വാഷിങ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ തലവൻ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാവും. ജിന ഹാസ്പെൽ സിഐഎയുടെ പുതിയ ഡയറക്ടറാകും.

സിഐഎ ഡയറക്ടർ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാവും ജിന ഹാസ്പെൽ. നിലവിൽ സിഐഎ ഡെപ്യൂട്ടി ഡയറക്ടറാണ് അവർ.

കാബിനറ്റിൽ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചു പണിയാണിത്. കഴിഞ്ഞ ഒക്ടോബറിൽ ട്രംപും ടില്ലേഴ്സനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതുമുതൽ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വരുമെന്ന സൂചനകൾ വന്നുതുടങ്ങിയിരുന്നു. ടില്ലേഴ്സന്റെ നയതന്ത്ര ഇടപെടലുകളെ ട്രംപ് പലതവണ വിമർശിച്ചിരുന്നു. ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നുമായി ചർച്ചകൾ തുടങ്ങാനിരിക്കെയാണ് സുപ്രധാന മാറ്റം.