ എം ജി യൂനിവേഴ്സിറ്റി സംവാദത്തിൽ ഇത് സംബന്ധിച്ച ചോദ്യമുയർന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർ ചോദ്യങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കിയതും വിവാദമായിരുന്നു.' സി എം @ കാമ്പസ്' പരിപാടിയാണ് നാളെ രാവിലെ 10 ന് കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ പങ്കെടുക്കും. കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാർഷിക സർവ്വകലാശാലകളിൽ നിന്നള്ള വിദ്യാർത്ഥികളുമായാണ് മുഖ്യമന്ത്രി സംവദിക്കുക. പ്രോഗ്രാം ഓൺലൈനായും കാണുവാൻ സൗകര്യമുണ്ട്.നവകേരളം , യുവ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതെ സമയം മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നിയമ വിവാദത്തെ തുടർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ മാർച്ച് നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പു അടുത്തതോടെയാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കൽ നടപടിയുടെ ഭാഗമായാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്ന കാമ്പസ് വിസിറ്റ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം പോലും ഒഴിവാക്കുകയാണ് അദ്ദേഹം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ടത് മാധ്യമങ്ങളിലൂടെ വാർത്തയായതും സൈബർ ഇടത്തിൽ അടക്കം വൈറലായതും.

ഇതോടെ സമാനമായ അനുഭവം ഉണ്ടാകാതിരിക്കാൻ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രംഗത്തുവന്നു. കണ്ണൂർ സർവകലാശാലയിലും മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിലാണ് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ മാധ്യമങ്ങൾ പുറത്തിറങ്ങണമെന്നായിരുന്നു നിർദ്ദേശം. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് മാധ്യമങ്ങളോട് പുറത്തിറങ്ങാൻ പറഞ്ഞതെന്നാണ് വോളന്റിയർമാർ പറയുന്നത്.

മഹാത്മാമഗാന്ധി സർവകലാശാലയിൽ ചോദ്യം ചോദിച്ച വിദ്യാർത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെടുന്ന വീഡിയോ നേരത്തെ വിവാദമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായ വീഡിയോ സംവാദ പരിപാടിക്ക് തന്നെ ക്ഷീണമായി മാറിയിരുന്നു. പ്രസ്തുത വിഷയമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.അതേസമയം, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എം എസ് എഫ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധിച്ചു. വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് പരിപാടിക്ക് ബദലായി തെരുവിൽ ചോദ്യങ്ങൾ ചോദിച്ച് എം എസ് എഫുകാർ പ്രതിഷേധം അറിയിച്ചു.

ദിവസങ്ങൾക്കു മുൻപ് എംജി യൂണിവേഴ്‌സിറ്റിയിൽ നടന്ന സംവാദപരിപാടിക്കിടെ ചോദ്യം ഉന്നയിച്ച വിദ്യാർത്ഥിനിയോട് മുഖ്യമന്ത്രി ക്ഷുഭിതനായതും വിവാദമായിരുന്നു. ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കൻ ശബ്ദത്തിൽ മുഖ്യമന്ത്രി പറയുകയായിരുന്നു.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്' എന്ന് വിദ്യാർത്ഥിനി പറഞ്ഞു തുടങ്ങിയപ്പോൾ, 'ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.' ഇങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു. വിദ്യാർത്ഥികളുമായുള്ള സംവാദത്തിന്റെ പ്രസക്തി സോഷ്യൽ മീഡിയ പേജിലൂടെ ആവർത്തിച്ചു പറയുന്ന മുഖ്യമന്ത്രിയിൽ നിന്നുതന്നെ ഇത്തരം പ്രതികരണമുണ്ടായതിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകവിമർശനമാണുയർന്നത്.