- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ആഘോഷമാക്കി തമിഴകം; കമലയുടെ മാതാവിന്റെ ജന്മസ്ഥലമായ മന്നാർഗുഡി തുളസേന്ദ്രപുരത്ത് ഗ്രാമത്തിന്റെ പേരക്കുട്ടിക്കായി പ്രത്യേക പൂജ; രസവും സാമ്പാറും അവിയലും അടങ്ങിയ ദക്ഷിണേന്ത്യൻ വിഭവങ്ങളും കമലയ്ക്ക് പ്രിയങ്കരം; മസാല ദോശ ചുടുന്ന കമലയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ; യുസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഏഷ്യൻ വംശജ എത്തിയതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഫണ്ട് സമാഹരണത്തിലും വൻ വർദ്ധന
ചെന്നൈ: തമിഴ് - ജമൈക്കൻ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയതോടെ തെരഞ്ഞെടുപ്പു രംഗത്ത് വലിയ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്. ജോ ബൈഡനെ പിന്തുണയ്ക്കുന്നവരുടെ നിരയിൽ വലിയൊരു വർദ്ധന തന്നെ ഉണ്ടായി എന്നാണ് ഇതോടെ പുറത്തുവരുന്ന വാർത്തകൾ. അമേരിക്കയിലെ ഏഷ്യൻ വംശജർക്കിടയിലും വലിയ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്. കമലയുടെ വരവോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെുപ്പു ഫണ്ടിലേക്കും ലക്ഷങ്ങൾ ഒഴുകുന്നുണ്ട്.
അതേസമയം കമലയുടെ സ്വാനാർത്ഥിത്വം തമിഴകത്തും വലിയ ചർച്ചയായിട്ടുണട്. തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി തുളസേന്ദ്രപുരം മുതൽ ചെന്നൈ ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രം വരെ- കാവേരി തീരം മുതൽ തലസ്ഥാനമായ ചെന്നൈ വരെ നീളുന്നതാണു യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ തമിഴ്നാട് ബന്ധം. കമല സ്ഥാനാർത്ഥിയായതോടെ തുളസേന്ദ്രപുരത്തെ ധർമ ശാസ്താ ക്ഷേത്രത്തിൽ ഗ്രാമത്തിന്റെ പ്രിയപ്പെട്ട പേരക്കുട്ടിക്കായി പ്രത്യേക പൂജ നടക്കാൻ ഒരുങ്ങുകയാണ്. വിഘ്നങ്ങളൊഴിഞ്ഞു എല്ലാം ഭംഗിയാകാൻ വരസിദ്ധി വിനായക ക്ഷേത്രത്തിൽ നാളികേരമുടയ്ക്കും. ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി കമല എപ്പോഴും എടുത്തുപറയുന്നതു 2 പേരെയാണ്. അമ്മ ശ്യാമള ഗോപാലൻ, അമ്മയുടെ അച്ഛൻ പി.വി. ഗോപാലൻ. മുത്തച്ഛൻ പി.വി. ഗോപാലന്റെ ജന്മദേശമാണു മന്നാർഗുഡിയിലെ തുളസേന്ദ്രപുരം.
ജോലിയിൽ നിന്നു വിരമിച്ച ശേഷം ഗോപാലനും കുടുംബവും താമസിച്ചിരുന്നതു ബസന്റ് നഗറിലായിരുന്നു. മുത്തച്ഛന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തതു 'ദ് ട്രൂത്സ് വി ഹോൾഡ്' എന്ന ആത്മകഥയിൽ കമല ഓർക്കുന്നുണ്ട്. 1998 ൽ ഗോപാലൻ മരിക്കുന്നതുവരെ, ശ്യാമളയ്ക്കൊപ്പം ഇടയ്ക്കിടെ ചെന്നൈ സന്ദർശിക്കാറുണ്ടായിരുന്നു. 2009 ൽ ശ്യാമള മരിച്ചപ്പോൾ അവരുടെ ആഗ്രഹപ്രകാരം ചിതാഭസ്മം ബംഗാൾ ഉൾക്കടലിൽ ഒഴുക്കാനുമെത്തി.
ചെന്നൈയിലെത്തുമ്പോൾ രാവിലെ മുത്തച്ഛനൊപ്പം കൊച്ചു കമലയും ബസന്റ് നഗർ ബീച്ചിൽ പ്രഭാത സവാരിക്കിറങ്ങും. സർക്കാർ സർവീസിൽ നിന്നു വിരമിച്ച മുത്തച്ഛന്റെ കൂട്ടുകാരുമുണ്ടാകും. രാഷ്ട്രീയവും ഭരണവും അഴിമതിയുമെല്ലാം ചർച്ചയാകുന്ന ആ പ്രഭാത സവാരികൾ പിൽക്കാലത്ത് നിലപാടുകൾ സ്വീകരിക്കാൻ തന്നെ ഏറെ സഹായിച്ചതായി കമല പറഞ്ഞിട്ടുണ്ട്. വീട്ടമ്മയായിരുന്ന മുത്തശ്ശി രാജവും ചെന്നൈ ജീവിത കാലത്ത് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബസന്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്ര നിർമ്മാണ സമിതിയിൽ ശ്യാമള അംഗമായിരുന്നു.
2010 ൽ കലിഫോർണിയ അറ്റോണി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുമ്പോൾ കമല അമ്മയുടെ ഇളയ സഹോദരി ചെന്നൈയിൽ ഗൈനക്കോളജിസ്റ്റായ ഡോ. സരളയെ വിളിച്ചു പറഞ്ഞു: 'ചിത്തി (അമ്മയുടെ അനിയത്തിയെ തമിഴിൽ വിളിക്കുന്നത്) വിജയത്തിനായി പ്രാർത്ഥിക്കണം. ക്ഷേത്രത്തിൽ നാളികേരമുടയ്ക്കണം'. 108 നാളികേരമുടച്ച് സരള പ്രാർത്ഥിച്ചു. ഫലം വന്നപ്പോൾ സന്തോഷവും ചിരിയും കലർത്തിയ വിളിയെത്തി. 'ചിത്തി, ഓരോ നാളികേരത്തിനും എനിക്ക് 1000 വോട്ടു വീതം ലഭിച്ചു'. 2016 ൽ സെനറ്റർ സ്ഥാനത്തേയ്ക്കു മത്സരിച്ചപ്പോഴും വിനായകനു മുന്നിൽ സരള 108 നാളികേരമുടച്ചു.
അതേസമയം കമല ബന്ധുക്കളോടു അടുത്ത ബന്ധം പുലർത്തിയ വ്യക്തി കൂടിയായിരുന്നു. അവരുടെ വ്യക്തിത്വത്തിന്റെ ശക്തിസ്രോതസ്സുകളും പ്രശസ്തമാണ്. എന്നാൽ, കമലയുടെ ശക്തി മാത്രമല്ല, ദൗർബല്യങ്ങളും ഡൽഹിയിൽ താമസിക്കുന്ന മാതൃസഹോദരൻ ജി. ബാലചന്ദ്രന് അറിയാം രസവും സാമ്പാറും അവിയലും. ഇതെല്ലാം വലിയ ഇഷ്ടമാണ് കമലയ്ക്ക്. സഹോദരിയും കമലയുടെ അമ്മയുമായ ശ്യാമളയ്ക്കൊപ്പം ബാലചന്ദ്രൻ അമേരിക്കയിൽ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിനു വേണ്ട കറികളെല്ലാം ശ്യാമള പാകം ചെയ്തു ശീതീകരിച്ചു സൂക്ഷിക്കും. ഊണു കഴിക്കാൻ നേരം നോക്കുമ്പോൾ പാത്രങ്ങളിൽ പാതിവിഭവമേ കാണൂ. കമലയും അനിയത്തി മായയും കൂടി കഴിച്ചുതീർക്കുന്നതാണ്.
ഐഡിഎസ്എ കൺസൾട്ടന്റായിരുന്ന ബാലചന്ദ്രന് കഴിഞ്ഞ ദിവസം ഫോൺകോളുകളുടെ തിരക്കായിരുന്നു. കമല എന്ന അനന്തരവളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി എല്ലാവരും വിളിച്ചുകൊണ്ടേയിരുന്നു. ഇരുവരും അവസാനം കണ്ടത് 2017 ജനുവരിയിൽ സെനറ്ററായുള്ള കമലയുടെ സ്ഥാനാരോഹണച്ചടങ്ങിലായിരുന്നു. കുടുംബബന്ധങ്ങൾക്ക് വലിയ സ്ഥാനം കൊടുക്കുന്ന കമല തന്റെ മാതൃസഹോദരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. 'അന്നു കമല ഞങ്ങളെ ബൈഡനു പരിചയപ്പെടുത്തി. കഴിഞ്ഞ വർഷം യുഎസിൽ പോയപ്പോൾ കമലയെ നേരിട്ടു കാണാൻ കഴിഞ്ഞില്ല. പക്ഷേ, ഫോണിൽ ദീർഘനേരം സംസാരിച്ചു' ബാലചന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതു വാർത്തകളിലൂടെയാണ് അറിഞ്ഞത്. മാസങ്ങളായി കമലയെ ബാലചന്ദ്രൻ അങ്ങോട്ടു വിളിക്കാറില്ല. ഇമെയിലുകൾ ചോർന്നാലോ. ഇന്ത്യയിലുള്ള അമ്മാവൻ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നു വ്യാജവാർത്ത പ്രചരിക്കുന്നതു കാണാൻ ആഗ്രഹമില്ല' അദ്ദേഹം വ്യക്തമാക്കി.
ശ്യാമള 19ാം വയസ്സിലാണ് ഉപരിപഠനത്തിനായി ഇന്ത്യ വിട്ടത്. പക്ഷേ, അവർ ഒരിക്കലും വേരുകൾ മറന്നില്ല. ശ്യാമള കർണാടക സംഗീതജ്ഞ കൂടിയായിരുന്നു. മനോഹരമായി പാടുമായിരുന്നു. നാട്ടിൽ വരുമ്പോൾ മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്ന വീട്ടിലാണു തങ്ങിയിരുന്നത്. 'എന്റെ അച്ഛനുമായി അടുത്ത ബന്ധമായിരുന്നു കമലയ്ക്ക്. അപ്പോഴേയ്ക്കും അച്ഛൻ ജോലിയിൽനിന്നു വിരമിച്ചു. കമല അദ്ദേഹത്തിനൊപ്പം ബീച്ചിലൂടെ നടക്കുമായിരുന്നു. സത്യത്തിൽ, എന്നെക്കാളുമേറെ അച്ഛനെ അടുത്തറിയാൻ കഴിഞ്ഞത് അനന്തരവൾക്കാണ്' ബാലചന്ദ്രൻ പറയുന്നു.
അതേസമയം സൈബർ ലോകത്തും കമല ഹാരിസ് ട്രെൻഡിങ് വിഷയമാണ്. കമലയ്ക്ക് ദക്ഷിണേന്ത്യൻ ഭക്ഷണം ഏറെ ഇഷ്ടമാണ്. കമല മസാല ദോശ ഉണ്ടാക്കുന്ന വീഡിയോ ഇപ്പോൾ തന്നെ സൈബർ ലോകത്ത് ട്രെൻഡിംഗാണ്. മിൻഡി കാളിങ്ങിനൊപ്പമാണ് കമല മസാല ദോശ ഉണ്ടാക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്