- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിൽ പാർശ്വവൽക്കരിക്കപ്പെട്ട എംഎ ബേബിയുടേത് വൈരുധ്യാത്മക മലക്കം മറിച്ചിൽ; ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ; ആയിരം ഗംഗയിൽ മുങ്ങിയാലും സിപിഎമ്മിനോട് പൊറുക്കാൻ വിശ്വാസി സമൂഹം തയ്യാറാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
പത്തനംതിട്ട: ശബരിമല വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എം എ ബേബിയുടേത് വൈരുധ്യാത്മക മലക്കം മറിച്ചിലെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. സിപിഎമ്മിൽ പാർശ്വവൽക്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബിയെന്നും, ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സിപിഎമ്മിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എംഎ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാടും തെറ്റായിപ്പോയെന്ന് പിണറായി വിജയൻ വിശ്വാസികളോട് ഏറ്റുപറയണം. എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തിൽ തീരുമാനം പറയാനെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സിപിഎം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തിൽ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാൻ തയ്യാറല്ല. ആയിരം ഗംഗയിൽ മുങ്ങിയാലും സിപിഎമ്മിനോട് പൊറുക്കാൻ വിശ്വാസി സമൂഹം തയ്യാറാവില്ല. ശബരിമലയിൽ കാണിച്ച ക്രൂരതയ്ക്ക് ഒരു മാപ്പും പിണറായി വിജയനോടും കമ്പനിക്കും കിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ സമനില തെറ്റി എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ, ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന പഴയ നിലപാട് സിപിഎം പോളിറ്റ് ബ്യറോ അംഗം എംഎ ബേബിയും തിരുത്തി. സുപ്രീംകോടതി വിധി വന്ന ശേഷമേ ഇക്കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കൂവെന്ന് ബേബി പറഞ്ഞു. തോക്കിൽ കയറി വെടിവയ്‌ക്കേണ്ടെന്നാണ് ബേബിയുടെ നിലപാട്. തന്റെ പേരിൽ വരുന്നത് പാർട്ടിയുടെ കാഴ്ചപാടല്ല. പാർട്ടിയിൽ നിന്ന് വിരുദ്ധമായി തനിക്ക് അഭിപ്രായമൊന്നുമില്ലെന്ന് ബേബിയുടെ പുതിയ നിലപാട്. ആദ്യം കേസ് പരിഗണിക്കട്ടേ. നടപടിക്രമം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ബേബിയുടെ ഇപ്പോഴത്തെ നിലപാട്. വിധി വന്നശേഷം തീരുമാനമെന്നാണ് ബേബിയുടെ പ്രഖ്യാപനം.
ഇത്തരവം വിഷയങ്ങൾ ബോധവൽക്കരണത്തിലൂടെ നടപ്പാക്കണമെന്നാണ് നിലപാടെന്ന് ബേബി പറയുന്നു. നേരത്തെ വിധിക്ക് മുമ്പ് സത്യവാങ്മൂലം പുതുക്കി നൽകുമെന്നായിരുന്നു ബേബിയുടെ നിലപാട്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ ശബരിമലയിൽ സിപിഎം പ്രഖ്യാപിത നിലപാടിൽ നിന്ന് മാറില്ലെന്ന സൂചനയാണ് വരുന്നത്. യുവതി പ്രവേശനമാകാമെന്ന പ്രഖ്യാപന നിലപാടിൽ നിന്ന് മാറില്ലെന്ന സൂചനയാണ് ബേബിയും ഇപ്പോൾ നൽകുന്നത്. എന്നാൽ സാമൂഹിക പ്രശ്‌നങ്ങളില്ലാതെ വിധി നടപ്പാക്കുമെന്നും പറഞ്ഞു. കോടതി ആവശ്യപ്പെടും എന്ന് സങ്കൽപ്പിച്ച് സത്യവാങ്മൂലത്തിൽ മറുപടി ഇല്ലെന്നും ബേബി പറയുന്നു. ഒരു മണിക്കൂർ കൊണ്ടാണ് ബേബിയുടെ മലക്കം മറിച്ചൽ. ബേബിയെ സിപിഎം നേതൃത്വം തിരുത്തിയതായാണ് സൂചന.
ബേബിയുടെ ആദ്യ പ്രതികരണം വന്ന ശേഷം അതിനോട് യോജിക്കാൻ മന്ത്രി ഇ പി ജയരാജൻ തയ്യാറായിരുന്നില്ല. അതേ കുറിച്ച് പറഞ്ഞവരോട് ചോദിക്കാനായിരുന്നു ജയരാജന്റെ മറുപടി. അതിന് ശേഷമാണ് ബേബിയും നിലപാട് മാറ്റിയത്. യുവതീ പ്രവേശനത്തെ തള്ളി പറയുന്നത് ഈ ഘട്ടത്തിൽ ദേശീയ തലത്തിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വവും. അതുകൊണ്ടാണ് ബേബി മാറ്റി പറയുന്നത്. ഇതും ചർച്ചകളിൽ നിറയുമ്പോൾ ശബരിമലയിൽ യുഡിഎഫും ബിജെപിയും ആക്രമണം കടുപ്പിക്കുമെന്നും വ്യക്തമാണ്. ഇതോടെ ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുമോ എന്നതും ശ്രദ്ധേയമാണ്. നയപരമായ തീരുമാനങ്ങളിൽ നേതാക്കൾ അഭിപ്രായം പറയുന്നതിൽ പിണറായി ക്ഷുഭിതനാണ്.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്നായിരുന്നു ബേബിയുടെ ഇന്ന് പുറത്തു വന്ന ആദ്യ പ്രതികരണം. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നും എം.എ.ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങൾ. ഇതാണ് ബേബി ഒരു മണിക്കൂർ കൊണ്ട് മാറ്റുന്നത്. വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കിയിരുന്നു. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നതായിരുന്നു ബേബിയുടെ ആദ്യ നിലപാട്.
ശബരിമല സ്ത്രീപ്രവേശം ഒരിക്കൽകൂടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സിപിഎം ഇപ്പോൾ നിലപാട് മാറ്റിയത്. ശബരിമലവിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്. എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണമായും പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സത്യവാങ്മൂലം പിൻവലിക്കാൻ തീരുമാനിച്ചാൽ അതിന്റെ അടിസ്ഥാനമാക്കിയുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. ആ കേസുകൾ കൂടി പിൻവലിക്കുകയാണെന്ന് സർക്കാർ പറയാൻ തയ്യാറാകണം. എങ്കിൽമാത്രമേ ശാന്തമായ അന്തരീക്ഷം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ നിലപാടിനെ അവർ കാട്ടിക്കൂടുന്ന കോമാളിത്തരമായിട്ടാണ് കാണുന്നതെന്ന് ബിജെപി. നേതാവ് വി.വി.രാജേഷ് പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിന്റെ അടിത്തറ തകരുന്നു എന്നതിന്റെ സൂചനയാണ് പിബി അംഗം തന്നെ ഇക്കാര്യം പറയുന്നതിലൂടെ മനസ്സിലാകുന്നതെന്നും രാജേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബേബി നിലപാട് മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ