ന്റർനെറ്റും വൈഫൈയുമില്ലാതെ മൊബൈലിൽ ടിവിചാനലുകൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി പ്രസാർ ഭാരതി തിരിച്ചു വരവിനൊരുങ്ങുന്നു. ദൂരദർശനുൾപ്പെടെ 20 ചാനലുകൾ ലഭ്യമാക്കാനാണ് നീക്കം. മൊബൈൽ ഇന്റർ നെറ്റോ, ബ്രോഡ്ബാന്റോ, വൈഫൈ സർവീസോ ഇല്ലാതെ സ്മാർട്ട് ഫോണുകളിൽ ദുരദർശൻ ചാനലുകൾ സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി.

സ്വകാര്യ ചാനലുകളുടെ കടുത്ത മത്സരത്തിനിടെ പിടിച്ചു നിൽക്കാനാണ് പ്രസാർഭാരതിയുടെ പുതിയ നീക്കം. ദൂരദർശന്റെ 20 സൗജന്യ ടെലിവിഷൻ ചാനലുകളും എഫ്എം ഗോൾഡടക്കമുള്ള എല്ലാ റേഡിയോ ചാനലുകളും സ്മാർട്ട് ഫോണികളിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. പദ്ധതിയുടെ രൂപരേഖ പ്രസാർ ഭാരതി വാർത്താവിതരണ മന്ത്രാലയത്തിന് സമർപ്പിച്ചു. ചാനലുകൾ ലഭിക്കുന്നതിനായി പ്രത്യേക ഡോങ്കിൾ ഫോണിൽ ഘടിപ്പിക്കണം. ഡോങ്കിൾ ഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ മൊബൈൽ നിർമ്മാതാക്കളുമായി പ്രസാർ ഭാരതി ചർച്ച ആരംഭിച്ചതായി പ്രസാർ ഭാരതി സി ഇ ഒ സിർകാർ അറിയിച്ചു.

അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യയും പരിഷ്‌കരിച്ച് മാത്രമേ പുതിയ പദ്ധതി നടപ്പാക്കാൻ കഴിയും. വലിയ തോതിലെ മൂലധന നിക്ഷേപം വേണ്ടിരുന്ന പദ്ധതിയാണ്. ഇത്. അതുകൊണ്ട് തന്നെ എല്ലാ സാധ്യതയും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കൂ. പുതിയ തലമുറ കൂടുതൽ നേരവും സ്മാർട് ഫോണുകളിലാണ് സമയം ചെലവഴിക്കുന്നത്. പത്രം വായിക്കാനും ടിവി കാണാനുമെല്ലാം സ്മാർട് ഫോണുകളുടെ സഹായം തേടുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ഇത്. പലപ്പോഴും ലൈവ് ടിവി ചാനലുകൾ ഇന്റർനെറ്റ് ഉപയോഗിച്ച് സ്ട്രീം ചെയ്ത് കാണുന്നത് ഏറെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംവിധാനത്തിലൂടെ അത് മൊബൈലുകളിൽ ലഭ്യമാക്കാൻ നീക്കം.

ഡിജിറ്റൽ സിഗ്‌നലുകൾ ഫോണിൽ നേരിട്ട് എത്തിക്കാനാണ് ആലോചന. ഈ സിഗ്‌നലുകൾ പിടിച്ചെടുക്കാനാകുന്ന ഡോങ്കിളുകൾ ഫോണിലുണ്ടായാൽ ഇത് സാധ്യമാകും. ടെലിവിഷനിൽ ദൃശ്യങ്ങൾ കാണുന്നതിന് സമാനമായി ഇവ മൊബൈലിലും എത്തും. ഇതിലൂടെ ഇന്റർനെറ്റ് ചാർജ് കുറയ്ക്കുകയും ചെയ്യാം.