തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പു പ്രചാരണത്തിന് പി.വി സി ഫ്‌ളക്‌സ് ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തൊട്ടാകെ പ്രചാരണ പ്രവർത്തനങ്ങൾക്കായി പോളിവിനൈൽ ക്ലോറൈഡ് ഫ്‌ളക്‌സ് വലിയ തോതിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ പുനഃചംക്രമണം ചെയ്യാൻ സാധിക്കാത്തതും കത്തിക്കുമ്പോൾ ഡയോക്‌സിൻ, ഫ്യൂറാൻ പോലുള്ള ക്യാൻസർജന്യമായ വിഷരാസ പദാർത്ഥങ്ങൾ പുറംതള്ളുന്നതും മാരക രോഗങ്ങൾ മാത്രമല്ല ഭൂമിയിലെ ജീവന്റെ നിലനില്പിനുതന്നെ ഇതു ഭീഷണിയാണ്.

ഇത്തരം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾക്ക് പകരം അതേ ഗുണമേന്മയിലും വിലയിലും ലഭിക്കുന്ന റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തലീൻ, തുണി, പേപ്പർ തുടങ്ങിയ പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് പ്രചാരണം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും തിഞ്ഞെടുപ്പു കമ്മീഷൻ അഭ്യർത്ഥിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് 2015ൽ നടത്തുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗത്തിൽ ഫ്‌ളക്‌സ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. പൊതു സ്ഥലങ്ങളിലും പൊതു വീഥികളുടെ വശങ്ങളിലും പരസ്യാർത്ഥം ഫ്‌ളക്‌സ് ബോർഡുകൾ പ്രദർശിപ്പിക്കുന്നതുമൂലം പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പി.വി സി ഫ്‌ളക്‌സ് ബോർഡുകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ട് 2014 നവംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.