വിലക്കയറ്റത്തിൽ രാജ്യത്തെ സാധാരണക്കാർ പൊറുതിമുട്ടുമ്പോഴും പാർലമെന്റിലെ കാന്റീനിൽ രണ്ടു രൂപയ്ക്ക് മസാല ദോശയും മട്ടൺ കറിയും ഉറപ്പാക്കിയവരാണ് നമ്മുടെ എംപിമാർ. സ്വന്തം കാര്യം നോക്കുന്നതിൽ രാഷ്ട്രീയ വൈരമോ മറ്റ് എതിർപ്പുകളോ അവരെ ഭിന്നിപ്പിക്കാറുമില്ല. എംപിമാരുടെ വേതനം ഉടൻതന്നെ ഗണ്യമായ തോതിൽ വർധിപ്പിക്കുമെന്നാണ് സൂചന.

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വർധിപ്പിക്കാനും മുൻ എംപിമാരുടെ പെൻഷൻ 75 ശതമാനത്തോളം വർധിപ്പിക്കാനും പാർലമെന്ററി കമ്മറ്റി ശുപാർശ ചെയ്തു. സർക്കാർ ജീവനക്കാർക്ക് ശമ്പള കമ്മീഷൻ ഉള്ളതുപോലെ നിശ്ചിത കാലയളവ് കൂടുമ്പോൾ എംപിമാരുടെ വേതനം സ്വാഭാവികമായി വർധിപ്പിക്കുന്ന തരത്തിലുള്ള സംവിധാനം വേണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

വേതനം വർധിപ്പിക്കുന്നത് സംബന്ധിച്ച് അറുപതോളം നിർദ്ദേശങ്ങളാണ് സമിതി നൽകിയിട്ടുള്ളത്. എംപിമാരുടെ ശമ്പളം ഏറ്റവും ഒടുവിൽ വർധിപ്പിച്ചത് 2010-ലാണെന്നും സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെ ക്ഷാമബത്തയോ മറ്റാനുകൂല്യങ്ങളോ എംപിമാർക്ക് ലഭിക്കുന്നില്ലെന്നും സമിതി വിലയിരുത്തി.

നിലവിൽ 50,000 രൂപയാണ് എംപിയുടെ പ്രതിമാസ ശമ്പളം. ഇത് ഒരുലക്ഷം രൂപയാക്കി വർധിപ്പിക്കണമെന്നാണ് ശുപാർശ. പാർലമെന്റ് കൂടുമ്പോൾ ഓരോ ദിവസവും 2000 രൂപ വീതവും ദിനബത്തയും ലഭിക്കും. ഇതും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എംപിക്കും ഭാര്യയ്ക്കും ഫസ്റ്റ് ക്ലാസ് എ.സി. ട്രെയിൻ ടിക്കറ്റും സഹായിക്ക് സെക്കൻഡ് ക്ലാസ് ടിക്കറ്റുമാണ് ഇപ്പോൾ ലഭിക്കുന്നത്. ഓരോ യാത്രയ്ക്കും സെക്കൻഡ് ക്ലാസ് ടിക്കറ്റിന്റെ പണം ബത്തയായും നൽകും. ഡൽഹിയിൽ സൗജന്യ ഫ്ളാറ്റ്, 50,0000 യൂണിറ്റ് വരെ സൗജന്യ വൈദ്യതി, 4000 കിലോ ലിറ്റർ വെള്ളം സൗജന്യം, 50000 ലോക്കൽ കോളുകൾ സൗജന്യം എന്നിവയും ലഭിക്കും. മുൻ എംപിമാർക്ക് 20000 രൂപയാണ് പെൻഷൻ. അഞ്ചുവർഷത്തിൽക്കൂടുതൽ എംപിയായി ഇരുന്നിട്ടുള്ളവർക്ക് 21,500 രൂപയും.

ശമ്പളം ഒരുലക്ഷം രൂപയായി വർധിപ്പിക്കണമെന്നതാണ് സമിതിയുടെ ശുപാർശ. ഇതിന് പുറമെ, ശമ്പളക്കമ്മീഷനെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എംപിയ്്കും ഒപ്പം സഞ്ചരിക്കുന്നയാൾക്കും ഫസ്റ്റ്ക്ലാസ്സ് എ.സി. ടിക്കറ്റ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് തുല്യമായ തുക യാത്രാബത്ത, വിമാന ടിക്കറ്റ്, വിമാനടിക്കറ്റിന് തുല്യമായ തുക ബത്ത, തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങളിൽ പ്രധാനം. അഞ്ചുവർഷം പൂർത്തിയാക്കിയ എംപിമാരുടെ പെൻഷൻ 35,000 രൂപയായി വർധിപ്പിക്കണമെന്നും സൗജന്യ വിമാനടിക്കറ്റുകൾ നൽകണമെന്നും സമിതി ശുപാർശ ചെയ്യുന്നു.