- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൂരദർശൻ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു; ഏക കേന്ദ്രം തിരുവനന്തപുരത്തേത് മാത്രമാകും; ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായാണ് നീക്കം
ന്യൂഡൽഹി: ദൂരദർശൻ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു.ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായാണ് നീക്കം. ഭൂതല സംപ്രേഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രം മാത്രമാകും ഇനി സംസ്ഥാനത്തുണ്ടാവുക.
കാഞ്ഞങ്ങാട്, കണ്ണൂർ, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകൾക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊർണൂർ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാർച്ച് 31-നും പൂട്ടും. പൂട്ടുന്നവയിൽ മൂന്നെണ്ണം ഹൈപവർ ട്രാൻസ്മിറ്റർ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവർ ട്രാൻസ്മിറ്റർ കേന്ദ്രങ്ങളുമാണ്.
ഇവിടങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കാൻ ഉത്തരവിറങ്ങി. പുനർവിന്യാസകാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.നിലവിലെ ജീവനക്കാരിൽ 90 ശതമാനവും 2025-ൽ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകൾ പൂട്ടുന്നതോടെ കേന്ദ്രസർക്കാരിന് വർഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും.
നിശ്ചിത തീയതിക്കകം സ്റ്റേഷനുകളിലെ സ്ഥാവര ജംഗമവസ്തുക്കളുടെ കണക്കെടുക്കാനും എല്ലാ ഇടപാടുകളും തീർക്കാനും ജീവനക്കാരെ പുനർവിന്യാസംചെയ്ത് വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കാനുമാണു നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ