റാമല്ല: യെരുശലേം 'വിൽപനയ്ക്കുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് ഫലസ്തീൻ. ഫലസ്തീന് നൽകിവരുന്ന വാർഷിക സാമ്പത്തികസഹായം നിർത്തലാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നു കോടിയോളം അമേരിക്കൻ ഡോളറിന്റെ വാർഷിക സാമ്പത്തിക സഹായം നിർത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഫലസ്തീന്റെ അനശ്വര തലസ്ഥാനമാണ് യെരുശലേം. അത് സ്വർണത്തിനോ പണത്തിനു വേണ്ടിയോ വിൽക്കാനുള്ളതല്ല. ഏകപക്ഷീയമായി ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയെ സൂചിപ്പിച്ചു കൊണ്ട് ഫലസ്തീൻ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീൽ അബു റുഡൈന എ എഫ് പി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

ചൊവ്വാഴ്ചയായിരുന്നു ഫലസ്തീന് സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി സന്ദേശം വന്നത്. നൂറുകണക്കിന് ദശലക്ഷം ഡോളറാണ് ഫലസ്തീന് ഒരോവർഷവും നൽകുന്നത്. എന്നാൽ അഭിനന്ദനമോ ബഹുമാനമോ തിരികെ ലഭിക്കുന്നുമില്ല. സമാധാനത്തെ കുറിച്ച് സംസാരിക്കാൻ ഫലസ്തീൻ തയ്യാറാകാത്ത സാഹചര്യത്തിൽ എന്തിന് വലിയ തുകകൾ ഭാവിയിൽ അവർക്കു നൽകണം- ട്രംപ് ട്വീറ്റിൽ ചോദിച്ചിരുന്നു.