വാഷിങ്ടൺ: ഭീകരാക്രമണങ്ങൾ തടയാൻ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണു വേണ്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്വേയിലുണ്ടായ സ്‌ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ് ട്രംപിന്റെ പരാമർശം. യാത്രാവിലക്ക് കടുപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലണ്ടനിലെ ഭൂഗർഭ മെട്രോയിലുണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ് യാത്രാവിലക്ക് കടുപ്പിക്കണമെന്ന അഭിപ്രായവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന'ഉപകരണം' എന്നാണ് ഇന്റർനെറ്റിനെ ട്വീറ്റിൽ ട്രംപ് വിശേഷിപ്പിച്ചത്. 'പരാജിതരായ' ഭീകരർക്കു നേരെ കൂടുതൽ കർശനമായ സമീപനങ്ങളാണു വേണ്ടത്. അവരുടെ റിക്രൂട്ടിങ് 'ടൂൾ' ആയിരിക്കെ ഇന്റർനെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇത് അത്യാവശ്യമാണ്' -ട്രംപ് കുറിച്ചു.

സ്ഫോടനം തടയാനുള്ള അവസരം ലണ്ടൻ പൊലീസ് നഷ്ടപ്പെടുത്തിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഭീകരാക്രമണങ്ങൾ തടയാൻ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എന്നാൽ ഒരുപക്ഷെ ഇത് രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ലന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ലണ്ടൻ മെട്രോയിലെ പാർസൻസ് ഗ്രീൻ ട്യൂബ് സ്റ്റേഷനിൽ ഇന്നു പുലർച്ചെ 8.20 ഓടെയായിരുന്നു പൊട്ടിത്തെറി. 22 പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ സ്ഫോടനം തടയാമായിരുന്നു എന്ന ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിക്കാൻ സ്‌കോട്ടലൻഡ് യാർഡ് തയ്യാറായിട്ടില്ല.

കൂടുതൽ കടുപ്പമേറിയതും കൃത്യതയുള്ളതുമായ യാത്രാവിലക്കിനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നന്നത്. നേരത്തെ ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെ യു എസിൽ പ്രവേശിപ്പിക്കുന്നത് വിലക്കി മാർച്ച് ആറിന് ട്രംപ് ഉത്തരവിറക്കിയിരുന്നു.

90 ദിവസത്തെ യാത്രാവിലക്കിന്റെ കാലാവധി സെപ്റ്റംബർ അവസാനത്തോടെ കഴിയും. അഭയാർഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 120 ദിവസത്തെ നിരോധനത്തിന്റെ കാലാവധി അടുത്തമാസത്തോടെയും അവസാനിക്കും. വിലക്കുകൾ പുതുക്കുമോ, സ്ഥിരപ്പെടുത്തുമോ അതോ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യത്തെ കുറിച്ച് സർക്കാർ ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ചൈനയെ മാതൃകയാക്കി ചില പ്രത്യേക മേഖലകളിൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. ആവശ്യമെങ്കിൽ അതിന് വിദഗ്ധരെ നിയോഗിക്കും. വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായി ഇതിനെ വ്യാഖ്യാനിക്കുന്നവർ വിഡ്ഢികളാണെന്നും അന്ന് ട്രംപ് പറഞ്ഞു.