അടൂർ: പുരുഷന്മാർ അണ്ടർവെയർ ധരിക്കാതെ മുണ്ടുടുത്ത് പുറത്തിറങ്ങിയാൽ എന്തെല്ലാം അബദ്ധങ്ങൾ പറ്റാം. അത്തരത്തിൽ ഒരു വൻ അബദ്ധത്തിലാണ് ഇന്നലെ ഏഴംകുളം സ്വദേശിയായ ഡ്രൈവർ ചെന്നുപെട്ടത്. ഇന്നലെ നട്ടുച്ചയ്ക്ക് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊന്നമൺകര റസിഡൻസ് അസോസിയേഷൻ പ്രദേശത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഡ്രൈവർ മുണ്ടുയർത്തി മുഖത്തെ വിയർപ്പുതുടച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സെന്റ് മേരീസ് ഗേൾസ് സ്‌കൂൾ പരിസരത്തുവച്ചായിരുന്നു സംഭവം. എതിരെ രണ്ടു പെൺകുട്ടികൾ നടന്നുവരുന്നത് ഇയാൾ ശ്രദ്ധിച്ചിരുന്നില്ലെന്ന് പറയുന്നു. പക്ഷേ, ഇയാൾ മുണ്ടുപൊക്കി കാണിച്ചുവെന്നാണ് അവർ കരുതിയത്. ഇതോടെ ഇവർ സമീപത്തുള്ളവരോട് വിവരം പറഞ്ഞു. പൊടുന്നനെ ആളുകൂടി മുപ്പതു വയസ്സോളം പ്രായംവരുന്ന യുവാവിനെ തടുത്തുനിർത്തി. നാട്ടുകാർ വളഞ്ഞ് ചോദ്യംചെയ്തപ്പോൾ യുവാവ് സത്യാവസ്ഥ പറഞ്ഞു. അണ്ടർവെയർ ധരിക്കാത്തതിനാൽ ഇയാൾ നഗ്നതാപ്രദർശനം നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്. നാട്ടുകാർ ശരിക്കും കൈകാര്യംചെയ്തശേഷം പൊലീസിനെ വിളിച്ചുവരുത്തി.

പതിനാറും പതിനേഴും വയസ്സുള്ള പെൺകുട്ടികളാണ് എതിരെ നടന്നുവന്നിരുന്നത്. ഇവർ പരാതി നൽകിയില്ലെങ്കിലും റസിഡൻസ് അസോസിയേഷൻ വിളിച്ചുവരുത്തിയതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുന്മന്ത്രി അടൂർ പ്രകാശ്, സമീപത്തെ ആശുപത്രികളിലെ ഡോക്ടർമാർ തുടങ്ങി പ്രമാണിമാർ താമസിക്കുന്ന റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലാണ് സംഭവം നടന്നത് എന്നതിനാൽ പൊലീസ് ഗൗരവത്തോടെ തന്നെയാണ് ഇടപെട്ടത്.

പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇയാൾ ഞരമ്പുരോഗിയാണെന്നും നാട്ടുകാർ പറഞ്ഞതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ ചൂടുകാരണം ആണ് അണ്ടർവെയർ ധരിക്കാതിരുന്നതെന്നും മറ്റു ദുരുദ്ദേശമൊന്നും ഇയാൾക്ക് ഇല്ലായിരുന്നെന്നും ചോദ്യംചെയ്യലിൽ വ്യക്തമായതോടെ പൊലീസ് ഇയാളെ വെറുതെവിട്ടുവെന്നാണ് സൂചന.

മുണ്ടുയർത്തി മുഖത്തെ വിയർപ്പുതുടച്ചതോടെയാണ് പെൺകുട്ടികൾ ഇയാൾ അപമാനിക്കാൻ നഗ്നതാപ്രദർശനം നടത്തിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ പല വിഷയങ്ങളിലും പ്രതികരിക്കാറുള്ള ജയന്ത് മാമ്മൻ ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും ചർച്ചാവിഷയം ആക്കിയിരിക്കുകയാണ് ഇപ്പോൾ. എന്റെ പുരുഷ സുഹൃത്തുക്കൾ കഴിവതും അണ്ടർവെയർ ധരിക്കുക. നിങ്ങളുടെ ആരോഗ്യത്തിന് അത് നല്ലതാണ്... എന്ന് വ്യക്തമാക്കി ജയന്ത് മാമ്മൻ നൽകിയ പോസ്റ്റും ഇതോടെ ചർച്ചയായി മാറി.