കൊച്ചി: വളരെ മാന്യനാണെങ്കിലും ഒരു കേസിലെ പ്രതിയാവാൻ കൊള്ളയും കൊലപാതകവും ഒന്നും നടത്തണമെന്നില്ല. ചുമ്മാ നിങ്ങൾ ഫേസ്‌ബുക്കിൽ നൽകുന്ന ഒരു ലൈക്കോ ഷെയറോ മതിയാവും പൊലീസ് സ്‌റ്റേഷൻ കയറി ഇറങ്ങാൻ. സൈബർ നിയമം അനുസരിച്ച് സോഷ്യൽ മീഡിയയിലെ അപകീർത്തിപരമായ കുറിപ്പെഴുത്ത് മാത്രമല്ല കുറ്റകരം. അശ്ലീലച്ചുവയോ അധിക്ഷേപമോ ഉള്ള ഒരു പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയർ ചെയ്യുന്നതും സൈബർ നിയമ പ്രകാരം കുറ്റകരമാണ്.

സൈബർ ആക്രമണങ്ങൾ പിഴയും തടവുമെല്ലാം കിട്ടാവുന്ന കുറ്റങ്ങളാണ്. നടിയെ അധിക്ഷേപിച്ച സംഭവം മൂന്നുവർഷം മുതൽ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ദ്ധർ. അതുകൊണ്ട് മറ്റൊരാൾ എഴുതുന്നതിന് ലൈക്കടിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

'മറ്റൊരാൾ എഴുതിയതിന് ലൈക്കും ഷെയറും നൽകുന്നവർ അത് കൂടുതൽ പ്രചരിപ്പിക്കുകയാണ്. എഴുതിയ ആൾക്കെന്ന പോലെ ഉത്തരവാദിത്വമുണ്ട് അത് പ്രചരിപ്പിക്കുന്നവർക്കും. ആ ബാധ്യതയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ലെന്ന് സൈബർ ഫൊറൻസിക് വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാട് ചൂണ്ടിക്കാണിക്കുന്നു. ചെയ്യുന്നതിനെല്ലാം തെളിവ് ശേഷിപ്പിക്കുന്ന മാധ്യമമാണ് സൈബർ ഇടം. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ എന്തും ചെയ്യാമെന്നൊരു ധാരണ വേണ്ടെന്നും ഡോക്ടർ വിനോദ് പറയുന്നു.

മറ്റൊരാളെ അധിക്ഷേപിക്കുന്ന തരത്തിലോ അശ്ലീലച്ചുവയിലോ ഉള്ള കുറിപ്പുകൾ, പോസ്റ്റുകൾ ഇടുക, മറ്റൊരാൾ എഴുതിയ ഇത്തരം കുറിപ്പുകൾക്ക് ലൈക്കും ഷെയറും കമന്റും ചെയ്യുക, അശ്ലീലമായതോ അപകീർത്തിപ്പെടുത്തുന്നതോ ആയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവ പ്രചരിപ്പിക്കൽ, മറ്റൊരാളുടെ സൈബർ ഇടത്തിലേക്ക് അതിക്രമിച്ചുകയറൽ എന്നിവ സൈബർ നിയമ പ്രകാരം കുറ്റകരമാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ കേരളത്തിൽ ഏറെ നടക്കുന്നുണ്ടെന്ന് സംസ്ഥാന ക്രൈംറെക്കോർഡ്സ് ബ്യൂറോയിലെ ഉന്നതോദ്യോഗസ്ഥനും ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, പരാതിയുമായി രംഗത്തെത്തുന്നത് ചുരുക്കമാണ്. പരാതി നൽകുന്നവർ കേസ് കോടതിയിലെത്തുമ്പോൾ പിന്മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശാണ്. 2639 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയും കർണാടകവും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിൽ 13-ാം സ്ഥാനത്താണ് കേരളം. സ്ത്രീത്വത്തെ അപമാനിച്ചതിന് 2016-ൽ 28 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്.