കൊച്ചി: നമ്മുടെ ഉള്ളിലെ വികാരങ്ങളുടെ തോത് അളക്കാൻ പറ്റുമോ... എത്രത്തോളം സന്തോഷമുണ്ട് എത്രത്തോളം ദുഃഖമുണ്ട് എന്നൊക്കെ.. പറ്റും എന്നാണ് സാങ്കേതികവിദ്യ കൊച്ചി സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.ഇതിന് തെളിവായി അവർ മുന്നോട്ട് വെക്കുന്നതാകട്ടെ സന്തോഷത്തിന്റെ തോത് അളക്കുന്നതിനായി സ്വന്തമായി കണ്ടെത്തിയ ഡോപ്പാ മീറ്റർ എന്ന ഉപകരണവും. ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാൻ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.

4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാൻ എളുപ്പമാണ്. പരിശോധനയ്ക്ക് ഒരു തുള്ളി രക്തമേ വേണ്ടൂ, രണ്ട് സെക്കൻഡിൽ ഫലം ലഭിക്കും. പ്രോഗ്രാം ചെയ്യാവുന്ന ഇതിന്റെ ഡിസ്പോസിബിൾ ഇലക്ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകൾ നിർണയിക്കാൻ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

നാഡീതന്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന രാസപദാർഥമായ ഡോപ്പമൈൻ ആണ് സന്തോഷമുൾപ്പെടെയുള്ള മനുഷ്യവികാരങ്ങൾക്ക് പ്രേരണയാകുന്നത്. ഡോപ്പമൈന്റെ അളവ് നിർണയിക്കുന്ന ഡോപ്പാ മീറ്റർ എന്ന സെൻസർ ഉപകരണമാണ് ഡോ. ശാലിനി മേനോൻ വികസിപ്പിച്ചത്. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാർഗ നിർദ്ദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ സി.എസ്‌ഐ.ആർ. റിസർച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോൻ ഡോപ്പാ മീറ്റർ എന്ന സെൻസറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്.