- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടനമ്പർ ക്രമീകരണം ഇരട്ടിപ്പണി; അപ്രായോഗികമെന്ന് ബസ് ഉടമകൾ; കോവിഡ് വ്യാപനത്തിന് കളമൊരുക്കുന്നതിന് പുറമേ സാമ്പത്തിക നഷ്ടവും; പ്രതിഷേധവുമായി ബസ് ഉടമകൾ
തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസിന് സർവീസ് നടത്താൻ ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം ഏർപ്പെടുത്തിയത് അപ്രായോഗികമെന്ന് ബസ് ഉടമകൾ. കോവിഡ് നിയന്ത്രണത്തിന് പകരം കോവിഡ് വ്യാപനത്തിനുള്ള സാഹചര്യമാണ് ഇതൊരുക്കുകയെന്നും ഒപ്പം ബസുടമകൾക്ക് സാമ്പത്തിക നഷ്ടവും വരുമെന്നും ഇവർ പറയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട എന്നിങ്ങനെ രജിസ്ട്രേഷൻ നമ്പർ വേർതിരിച്ച് ബസുകൾക്ക് അനുമതി നൽകുന്നത് ഒരു ദിവസം റോഡിലിറങ്ങുന്ന ബസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ഇത് യാത്രക്കാരുടെ എണ്ണം കൂടുന്നതിനും ബസ് സ്റ്റോപ്പുകളിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല ചില റൂട്ടുകളിലേക്ക് ബസുകൾ തന്നെ ഇല്ലാത്ത അവസ്ഥയുമുണ്ടാകും.
ഒരു ദിവസം ബസ് ഓടുകയും പിറ്റേ ദിവസം നിർത്തിയിടുകയും ചെയ്യുന്നത് നഷ്ടം വരുത്തിവെക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ബസുടമകൾ ഇന്ന് യോഗം ചേരുന്നുണ്ട്.
സ്വകാര്യ ബസ് സർവീസുകൾ ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താനാണ് ഇന്നലെ തീരുമാനമായത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
ജൂൺ 18ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്. തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും സർവീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഇതുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ