ലണ്ടൻ: ലോകാവസാനത്തെക്കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകളും പ്രവചനങ്ങളും നാമേറെ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ലോകാവസാന മുന്നറിയിപ്പുമായി ഒരു കൂട്ടമാളുകൾ രംഗത്തെത്തിയിരിക്കുന്നു. രണ്ടു ദിവസമായി തുടരുന്ന മഴ ലോകാവസാനത്തിന്റെ തുടക്കമാണെന്നാണവർ മുന്നറിയിപ്പേകുന്നത്. തുടർന്ന് ഇന്ന് മുതൽ ഏഴ് വർഷം തുടർച്ചയായി മഴയും കൊടുങ്കാറ്റും സുനാമിയും ഉണ്ടായി ലോകം ഇല്ലാതാകുമെന്നാണ് ഇവർ പ്രവചിക്കുന്നത്. പ്ലാനെറ്റ് എക്സ് അഥവാ നിബുറു ഭൂമിക്ക് തൊട്ടടുത്തെത്തുന്നതാണ് ഇതിന് കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഡൂംസ്ഡേ തിയറിസ്റ്റായ ഡേവ് മീഡാണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനപ്പെട്ട ഒരാൾ. നിബുറു ഭൂമിക്കടുത്തെത്തുന്നതിന്റെ ഫലമായുണ്ടാകുന്ന നാശം പ്രവചനാതീതമാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇത്തരത്തിലുള്ള നാശം സെപ്റ്റംബർ 23ന് ഉണ്ടാവേണ്ടിയിരുന്നതാണെന്നും എന്നാൽ അന്ന് അത് വഴിമാറിപ്പോവുകയായിരുന്നുവെന്നുമാണ് കോൺസ്പിരസി തിയറിസ്റ്റുകൾ പറയുന്നത്. നിബിറു ഭൂമിക്കടുത്ത് കൂടി കടന്ന് പോകുമ്പോൾ നിരവധി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നും അഗ്‌നിപർവതസ്ഫോടനങ്ങളും അതിൽ ഉൾപ്പെടുന്നുവെന്നും ഡേവ് മീഡ് മുന്നറിയിപ്പേകുന്നു.

മെക്സിക്കോയിലുണ്ടായ ഭൂകമ്പം,ടെക്സാസിലെ പ്രളയങ്ങൾ, കരീബിയൻ, ഫ്ലോറിഡ എന്നിവിടങ്ങളിലുണ്ടായ കൊടുങ്കാറ്റുകൾ തുടങ്ങിയവ പ്ലാനറ്റ് എക്സ് സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണെന്നും മീഡ് എടുത്ത് കാട്ടുന്നു. ഓഗസ്റ്റ് 21ന് അമേരിക്കയിലുണ്ടായ മഹത്തായ സൂര്യഗ്രഹണത്തെ തുടർന്ന് തന്നെ ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബൈബിൾ വിശ്വാസം അനുസരിച്ച് സെപ്റ്റംബർ 23 നാശത്തിന്റെ ദിവസമാണെന്നും ഓഗസ്റ്റ് 21നായിരുന്നു ടെക്സാസിൽ ഹാർവെ കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടിയിരുന്നതെന്നും മീഡ് എടുത്ത് കാട്ടുന്നു.

സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയിൽ നിന്ന് ലോകാവസാനത്തിന്റെ സൂചനകൾ ഉണ്ടാകുമെന്ന് ലൂക്കയുടെ പാസേജായ 21;25 മുതൽ 26 വരെയുള്ള ഭാഗത്ത് പരാമർശിച്ചിട്ടുണ്ടെന്നും മീഡ് പറയുന്നു. ഈ ഒരു കാലഘട്ടത്തിൽ രാജ്യങ്ങൾ തമ്മിൽ ശത്രുത വർധിക്കുകയും അതും നാശത്തിന് വഴിയൊരുക്കുമെന്നും മീഡ് പ്രവചിക്കുന്നു. ഇതിനെ തുടർന്ന് ലോകമാകമാനം തീവ്രവാദ ആക്രമണങ്ങൾ അരങ്ങേറുകയും ചെയ്യും. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ അതിന് ഉദാഹരണമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എന്നാൽ ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെന്നാണ് നാസ പ്രതികരിച്ചിരിക്കുന്നത്.