ന്യൂഡൽഹി: കശ്മീർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പാക്ക് ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ചയിൽ നിന്ന് വാക്കൗട്ട് നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രതിഷേധം. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാർ പങ്കെടുത്ത വിർച്വൽ മീറ്റിങ്ങിലായിരുന്നു ഡോവലിന്റെ പ്രതിഷേധം.

പാക്ക് പ്രതിനിധി ഡോ. മൊയീദ് യൂസഫ് തന്റെ പിന്നിൽ പാക്കിസ്ഥാന്റെ ഭൂപടമെന്ന നിലയിൽ കശ്മീർ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിക്കുകയായിരുന്നു. ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്തിന്റെ ഭാഗമായ ജുനഗഡ് എന്നീ പ്രദേശങ്ങൾ പാക്ക് ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ പ്രതിനിധിയാണ് കൂടിക്കാഴ്ചയിൽ അധ്യക്ഷത വഹിച്ചത്. പാക് നടപടി യോഗത്തിന്റെ മാനദണ്ഡങ്ങൾക്ക് എതിരായതിനാൽ അധ്യക്ഷനെ വിവരം ധരിപ്പിച്ച ശേഷം പ്രതിഷേധസൂചകമായി ഡോവൽ ബഹിഷ്‌കരിക്കുകയായിരുന്നു.

ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് പാക്കിസ്ഥാൻ ശ്രമിച്ചത്. ചൈനയുമായി ഇന്ത്യയുടെ അതിർത്തി പ്രശ്‌നങ്ങൾക്ക് പിന്നിലും പാക് ഇടപെടലുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് അതിശക്തമായ പ്രതിഷേധം ഡോവൽ പ്രകടിപ്പിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരു വർഷം തികഞ്ഞ വേളയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് വിവാദം ഭൂപടം പുറത്തിറക്കിയത്. ഇത് അംഗീകരിക്കില്ലെന്ന സൂചന നൽകിയാണ് ഡോവൽ അതിശക്തമായ പ്രതിഷേധം നടത്തിയത്.

യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ പാക്കിസ്ഥാനെ അനുവദിച്ചതിൽ യോഗത്തിന്റെ അധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടർന്ന് വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് റഷ്യ നിലപാടെടുത്തു. പാക്കിസ്ഥാന്റെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തിൽ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു. എസ്സിഒയിൽ എട്ട് രാജ്യങ്ങളാണ് അംഗങ്ങൾ. ചൈന, ഇന്ത്യ, കസാകിസ്താൻ, കിർഗിസ്താൻ, റഷ്യ, പാക്കിസ്ഥാൻ, താജികിസ്താൻ, ഉസ്ബെക്കിസ്താൻ. ഇന്ത്യയുടെയും ചൈനയുടെയും മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തതാണ് ഇത്തവണ റഷ്യയിൽ നടക്കുന്ന ഈ സമ്മേളനം ഏറെ ചർച്ചയാക്കിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതിനിടെ ചൈനയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സേനാപിന്മാറ്റം സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ചൈനാ സ്റ്റഡി ഗ്രൂപ്പ് ഇന്ത്യയുടെ നിലപാടുകൾക്ക് രൂപം നൽകും. ചൈനയെ വിശ്വസിക്കാൻ കഴിയാത്തതിനാലാണ് തന്ത്രങ്ങൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ അജിത് ഡോവലിനെ നിയോഗിച്ചത്. വിദേശമന്ത്രിമാരുടെ മോസ്‌കോ ചർച്ചയിലെ ധാരണ പ്രകാരംസേനാപിന്മാറ്റത്തിന്റെ നടപടിക്രമങ്ങൾ നിശ്ചയിക്കാൻ അടുത്തയാഴ്ച ഇന്ത്യാ-ചൈനാ കമാൻഡർ നടത്തുന്ന ചർച്ചയിൽ ഇന്ത്യ ഈ നിലപാടായിരിക്കും സ്വീകരിക്കുക എന്ന് ഇതോടെ വ്യക്തമാകും.

അജണ്ട ചർച്ച ചെയ്യാൻ സേനാ തലവന്മാർ, ഇന്റലിജൻസ് ബ്യൂറോ, റാ മേധാവികൾ, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാർ എന്നിവർ അടങ്ങിയ ചൈനാ സ്റ്റഡി ഗ്രൂപ്പ് യോഗം ചേർന്നു.വിദേശ മന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും നടത്തിയ ചർച്ചയിൽ ധാരണയായ അഞ്ചിന പദ്ധതി വിശകലനം ചെയ്യാൻ വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചിരുന്നു. അജിത് ഡോവലും സേനാ മേധാവികളും പങ്കെടുത്തു. തുടർന്ന് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു.

ലേയിലെ 14-ാം കോർ കമാൻഡർ ലെഫ്. ജനറൽ ഹരീന്ദർ സിംഗും ചൈനയുടെ മേജർ ജനറൽ ലിയു ലിനും ആഗസ്റ്റിന് മുമ്പ് അഞ്ചു തവണ നടത്തിയ ചർച്ചകളിൽ സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയുണ്ടാക്കിയെങ്കിലും നടപ്പാക്കാനായില്ല.പാംഗോഗ് തടാകത്തിന് തെക്ക് ചൈനയുടെ കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യ മേൽക്കൈ നേടിയതിന് പിന്നാലെയാണ് റഷ്യയിലെ ചർച്ചയിൽ സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയുണ്ടായത്. എന്നാൽ മുൻപും പഞ്ചശീല തത്വങ്ങൾ ലംഘിച്ച് ചൈന കടന്നുകയറിയ ചരിത്രം മുൻനിറുത്തിയാകും ഇന്ത്യ അജണ്ട നിശ്ചയിക്കുക.