ന്യൂയോർക്ക്: ഭീകരതയ്‌ക്കെതിരേ തന്റെ കർശന നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. കുടിയേറ്റക്കാരെ സൈദ്ധാന്തിക പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മതസ്വാതന്ത്ര്യം, ലിംഗസമത്വം, സ്വവർഗക്കാരുടെ അവകാശങ്ങൾ തുടങ്ങിയ കാര്യത്തിൽ കുടിയേറ്റക്കാരുടെ സമീപനം എന്തെന്ന് തിരിച്ചറിയണമെന്നും ട്രംപ് വ്യക്തമാക്കി. ഒഹിയോയിൽ നടന്ന നയപ്രഖ്യാപന വേളയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടായിരിക്കും തന്റെതെന്നും
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളെ തുരത്താൻ സമാന ചിന്താഗതിക്കാരുമായി മറ്റ് അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് ഒന്നിക്കണമെന്ന് ട്രമ്പ് പറഞ്ഞു. ഇസ്ലാം ഭീകരതയെ തുരത്താൻ അമേരിക്കയ്ക്കൊപ്പം ചേരാൻ തയാറുള്ള രാജ്യങ്ങളെല്ലാം സഖ്യശക്തികളാണെന്നും, ശീതയുദ്ധകാലത്തെന്ന പോലെ ഇസ്ലാം യാഥാസ്ഥിതികർക്കെതിരേ അമേരിക്ക പോരാട്ടത്തിലാണെന്നും ട്രമ്പ് പ്രസംഗമധ്യേ വെളിപ്പെടുത്തി.

അമേരിക്കയിലേക്കു കുടിയേറുന്ന മുസ്ലിംകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തണെമന്നു പറഞ്ഞതിന്റെ പേരിൽ ട്രമ്പ് ഏറെ പഴി കേട്ടിരുന്നു. അദ്ദേഹത്തിന്റെ പുതിയ സമീപനത്തെയും ഒബാമയും, ഹിലരിയും, ഉയർന്ന ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തി കഴിഞ്ഞു. ഇസ്ലാം യാഥാസ്ഥിതികത്വത്തിനെതിരേയുള്ള പോരാട്ടമെന്ന് ട്രമ്പ് നടത്തിയ പരാമർശം ഭീകരർക്ക് കൂടുതൽ സ്വാധീനമായിരിക്കും നേടിക്കൊടുക്കുകയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 'ഭീകര രാഷ്ട്ര'ങ്ങളിൽ നിന്നുള്ള മുസ്ലിംകളുടെ കുടിയേറ്റത്തിനാണ് താത്കാലിക നിരോധനം വേണമെന്ന് താൻ ആവശ്യപ്പെട്ടതെന്ന് ട്രമ്പ് പിന്നീട് വിശദീകരിച്ചിരുന്നു. അദ്ദേഹം ലക്ഷ്യമിടുന്ന 'ഭീകര രാഷ്ട'ങ്ങളുടെ ലിസ്റ്റ് വൈകാതെ പുറത്തു വിടുമെന്ന് ട്രമ്പിന്റെ പ്രചാരണ വിഭാഗം പറയുന്നു. താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കാതെ സത്യസന്ധമായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ താൻ 20 ശതമാനം ലീഡിൽ ഹിലരിയെ തോൽപിക്കുമെന്ന് ട്രമ്പ് ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.