ന്യൂയോർക്ക്: റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡോണൾഡ് ട്രമ്പിന് നെവാദയിലും മികച്ച മുന്നേറ്റം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ട്രമ്പ് വിജയം നേടിയത് ശ്രദ്ധേയമായി. 46 ശതമാനം വോട്ടാണ് ഇവിടെ ട്രമ്പിനു ലഭിച്ചത്. പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണു ട്രംപ് വൈറ്റ് ഹൗസിലേക്കുള്ള കുതിപ്പു തുടരുന്നത്. രാവിലെ മുതൽ കനത്ത വോട്ടിംഗാണ് നെവാഡയിൽ നടന്നത്. 

തൊട്ടടുത്ത എതിരാളി മാർകോ റൂബിയയ്ക്ക് 23 ശതമാനം വോട്ടാണ് ലഭിച്ചത്. പ്രഥമ െ്രെപമറി നടന്ന അയോവയിൽ രണ്ടാമതായെങ്കിലും ന്യൂഹാംപ്ഷയറിലും, സൗത്ത് കരോലിനയിലും ഒന്നാമതെത്തി ട്രമ്പ് പരമ്പരാഗത രാട്രീയ സ്ഥാനാർത്ഥികളെ പിന്തള്ളുകയാണ്. അധികം വിദ്യഭ്യാസമില്ലാത്തവരുടെയും, ലാറ്റിനോകളുടെയും പിന്തുണ തനിക്കു ലഭിച്ചുവെന്നും ട്രമ്പ് അവകാശപ്പെട്ടു. നെവാദയിലെ റിപ്പബ്ലിക്കൻ വോട്ടർമാരായ ലാറ്റിനോക്കാരിൽ 45 ശതമാനം ട്രമ്പിനെ പിന്തുണച്ചുവെന്ന് എൻട്രൻസ് പോൾ വ്യക്തമാക്കി.

ഇത് അസാധാരണ വർഷമാണെന്നു പറഞ്ഞ മാർകോ റൂബിയോ മത്സരരംഗത്തുള്ളവരുടെ എണ്ണം കുറയുന്നതോടെ ട്രമ്പ് ഇതര വോട്ടുകൾ ചിതറുന്നത് അവസാനിക്കുമെന്നും അതോടെ അദ്ദേഹം പരാജയപ്പെടുമെന്നും നിരീക്ഷിച്ചു. റിപ്പബ്ലിക്കൻ നോമിനേഷൻ നേടാൻ 1237 പ്രതിനിധികളുടെ പിന്തുണയാണ് സ്ഥാനാർത്ഥിക്കു വേണ്ടത്. 81 പ്രതിനിധികളുടെ പിന്തുണ ട്രമ്പ് ഇതുവരെ ഉറപ്പാക്കിയപ്പോൾ റൂബിയോയും, ക്രൂസും ഇതുവരെ നേടിയത് 17 വീതം പ്രതിനിധികളുടെ പിന്തുണയാണ്.