ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിലായിരുന്നു നരേന്ദ്ര മോദിക്ക് വികാസ്പുരുഷൻ ഇമേജ് ഉണ്ടായിരുന്നത്. അന്ന് ഗുജറാത്ത് തിളങ്ങുന്ന ഇന്ത്യയായി അവതരിപ്പിച്ചുള്ള പ്രചരണമാണ് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഗുജറാത്തിലേക്ക വൻകിട വ്യവസായങ്ങൾ കൊണ്ടുവരാൻ മോദിക്കു സാധിച്ചു. ഇകതിന്റെ ഗുണഭോക്കളായി വമ്പൻ വ്യവസായികളും ഗുജറാത്തിൽ പിറവിയെടുത്തു. പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ അടിസ്ഥാന സൗകര്യ വിഷയത്തിലായിരുന്നു മോദി ആദ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ഗ്രാമങ്ങളിൽ കക്കൂസുകൾ നിർമ്മിക്കാൻ മുൻകൈയെടുത്തു അദ്ദേഹം. പിന്നാലെ ഗ്രാമീണർക്ക് ഗ്യാസ് കണക്ഷനുകൾ അടക്കം കൂടുതലായി എത്തിച്ചു. സമ്പൂർണ വൈദ്യുതീകരണത്തിന് വേണ്ടിയുള്ള ശ്രമങ്ങളും ഒരു വശത്തു നടക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചു സർക്കാർ ബിസിനസു നടത്തേണ്ട കാര്യമില്ലെന്ന നിലപാടിലാണ് മോദി എത്തിച്ചേർന്നത്. നഷ്ടത്തിലായ എയർഇന്ത്യ ടാറ്റക്ക് വിട്ടു കൊടുത്തതു തന്നെ ഈ നയത്തിന്റെ തെളിവായി. എന്നാൽ, അടുത്തകാലത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ മങ്ങൽ ഏൽപ്പിച്ചത് സാമ്പത്തിക രംഗത്തെ തകർച്ചയും കർഷക പ്രക്ഷോഭവുമൊക്കെയാണ്. എന്നാൽ, ഇതിനെയെല്ലാം മറികടന്ന് വീണ്ടും തുടർഭരണം ഉറപ്പിക്കാനുള്ള നീക്കങ്ങളുമായാണ് മോദി മുന്നോട്ടു പോകുന്നത്. അതിയി സമഗ്രമായി മാസ്റ്റർപ്ലാൻ തന്നെ തയ്യാറാക്കിയിരിക്കയാണ് അദ്ദേഹം.

പ്രധാന്മന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കന്നതിന്റെ ലക്ഷ്യം മോദി 3.0 സർക്കാർ എന്ന ലക്ഷ്യത്തോടെയാണ്. രാജ്യത്ത് തീർത്തും ദുർബലമായ പ്രതിക്ഷത്തിന് ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് മോദിക്കും ബോധ്യമുണ്ട്. അതുകൊണ്ടു കൂടിയാണ് സമഗ്രമായ പദ്ധതികൾ ആവിഷ്‌ക്കരിച്ചു വീണ്ടും കച്ചമുറുക്കുന്നത. 2024-25 ഓടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും കണക്ടിവിറ്റി ലക്ഷ്യങ്ങൾ നേടുകയും ചെയ്യുന്നതിലൂടെ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുവെപ്പാണ് മോദി നടത്തുന്നത്. രാമക്ഷേത്രം നിർമ്മാണം പൂർത്തിയാകുന്നതു ആ ഘട്ടത്തിലാകും.

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ

രാജ്യത്തെങ്ങും സമഗ്രമായി നടപ്പിലാക്കാൻ കഴിയുന്ന സമഗ്ര പദ്ധതിയാണ് മോദി അണിയറയിൽ തയ്യാറാക്കുന്നത്. രണ്ടു ലക്ഷം കിലോമീറ്റർ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യുന്ന ട്രെയിനുകൾ, ഗ്യാസ് പൈപ്പ്ലൈൻ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റർ ആക്കുക, 220 വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയറോഡ്രോമുകൾ, 11 വ്യാവസായിക ഇടനാഴികൾ ഉൾപ്പെടെ വ്യവസായങ്ങൾക്കായി 25000 ഏക്കർ പ്രദേശം, പ്രതിരോധ മേഖലയിൽ ഉത്പാദനത്തിലൂടെ 1.7 ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുക, 38 ഇലക്ട്രോണിക്സ് നിർമ്മാണ ക്ലസ്റ്ററുകൾ, 109 ഫാർമ ക്ലസ്റ്ററുകൾ തുടങ്ങിയവയാണ് 2024-25 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗതിശക്തി.

നിർദ്ദിഷ്ട ദേശീയ മാസ്റ്റർ പ്ലാനിൽ, നിലവിലുള്ളതും പരിഗണനയിലുള്ളതുമായ എല്ലാ സാമ്പത്തിക മേഖലകളും കര-വ്യോമ-കടൽ മാർഗമുള്ള ചരക്ക് നീക്കങ്ങളെ ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ മാപ്പ് ചെയ്തിട്ടുണ്ട്. 2014-15 ലെ സ്ഥിതി, 2020-21 വരെ കൈവരിച്ച നേട്ടങ്ങൾ, 2024-25 വരെ ആളുകളുടേയും ചരക്കിന്റെയും നീക്കങ്ങൾക്കായുള്ള ആസൂത്രണവും ഇതിൽ ഉൾപ്പെടുന്നു. രാജ്യമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയുടെ പൂർത്തീകരണത്തിനായുള്ള സമയക്രമം അടിസ്ഥാനമാക്കിയുള്ള സമഗ്ര മാപ്പും തയ്യാറായിട്ടുണ്ടെന്ന് ഗതിശക്തി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

തയ്യാറായ ദേശീയ മാസ്റ്റർ പ്ലാനിൽ 16 കേന്ദ്ര വകുപ്പുകൾ ഭാഗമായിട്ടുണ്ട്. മാസ്റ്റർ പ്ലാനിൽ ഏതെങ്കിലും മാറ്റങ്ങൾ അംഗീകരിക്കുന്നതിനായി സർക്കാർ ഈ വകുപ്പുകളുടെയെല്ലാം ഒരു സമിതി (EGoS) ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിക്കും. നിർദേശങ്ങൾ ഏകീകരിക്കുന്നതിനും ആസൂത്രണത്തിനും സംയോജനത്തിനും മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംയോജിത മൾട്ടിമോഡൽ നെറ്റ്‌വർക്ക് ആസൂത്രണ ഗ്രൂപ്പ് (എൻപിജി) മേൽനോട്ടം വഹിക്കും. മാസ്റ്റർ പ്ലാനിന് പുറത്തുള്ള 500 കോടിയുടെ അടിസ്ഥാന സൗകര്യ ശൃംഖലകളുടെ പദ്ധതികളുടെ പരിശോധനയും എൻപിജി നിർവഹിക്കും.

എല്ലാം അതിവേഗത്തിലാക്കാൻ മാസ്റ്റർപ്ലാൻ

2024 ലക്ഷ്യമാക്കി അതിവേഗത്തിലേക്കാൻ സമഗ്രമായ പദ്ധതി തന്നെ മോദി സർക്കാറിനുണ്ട്. എല്ലാ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളും മാസ്റ്റർ പ്ലാൻ ലക്ഷ്യത്തിനായി പ്രവർത്തിക്കും. രണ്ടു ലക്ഷം കിലോമീറ്റർ ദേശീപാത, 5,590 കിലോമീറ്റർ നാല് അല്ലെങ്കിൽ ആറ് വരി പാതകളുള്ള തീരദേശ ഹൈവേ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളേയും നാലുവരിയുള്ള ദേശീയ പാതകളുമായോ ടു ടു ലൈൻ ദേശീയ പാതകളുമായോ ബന്ധിപ്പിക്കും. തുടങ്ങിയവയാണ് റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

റെയിൽവേയെ സംബന്ധിച്ച് 2024-25 ഓടെ 1600 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം. 2020-ൽ 1210 ദശലക്ഷം ടൺ ചരക്കാണ് റെയിൽവേ കൈകാര്യം ചെയ്തത്. അധിക പാതകൾ പൂർത്തിയാക്കി രണ്ട് ചരക്ക് ഇടനാഴികൾ (ഉഎഇ) നടപ്പിലാക്കിക്കൊണ്ട് റെയിൽവേ ശൃംഖലയുടെ 51% ഞെരുക്കം ഒഴിവാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. കൂടാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന 4,000 കി.മീ കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക്, കിഴക്കൻ തീരത്തെ ഇടനാഴികൾക്കായി വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതുണ്ട്.

മൊത്തം വിമാനത്താവളങ്ങൾ 220 ആക്കി നിലവിലുള്ള സൗകര്യങ്ങൾ ഇരട്ടിയാക്കുക എന്നതാണ് വ്യോമയാന മന്ത്രാലയത്തിന് മുന്നിലുള്ള ലക്ഷ്യം. ഹെലിപാഡുകളും ജല എയറോഡ്രോമുകളും ഇതിൽ ഉൾപ്പെടും. 2025 ആകുമ്പോഴേക്കും അധികമായി ഇത്തരത്തിലുള്ള 109 സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. പ്രതിവർഷം 1282 ദശലക്ഷം മെട്രിക് ടൺ ചരക്ക് നീക്ക പ്രാപ്തിയാണ് 2020ലുള്ളത്. ഇത് 1759 ദശലക്ഷം മെട്രിക് ടൺ ചരക്ക് നീക്കമാണ് ഷിപ്പിങ് മന്ത്രാലയം ലക്ഷ്യംവെക്കുന്നതെന്നാണ് മാസ്റ്റർ പ്ലാനിലുള്ളത്. എല്ലാ ദേശീയ ജലപാതകളിലെയും ചരക്ക് നീക്കം 74 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 95 ദശലക്ഷം മെട്രിക് ടണ്ണായും ഗംഗാനദിയിലെ ചരക്ക് നീക്കം ഒമ്പത് ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 29 ദശലക്ഷം മെട്രിക് ടണ്ണായും ഉയർത്തും. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ വഴി വാരാണസിക്കും സദിയയ്ക്കും ഇടയിൽ, ബദർപൂർ, കരിംഗഞ്ച് എന്നിവിടങ്ങളിലെ കപ്പലുകളുടെ വർഷാവസാന നീക്കം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗ്യാസ് പൈപ്പ് ലൈൻ ശൃംഖല ഇരട്ടിയാക്കി 34500 കിലോമീറ്ററിലെത്തിക്കും. ഇതിന്റെ ഭാഗമായി വ്യാവസായ ആവശ്യങ്ങളേയും വിതരണ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 17,000 കിലോമീറ്റർ നീളമുള്ള ട്രങ്ക് പൈപ്പ്ലൈൻ അധികമായി നിർമ്മിക്കും. 2027 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കുന്ന ട്രങ്ക് പ്രകൃതിവാതക പൈപ്പ്ലൈൻ ശൃംഖലയാണ് ലക്ഷ്യത്തിലുള്ളത്. 2024-25 ഓടെ മൊത്തം വിതരണ ശൃംഖല 4.52 ലക്ഷം സർക്യൂട്ട് കിലോമീറ്ററാണ് ലക്ഷ്യമിടുന്നത്. പുനരുപയോഗിക്കുന്ന ഊർജ ശേഷി 87.7 ജിഗാവാട്ടിൽ നിന്ന് 225 ജിഗാവാട്ടായി ഉയർത്തും. രാജ്യത്തെ മൊത്തം ഊർജ ഉപയോഗത്തിന്റെ 35 ശതമാനം ഇതിലൂടെ നിർമ്മിക്കാമെന്നാണ് ലക്ഷ്യം. 2024 ഓടെ 35 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് സ്ഥാപിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ലക്ഷ്യമിടുന്നത്.

രാമക്ഷേത്രവും അതിവേഗം ഒരുങ്ങുന്നു

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നിടത്തെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. വികസനവും ഹിന്ദുത്വവും ഒരുപോലെയാകും ബിജെപി പയറ്റാൻ ഒരുങ്ങുന്നത് എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്. 2023 ഡിസംബറോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. മൂന്നുനിലയായി നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാൻ 47 അട്ടി കോൺക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിർമ്മാണച്ചുമതല വഹിക്കുന്നവർ പറഞ്ഞു.

ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ നാൽപ്പതടി ആഴത്തിൽ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോൺക്രീറ്റ് ഇട്ടതെന്ന് എൽ ആൻഡ് ടി പ്രോജക്ട് മാനേജർ ബിനോദ് മെഹ്ത വ്യക്തമാക്കി. ഒരടി ഉയരത്തിലാണ് കോൺക്രീറ്റിന്റെ ഓരോ അട്ടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനിൽനിന്നുള്ള മാർബിളുമാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുക. 161 അടിയാണ് ക്ഷേത്രത്തിന് ഉയരമുണ്ടാവുക. 360ഃ235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയിൽ 132 സ്തൂപങ്ങളും രണ്ടാംനിലയിൽ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.