മസ്‌കത്ത്: ചെറിയ ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനവുമായി സി.ബി.എസ്.ഇ. ഒന്ന്, രണ്ട് ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഇനി ഹോം വർക്കുകൾ നൽകേണ്ടതില്‌ളെന്ന് സി.ബി.എസ്.ഇയുടെ പുതിയ സർക്കുലർ നിർദേശിക്കുന്നു. ഈ ക്‌ളാസുകളിലെ കുട്ടികൾക്ക് സ്‌കൂൾ ബാഗ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

അടുത്ത അധ്യയനവർഷം മുതലാകും ഇത് നടപ്പിൽ വരുത്തുക. ഇതടക്കം നിരവധി നിർദേശങ്ങളാണ് സർക്കുലറിലുള്ളത്. ഒന്നുമുതൽ എട്ടുവരെ ക്‌ളാസുകളിലെ വിദ്യാർത്ഥി കളുടെ ടെക്സ്റ്റ് ബുക്കുകളുടെ ഭാരം കുറക്കുന്നതിനൊപ്പം സെക്കൻഡറി ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറക്കണമെന്നതും നിർദേശങ്ങളിൽ പെടുന്നു.

ടെക്സ്റ്റ് ബുക്കുകളോ വർക് ബുക്കുകളോ കൊണ്ടുവരാത്ത കുട്ടികളെ ശിക്ഷിക്കരുതെന്ന് അദ്ധ്യാപകരോട് പ്രിൻസിപ്പൽ നിർദേശിക്കണം. ഇങ്ങനെ ശിക്ഷിക്കുന്ന പക്ഷം കുട്ടികൾ എല്ലാ ടെക്സ്റ്റ്, വർക് പുസ്തകങ്ങളും കൊണ്ടുവരുകയും അതുവഴി ബാഗിന് ഭാരം വർധിക്കുകയും ചെയ്യും. ടെക്സ്റ്റ്ബുക്കുകൾ കാലേക്കൂട്ടി സ്‌കൂളിൽ വാങ്ങിവെക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കണം. കുട്ടികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ഒന്ന്, രണ്ട് ക്‌ളാസുകളിൽ സ്‌കൂൾ ബാഗുകൾ ഒഴിവാക്കുന്നത്.

ഭാരമുള്ള ബാഗുകൾ ചുമക്കുന്നതുവഴി പുറം വേദന, പേശീവലിവ്, തോൾ വേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. 19 ഇന്ത്യൻ സ്‌കൂളുകളാണ് ഒമാനിലുള്ളത്. ഇതിൽ ഒന്ന്, രണ്ട് ക്‌ളാസുകളിലായി ആകെ ഒമ്പതിനായിരം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.