- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ടും ഭർതൃപിതാവിന്റെ കാല് തല്ലിയൊടിച്ചും ക്രൂരത: ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ ജിപ്സണും പിതാവും പിടിയിൽ; അകത്തായത് പള്ളിക്കരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുമ്പോൾ
കൊച്ചി: പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും ഭാര്യയുടെ അച്ഛനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവും ഭർതൃപിതാവും പിടിയിലായി. ടെക്നോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിപസണും പിതാവുമാണ് പിടിയിലായത്. ജിപ്സൺ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട് പീഡിപ്പിച്ചെന്നും പരാതിയുണ്ട്. പള്ളിക്കരയിലെ ഒരു ബന്ധു വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
യുവതിയെയും പിതാവിനെയും ക്രൂരമായി മർദിച്ച ജിപ്സനും പിതാവും, പിതാവിന്റെ കാല് തല്ലിയൊടിച്ചിരുന്നു. യുവതി നൽകിയ പരാതിയിൽ പൊലീസ് ആദ്യഘട്ടത്തിൽ കേസെടുത്തിരുന്നില്ല. പിതാവിനു മർദനമേറ്റ കേസിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ അറസ്റ്റു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തത് വാർത്തയായിരുന്നു. പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനത്താലാണ് പൊലീസ് കേസെടുക്കാതിരുന്നത് എന്നായിരുന്നു ആക്ഷേപം.
ഇതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു പോയി കണ്ട് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വിവാഹം കഴിച്ചു മൂന്നാം ദിവസം മുതൽ സ്വർണം വേണമെന്നും വീടിന്റെ വീതം വേണമെന്നും ആവശ്യപ്പെട്ടു യുവതിയെ പട്ടിണിക്കിട്ടു വരികയായിരുന്നു. ഇതിനിടെ യുവതിയെ ക്രൂരമായി മർദിച്ച സംഭവവുമുണ്ടായി. ഇതു ചോദിക്കാൻ ചെന്നതിനാണ് പിതാവിനെ ക്രൂരമായി മർദിച്ചത്. മൂന്ന് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
കല്യാണത്തിന് ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ട് സോഫ്റ്റ് വെയർ എൻജിനീയറായ ജിപ്സൺ തന്നെ പതിവായി മർദ്ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. രാത്രിയിൽ മുഖം പൊത്തിപ്പിടിച്ച് പുറത്തും അടിവയറ്റിലും മർദ്ദിക്കും. രണ്ടാമത്തെ വിവാഹമായതുകൊണ്ടാണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും ഭർത്താവും ഭർ്ത്താവിന്റെ കുടുംബക്കാരും തരാറില്ലെന്നും യുവതി ആരോപിക്കുന്നു.
സ്ത്രീധനത്തിന്റെ പേരിൽ ജിപ്സണും അയാളുടെ അച്ഛനും ചേർന്നാണ് പിതാവിനെ മർദ്ദിച്ച് കാൽ തല്ലിയൊടിച്ചത്. ഇരുവരും ചേർന്ന് തള്ളിയിട്ട ശേഷം കാലിൽ കയറി നിന്നതായി യുവതിയുടെ അച്ഛൻ പറയുന്നു. അച്ഛന് എഴുന്നേറ്റ് നടക്കാൻ കഴിയുമോ എന്ന് പോലും ആശങ്കപ്പെടുന്നതായി യുവതി ആരോപിക്കുന്നു.ആശുപത്രിയിൽ ചികിത്സയിലായിരുന്നു അച്ഛനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതി പറയുന്നു.
ജിപ്സന്റെ ആദ്യ ഭാര്യയെയും ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായും ബ്ലേഡ് വച്ചു മുറിവേൽപിച്ചിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇതേ ആരോപണവുമായി യുവതിയുടെ സഹോദരിയും രംഗത്തെത്തി. എന്നാൽ പെൺകുട്ടിയുടെ വിവാഹാലോചന പുരോഗമിക്കുന്നതിനാൽ പൊലീസിൽ പരാതി നൽകുന്നില്ലെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ