- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ ദൂരദർശൻ കാണാൻ വന്ന കുറേ കുട്ടികൾ എന്നെ തൊട്ടോട്ടെ എന്നൊക്കെ ചോദിച്ചു; അപ്രതീക്ഷിതമായി പലരും തടഞ്ഞുനിർത്തി സംസാരിക്കും; അനുഭവങ്ങൾ വിവരിച്ച് ഡിഡി മലയാളം ന്യൂസ് റീഡർ ഹേമലത മറുനാടൻ മലയാളിയോട്
സ്റ്റിങ് ഓപ്പറേഷൻ മാദ്ധ്യമപ്രവർത്തനത്തിന്റെ ധാർമ്മികതയും സത്യസന്ധതയും ഇല്ലാതാക്കുന്നു എന്ന് ഹേമലത. 'അന്വേഷണാത്മക മാദ്ധ്യമപ്രവർത്തന'ത്തിന്റെ പേരിൽ ആളുകളുടെ കിടപ്പറയിലും കുളിമുറിയിലും വരെ ക്യാമറകൾ ഒളിപ്പിക്കുന്ന നാണംകെട്ട രീതി അവസാനിപ്പിക്കണം. മാദ്ധ്യമപ്രവർത്തനത്തെ ബിസിനസ്സ് ആയി കാണാതെ സേവനമായി പരിഗണിക്കുന്ന നിലയുണ്ടാവണം
സ്റ്റിങ് ഓപ്പറേഷൻ മാദ്ധ്യമപ്രവർത്തനത്തിന്റെ ധാർമ്മികതയും സത്യസന്ധതയും ഇല്ലാതാക്കുന്നു എന്ന് ഹേമലത. 'അന്വേഷണാത്മക മാദ്ധ്യമപ്രവർത്തന'ത്തിന്റെ പേരിൽ ആളുകളുടെ കിടപ്പറയിലും കുളിമുറിയിലും വരെ ക്യാമറകൾ ഒളിപ്പിക്കുന്ന നാണംകെട്ട രീതി അവസാനിപ്പിക്കണം. മാദ്ധ്യമപ്രവർത്തനത്തെ ബിസിനസ്സ് ആയി കാണാതെ സേവനമായി പരിഗണിക്കുന്ന നിലയുണ്ടാവണം. ചാനലുകൾ തോറുമുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണം. നല്ലൊരു മാദ്ധ്യമ സംസ്‌കാരം വളർത്തിയെടുക്കേണ്ടതിനെക്കുറിച്ച് മറുനാടൻ മലയാളി ലേഖിക സന്ധ്യ ഹരിദാസിനോട് സംസാരിക്കുകയായിരുന്നു, മൂന്നുപതിറ്റാണ്ടായി ദൂരദർശൻ മലയാളം വാർത്തകളിലെ നിറസാന്നിദ്ധ്യമായ ഹേമലത. അഭിമുഖത്തിലേക്ക്:
- കേരളത്തിലെ ആദ്യത്തെ ദൃശ്യമാദ്ധ്യമ പ്രവർത്തകരിലൊരാൾ. എന്തെല്ലാമായിരുന്നു അക്കാലത്തെ അനുഭവങ്ങൾ?
ഇരുപത്തിയൊമ്പതു വർഷത്തിലധികമായി ഞാൻ ദൂരദർശനിൽ വന്നിട്ട്. ഞങ്ങളുടെയൊന്നും തുടക്ക കാലത്ത് മാദ്ധ്യമ പ്രവർത്തനം മത്സരങ്ങളോ അനുകരണങ്ങളോ ഇല്ലാത്തതായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞു. വാർത്തകളിൽ പൊടിപ്പും തൊങ്ങലും ചേർക്കാതെ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു രീതി. എന്നാൽ ഇന്ന് മത്സരങ്ങളും വാർത്തകളുടെ പെരുപ്പിക്കലും മാത്രമാണ് നടക്കുന്നത്.
- എങ്ങനെയായിരുന്നു ദൂരദർശനിലേക്കുള്ള കടന്നു വരവ്?
സത്യത്തിൽ ഞാൻ പഠിച്ചത് കണക്കാണ്. ചെറുപ്പം മുതലേ പത്രം കൃത്യമായി വായിക്കുമായിരുന്നു. വാർത്തകളറിയാൻ താത്പര്യവുമായിരുന്നു. അങ്ങനെയാണ് ആകാശവാണിയിൽ ദൂരദർശനിലേക്ക് വാർത്താ വായനക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കേട്ടത്. അമ്മയാണ് ജോലിക്ക് അപേക്ഷിക്കാൻ പറഞ്ഞത്. അങ്ങിനെയാണ് ദൂരദർശനിലേക്ക് എത്തുന്നത്.
- അന്നത്തെ കാലത്തൊക്കെ ശരിക്കും ഒരു സെലിബ്രേറ്റി തന്നെയായിരുന്നില്ലേ? ആ ഓർമകളൊക്കെ...
(ചിരി) അതെ. പുറത്തൊക്കെ പോകുമ്പോൾ ആളുകൾക്കൊക്കെ വലിയ സ്‌നേഹമാണ്. ഒരുപാട് പേർ വന്ന് സംസാരിക്കുകയൊക്കെ ചെയ്യും. ഒരിക്കൽ ദൂരദർശൻ കാണാൻ വന്ന കുറേ സ്‌കൂൾകുട്ടികൾ എന്റെ അടുത്തു വന്ന് എന്നെ തൊട്ടോട്ടെ എന്നു ചോദിക്കുകയും തൊട്ടു നോക്കുകയുമൊക്കെ ചെയ്തു. ഇപ്പോഴും പുറത്തു നിന്നൊക്കെ കാണുമ്പോൾ ആളുകൾ സ്‌നേഹത്തോടെ വന്ന് സംസാരിക്കാറുണ്ട്.
- ഇന്ന് സ്വകാര്യ ചാനലുകളിൽ കാണുന്ന മിക്ക വാർത്താവതാരകരും ദൂരദർശനിൽ തുടക്കം കുറിച്ചവരാണ്. ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും മികച്ച വാർത്താവതാരകരിലൊരാളാണ് താങ്കൾ. എന്തുകൊണ്ട് മറ്റു ചാനലുകളിലേക്കൊന്നും പോയില്ല?
അവസരങ്ങൾ ധാരാളം വന്നിരുന്നു. പക്ഷെ ഞാൻ തുടക്കം കുറിച്ചത് ദൂരദർശനിലാണ്. ഞാൻ ഇന്നുകാണുന്ന ഹേമലതയായതും ആളുകൾ എന്നെ തിരിച്ചറിഞ്ഞതുമെല്ലാം ദൂരദർശനിലൂടെയാണ്. അതുകൊണ്ടുതന്നെ ഇവിടം വിട്ട് മറ്റെങ്ങോട്ടും പോകാൻ തോന്നിയില്ല. പിന്നെ കൂടുതൽ കാശ് മാത്രം നോക്കിയുള്ള ഈ ചാനൽ ചാട്ടത്തോട് എനിക്കു താത്പര്യവുമില്ല. എന്റെ ലോയൽറ്റി എനിക്കു പ്രധാനപ്പെട്ടതാണ്.
- ദൃശ്യമാദ്ധ്യമപ്രവർത്തകരിലെ തുടക്കക്കാരിൽ ഒരാൾ എന്ന നിലക്ക് അന്നത്തെ മാദ്ധ്യമപ്രവർത്തനത്തിൽ നിന്ന് ഇന്നത്തേതിനു വന്ന മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
വളരെ പോസിറ്റീവായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. കുറച്ചുകൂടി ലൈവായി. പക്ഷെ, മത്സരത്തിന്റെ പുറകേ പോകുമ്പോൾ പലപ്പോഴും വാർത്തകൾക്ക് കൃത്യതയും വ്യക്തതയും നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. വാർത്തകൾ പലപ്പോഴും പെരുപ്പിച്ചു കാണിക്കാൻ ശ്രമം നടത്തുന്നു. സെൻസേഷണലൈസേഷനാണ് എല്ലാം. ബ്രേക്കിങ് ന്യൂസുകളും, എക്‌സ്‌ക്ലൂസീവുകളുമാണ് എല്ലാവർക്കും വേണ്ടത്. ഒരു വാർത്ത ഏതു ചാനൽ ആദ്യം ബ്രേക്ക് ചെയ്യുന്നു എന്ന മത്സരം മാത്രം. കേരളത്തിലെ ഒരു പ്രമുഖ ദ്യശ്യമാദ്ധ്യമപ്രവർത്തകൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്, അപകടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു ചാനലിൽ മരണം നാല് എന്നു പറഞ്ഞാൽ ഞങ്ങൾ അത് അഞ്ച് എന്നാക്കുമെന്ന്. ഇത്തരത്തിൽ വാർത്തകളെ പൊലിപ്പിച്ചുകാട്ടുന്നത് ഒരു നല്ല പ്രവണതയായി തോന്നിയിട്ടില്ല. മരണമൊക്കെ പൊലിപ്പിച്ചു കാട്ടുക എന്നു പറയുമ്പോൾ മനുഷ്യ ജീവന് ഒരു വിലയുമില്ലാ എന്നല്ലേ അർത്ഥം.. അതുപോലെ മറ്റൊരു ട്രെൻഡാണ് 'ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുന' അല്ലെങ്കിൽ 'ഞങ്ങളുടെ വാർത്തയുടെ ഇംപാക്ട്‌ന'. ഇവർ ഈ വാർത്തകളൊക്കെ കൊടുക്കുന്നു എന്നത് ശരിതന്നെ. പക്ഷെ പിന്നീട് ഈ വാർത്തകൾക്ക് എന്തു സംഭവിക്കുന്നു എന്നതാണ് അറിയാത്തത്. അതിന്റെ തുടർച്ച ആരും അന്വേഷിക്കുന്നില്ലല്ലോ.
- പുതിയ ധാരാളം ചാനലുകൾ ഇപ്പോൾ പൊട്ടിമുളക്കുന്നുണ്ട്. ഈ ചാനൽ മത്സരങ്ങൾക്കിടയിൽ, ഇപ്പോഴും പഴയരീതി തന്നെ അവലംബിക്കുന്നത് ദൂരദർശനെ മുൻനിരയിൽ നിന്നും പിന്തള്ളാൻ കാരണമായി എന്ന് തോന്നിയിട്ടുണ്ടോ?
ഒരിടയ്ക്ക് ദൂരദർശന് പ്രേക്ഷകർ കുറഞ്ഞിരിക്കാം. പക്ഷെ, ഇപ്പോൾ വീണ്ടും ഒരുപാടു പേർ ദൂരദർശനിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. നമ്മുടെ പല സ്വകാര്യ ചാനലുകളും ഇപ്പോൾ കുടുംബത്തോടെ ഇരുന്നു കാണാൻ പറ്റാത്ത അവസ്ഥയല്ലേ. ഇപ്പോൾ ആളുകളുടെ കിടപ്പുമുറിയിൽ വരെ ക്യാമറ വച്ചുള്ള 'അന്വേഷണാത്മക മാദ്ധ്യമപ്രവർത്തന'മാണല്ലോ നടക്കുന്നത്. സ്വകാര്യ ചാനലുകളുടെ ഇത്തരം തരംതാണ പ്രവർത്തികൾ ആളുകളെ വീണ്ടും ദൂരദർശനിലേക്ക് അടുപ്പിക്കുന്നുണ്ട്. മാത്രമല്ല, വാർത്തകളുടെ വ്യക്തതയും കൃത്യതയും ദൂരദർശന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്.
- ഇനി വാർത്താവായനയുടെ കാര്യത്തിലേക്കു വരാം.. അന്നത്തെയും ഇന്നത്തേയും രീതികളിൽ എന്തു വ്യത്യാസമാണ് തോന്നിയിട്ടുള്ളത്?
വലിയൊരു വ്യത്യാസം എന്നത്, ഇന്ന് മലയാള ഭാഷയെ കൊല്ലുന്നു എന്നതു തന്നെയാണ്. ഞങ്ങളുടെ ഒക്കെ സമയത്ത് ശരിയായ ഉച്ചാരണം നിർബന്ധമായിരുന്നു. ഇന്ന് പലരും വായിക്കുന്നത് കേട്ടാൽ വല്ലാത്ത വിഷമം തോന്നാറുണ്ട്. അത് ചാനലുകളുടെ ഉദാസീനതയാണോ അതോ സ്‌കൂളുകളിൽ നിന്നും ശരിക്കും പറഞ്ഞുകൊടുക്കാത്തതു കൊണ്ടാണോ എന്നറിഞ്ഞുകൂടാ.
- അതുമാത്രമല്ലല്ലോ, ഇന്നുള്ളവർ വെറും വായനക്കാർ മാത്രമാണോ? ചാനൽ ചർച്ചകളും മറ്റും നടത്തുന്നതും ഇവർ തന്നെയല്ലേ? അപ്പോൾ അന്നത്തേക്കാൾ കൂടുതൽ ജോലിഭാരം ഇന്നുള്ളവർക്കല്ലേ?
ഇത്തരം ചർച്ചകളാണ് വാർത്തയേയും ചാനലിനേയും ലൈവ് ആക്കുന്നത്. അതിനവസരം ലഭിക്കുന്നവർ ശരിക്കും ഭാഗ്യം ചെയ്തവരാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കാരണം, അവർക്ക് അവരുടെ അറിവ് പ്രകടിപ്പിക്കാനും കൂടുതൽ അറിയാനും ഉള്ള അവസരം കൂടിയാണ്. പക്ഷെ, ഇത്തരം ചർച്ചകളുടെ വലിയ ഒരു പോരായ്മ എന്നത്, വെറുതേ സമയം കളയാൻ വേണ്ടി എന്തെങ്കിലും വിഷയമെടുത്തിടും. അതുപോലെ ചർച്ചകളിൽ പങ്കെടുക്കുന്നവരെ അപമാനിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്നു. എങ്ങനത്തെ ആളുകളായാലും വിളിച്ചു വരുത്തുന്ന അതിഥികളെ അപമാനിക്കുന്നത് അന്തസ്സുള്ള മാദ്ധ്യമപ്രവർത്തനമായി കണക്കാക്കാനാവില്ല. പിന്നെ മറ്റുള്ളവർക്ക് പറയാൻ അവസരം കൊടുക്കണം. അപ്പോളല്ലേ എല്ലാ ചർച്ചകളും ആരോഗ്യകരമാകൂ. അല്ലാതെ ഒരാൾ സംസാരിക്കുന്നതിനിടയിൽ കയറി പറയുന്നതും അവരെ സംസാരിക്കാൻ സമ്മതിക്കാതിരിക്കുന്നതുമൊന്നും അത്ര ശരിയായ രീതിയല്ല. അതിനോടെല്ലാം എനിക്ക് കടുത്ത വിയോജിപ്പുണ്ട്.
- പുതിയ വാർത്താ ചാനലുകളെക്കുറിച്ച്?
അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇത്രയും ചാനലുകൾക്കൊക്കെ ഇവിടെ ഇടം ഉണ്ടോ? ആളുകൾ എത്ര ചാനലുകൾ കാണും? എന്താ ഈ ചാനലുകളിലൊക്കെ 24 മണിക്കൂറും കാണിക്കുന്നത്? ഒരു പിടിയുമില്ല. ചാനലുകളും ചാനലിൽ ആളുകളും കൂടുന്നതിനനുസരിച്ച് വാർത്തയുടെ വിശ്വാസ്യത കുറയുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളുടെയൊക്കെ തുടക്ക കാലത്ത് വളരെ കുറച്ചാളുകളേ ചാനലിൽ ഉണ്ടായിരുന്നുള്ളു. എത്ര ആസ്വദിച്ചായിരുന്നു അന്നൊക്കെ ജോലി ചെയ്തിരുന്നത്. 1987ലെ അസംബ്ലി ഇലക്ഷനൊക്കെ ഇപ്പോഴും ഏറ്റവും സുന്ദരമായ ഓർമയാണ്. വളരെ പരിമിതമായ. ആളുകളെ വച്ച് വൃത്തിയായി അതു ചെയ്യാൻ സാധിച്ചു. രാവിലെ വന്നാൽ പിറ്റേന്ന് പുലർച്ചയ്ക്ക് രണ്ടു മണിയൊക്കെയാകും തിരിച്ചു പോകാൻ. ഇപ്പോൾ എത്ര ആളുകളാ ചാനലുകളിൽ. എന്നിട്ടും എന്തെല്ലാം അബദ്ധങ്ങൾ പറ്റുന്നു. ഒരുപാടു പേരെ വച്ച് എന്തെല്ലാമോ കാണിച്ചു കൂട്ടുകയല്ലേ... ചാനലുകൾക്കൊപ്പം ജേർണലിസം പഠിപ്പിക്കുന്ന സ്ഥാപനങ്ങളും നാൾക്കു നാൾ പെരുകി വരുന്നുണ്ടല്ലോ.
- മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് മാദ്ധ്യമ രംഗത്തേക്ക് കടന്നുവന്ന ഒരു സ്ത്രീയെന്ന നിലയിൽ എന്തെല്ലാമായിരുന്നു നേരിടേണ്ടി വന്നത്?
ഒരിക്കലും ഒരു സ്ത്രീയെന്ന നിലയിൽ യാതൊരു പ്രശ്‌നങ്ങളും എനിക്കീ രംഗത്ത് നേരിടേണ്ടി വന്നിട്ടില്ല. നേരത്തേ പറഞ്ഞതുപോലെ പുലർച്ചെ രണ്ടു മണി വരെയൊക്കെ ജോലി ചെയ്യുമ്പോളും സഹപ്രവർത്തകരുടെ പൂർണ പിന്തുണ എനിക്കുണ്ടായിരുന്നു. ഒരു ആൺപെൺ വ്യത്യാസം ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ല.
- പ്രശസ്തരായ ഒരുപാടു പേരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ടല്ലോ. മനസ്സിന് ഏറ്റവും സംതൃപ്തി നൽകിയ വർക്ക് ഏതായിരുന്നു?
ധാരാളം പേരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഒരുപാട് വലിയ അനുഭവങ്ങളായിരുന്നു അതൊക്കെ. അതിൽ സുഗതകുമാരി ടീച്ചറുമായുള്ള ഇന്റർവ്യൂ ഒരുപാട് സന്തോഷം തന്ന ഒന്നാണ്.
- നേരത്തേ പറഞ്ഞല്ലോ മറ്റു ചാനലുകളിലേക്കൊന്നും പോകാൻ തോന്നിയിട്ടില്ല എന്ന്. കണക്ക് പഠിച്ച താങ്കൾക്ക് ഇതായിരുന്നില്ല സ്വന്തം മേഖല എന്ന് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ?
ഇല്ല എന്നു പറയുന്നില്ല. ചിലപ്പോളൊക്കെ തോന്നിയിട്ടുണ്ട്, ഈ രംഗത്തേക്കാൾ മറ്റൊരു രംഗത്തേക്ക് പോയാൽ കുറച്ചു കൂടി ശോഭിക്കാമായിരുന്നു എന്ന്. എങ്കിലും ഞാൻ സന്തോഷവതിയാണ്.
- മാദ്ധ്യമരംഗത്തേക്ക് കടന്നു വരുന്ന പുത്തൻ തലമുറയുടെ ദോഷങ്ങൾ?
പലരും മറ്റൊന്നുമില്ല എന്ന അവസ്ഥയിലാണ് ഈ മേഖലയിലേക്ക് വരുന്നതെന്ന് തോന്നിയിട്ടുണ്ട്. പിന്നെ മറ്റൊരു ആകർഷണം ഈ രംഗത്തെ ഗ്ലാമർ ആണ്. കൈയിൽ ഒരു മൈക്കും മുമ്പിൽ ഒരു ക്യാമറയും ആയാൽ ലോകം മുഴുവൻ സ്വന്തം കാൽ ചുവട്ടിലാണെന്നാണ് പലരുടേയും വിചാരം. പിന്നെ ഇപ്പോളത്തെ കുട്ടികൾക്ക് പത്രം വായന വളരെ കുറവാണ്. വാർത്തകളും സംഭവങ്ങളും കൃത്യമായി പഠിക്കാൻ അവർ ശ്രമിക്കുന്നില്ല.
- ഇത്രയും കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇനി ഈ രംഗത്ത് ഏതു തരം മാറ്റങ്ങൾ വരണം എന്നാണ് ആഗ്രഹിക്കുന്നത്?
സത്യസന്ധത തിരിച്ചു വരണം. അതു തന്നെയാണ് ഏറ്റവും വലിയ ആവശ്യം. നേരത്തെ പറഞ്ഞപോലെ 'അന്വേഷണാത്മക മാദ്ധ്യമപ്രവർത്തന'ത്തിന്റെ പേരിൽ ആളുകളുടെ കിടപ്പറയിലും കുളിമുറിയിലും വരെ ക്യാമറകൾ ഒളിപ്പിക്കുന്ന നാണംകെട്ട രീതി അവസാനിപ്പിക്കണം. മാദ്ധ്യമ പ്രവർത്തനം ഒരു ബിസിനസ്സ് ആയി മാറുന്നു. അത് ഒരു സേവനമാണെന്ന് മനസ്സിലാക്കുന്ന ഒരു തലമുറയെ ആണ് നമുക്കാവശ്യം. ചാനലുകൾ തോറുമുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണം. നല്ലൊരു മാദ്ധ്യമ സംസ്‌കാരം വളർത്തിയെടുക്കണം.
- കുടുംബം?
ഭർത്താവ് കണ്ണൻ ദുരദർശനിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഒരു മകളാണ് ഞങ്ങൾക്ക്. പൂർണിമ. ചെന്നൈയിലാണ് പഠിക്കുന്നത്.