അനവസരത്തിലെ ട്വീറ്റുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാലിപ്പോൾ ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകന്റെ ട്വീറ്റാണ് വ്യാപക വിമർശനങ്ങൾക്ക് ഇരയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്ലും പൂർത്തിയായ ശേഷം വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ചെയ്ത ട്വീറ്റാണ് വിമർശനത്തിന് കാരണമാകുന്നത്. ചൊവ്വാഴ്ച ഷെയർ ചെയ്ത ട്വീറ്റിലൂടെ മിന്നസോട്ടയിലെ ജനങ്ങളോട് 'വോട്ട് ചെയ്യൂ' എന്നാണ് എറിക് ആവശ്യപ്പെട്ടത്. ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകനായതിനാൽ തന്നെ ജനങ്ങളുടെ ശ്രദ്ധ കേന്ദ്രമാണ് എറിക്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലായി.

പോസ്റ്റിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെടുകയാണ് എറിക് ട്രംപ്. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി ഒരാഴ്ചയ്ക്ക് ശേഷം വോട്ട് ചെയ്യാൻ ജനങ്ങളോടാവശ്യപ്പെട്ട് എറിക് ചെയ്ത ട്വീറ്റാണ് കാരണം. ട്വീറ്റ് പിന്നീട് നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ദിവസം എറിക് ഇത്തരത്തിലുള്ള നിരവധി ട്വീറ്റുകൾ ഷെയർ ചെയ്തിരുന്നു. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് പോസ്റ്റ് ചെയ്യപ്പെടുന്ന വിധത്തിലുള്ള ഷെഡ്യൂൾഡ് പോസ്റ്റുകളിലൊന്നാണിതെന്നും പോസ്റ്റ് ചെയ്യുന്നതിൽ സംഭവിച്ച പിഴവാണിതെന്നുമാണ് കരുതപ്പെടുന്നത്. അമേരിക്കൻ ബാസ്‌കറ്റ് ബോൾ മുൻതാരം റെക്‌സ് ചാപ്മാൻ, ടെലിവിഷൻ താരം പത്മ ലക്ഷ്മി തുടങ്ങി നിരവധി പേരാണ് എറിക് ട്രംപിനെ പരിഹസിച്ച് രംഗത്തെത്തിയത്.