ങ്ങനെയെങ്കിലും ഭരണത്തിൽ കയറാൻ നോക്കുന്നവരാകരുത് കമ്മ്യൂണിസ്റ്റുകാർ നയിക്കുന്ന എൽഡിഎഫ്. നിങ്ങളിൽ നിന്ന് മുന്നണിയുടെ അണികൾ പ്രതീക്ഷിക്കുന്നത് അതല്ല. അണികൾ മാത്രമല്ല, നീതിബോധമുള്ള ഒരു വിഭാഗം പൊതുജനങ്ങളുമുണ്ട് അതാഗ്രഹിക്കാത്തവർ. ആ പൊതുജനങ്ങളുടെ വോട്ടു നിർണ്ണായകമാണെന്ന് അറിയാമല്ലോ.

ഇപ്പോൾ എൽഡിഎഫിൽ ഉള്ള കക്ഷികളല്ലാതെ മറ്റാരെയും കൂട്ടാതെ എത്ര വലിയ കക്ഷികൾ യുഡിഎഫ് വിട്ടു വന്നാലും ചേർക്കാതെ എൽഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ നിൽക്കണം. ഇപ്രാവശ്യം നിങ്ങൾക്ക് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയില്ലെന്നു വരാം. പക്ഷേ അതിനടുത്ത പ്രാവശ്യം ജനങ്ങൾ നിങ്ങളെ തോളിലേറ്റും.

യുഡിഎഫിലുള്ള ചില കക്ഷികൾ എൽഡിഫ് വിട്ടു പോയവരാണ് എന്നത് മാത്രമല്ലല്ലോ അവരുടെ കുറ്റം. ഇപ്പോഴത്തെ യുഡിഎഫ് ഗവൺമെന്റിന്റെ അഴിമതികൾക്കെല്ലാം കൂട്ടു നിന്നു കൊടുക്കുകയോ പങ്കു പറ്റുകയോ ചെയ്യുന്നവരാണവർ. ഇപ്പോഴത്തെ യുഡിഎഫ് ഭരണം അഴിമതിയുടെ ചെളിക്കുണ്ടാണെന്നു നിങ്ങൾ ജനങ്ങളോടു നൂറു വട്ടം പറഞ്ഞതല്ലേ? അതിന്റെ കളങ്കം ബാധിച്ചവരെ ഞങ്ങൾ കൂടെ കൂട്ടില്ല. കഴിഞ്ഞ നാല് വർഷവും യുഡിഎഫിന്റെ പാളയത്തിൽ കഴിഞ്ഞവരുടെ വോട്ടു വേണ്ടാ എന്നു പറയാനുള്ള തന്റേടം എൽഡിഎഫ് കാട്ടണം. നിങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ അതാണ് മാർഗ്ഗം. അതിലും വലിയ അടവു നയമില്ല.

മത നേതാക്കൾ നിയന്ത്രിക്കുന്ന (ഒരു മുസ്ലിം സംഘടനയുടെ) കക്ഷിക്കാരുടെ വോട്ടു ഞങ്ങൾക്ക് വേണ്ടാ എന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ കേജ്‌രിവാൾ പറഞ്ഞില്ലേ? തെരഞ്ഞടുപ്പു ഫലം തീർത്തും അനുകൂലമാകും എന്ന് അറിയുന്നതിന് മുൻപാണ് അത് പറഞ്ഞത് എന്നോർക്കുക.


രാഷ്ട്രീയ മാലിന്യങ്ങളെയും കൃമി കീടങ്ങളെപ്പോലുള്ള കക്ഷികളെയും നിങ്ങൾ അടുപ്പിക്കാതിരിക്കണം. ഒരു പക്ഷെ നിങ്ങൾ ധൈര്യമായി അത് പ്രഖ്യാപിക്കുകയും എന്ത് പ്രലോഭനമുണ്ടായാലും അതിൽ ഉറച്ച് നിൽക്കുകയും ചെയ്താൽ അവരെ കൂടെ കൂട്ടി നിർത്തിയാൽ കിട്ടുന്നതിൽ കൂടുതൽ വോട്ടു കിട്ടും എന്ന് പോലും പ്രതീക്ഷിക്കാവുന്നതാണ്. തത്വാധിഷ്ഠിതമല്ലാത്ത കഴിഞ്ഞ കാല മുന്നണി ഇടപാടുകളോടു ജനങ്ങൾ അത്രമാത്രം മടുത്തു പോയിരിക്കുന്നു. യുഡിഎഫിനേക്കാൾ അൽപ്പമെങ്കിലും ഒരു മേന്മ നിങ്ങൾ കാട്ടിയാൽ അത് കേരള രാഷ്ട്രീയത്തിലെ പുതിയൊരു സൂര്യോദയമായി ജനങ്ങൾ കാണും. ഇന്നത്തെ ചെറിയ ഒരു നേട്ടത്തിന് വേണ്ടി വലിയൊരു ഭാവിയെ അപകടപ്പെടുത്തരുത്.

കാലം മാറി ഇനിയും യുഡിഎഫിനെയും എൽഡിഎഫിനെയും മാറി മാറി ചുമന്നു നടക്കുന്ന പതിവ് കേരള ജനത ഉപേക്ഷിച്ചെന്ന് വരാം. അവർ ബിജെപിയെ പരീക്ഷിക്കാൻ തയ്യാറായേക്കാം. ഒരിക്കൽ ബിജെപി അക്കൗണ്ട് തുറന്നാൽ പിന്നെ ജനം അങ്ങോട്ടൊരു ഒഴുക്കായിരിക്കും. അല്ലെങ്കിൽ 'നോട്ട'യ്ക്ക് വോട്ടു ചെയ്ത ജനം രാഷ്ട്രീയമായ ഹരകിരി നടത്താൻ ചിലപ്പോൾ തയ്യാറായേക്കാം. ഇനിയും സമയമുണ്ട് എൽഡിഎഫ് മുന്നണി വികസനം റദ്ദ് ചെയ്യുക. ഗൗരിയമ്മ എന്ന രാഷ്ട്രീയ ഫോസിലിനെയും ഉപേക്ഷിക്കുക. കഴിഞ്ഞ കാലത്തെ തെറ്റുകൾ തിരുത്തുക. ജനങ്ങളോട് ഏറ്റുപറയുക. അടുത്ത പ്രാവശ്യമല്ലെങ്കിൽ അതിനടുത്ത പ്രാവശ്യം നിങ്ങൾ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും പിടിച്ചു പറ്റും.

ഫോൺ - 9446203858, ഇമെയിൽ -johnyplathottam@gmail.com