ദോഹ. ആധുനിക ലോകത്ത് വൈവിധ്യങ്ങളായ രോഗങ്ങൾ പടരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ജീവിതശൈലിയിലും ആഹാര ശൈലിയിലും വന്ന മാറ്റങ്ങൾ അവഗണിക്കാനാവാത്തതാണെന്ന് ഖത്തറിലെ ആന്റി സ്‌മോക്കിങ് സൊസൈറ്റി അധ്യക്ഷൻ ഡോ. അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു. ലോകാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ലിഷ്വർ ഗ്രൂപ്പുമായി സഹകരിച്ച് മീഡിയ പഌ് സംഘടിപ്പിച്ച സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസാംഹാരവും പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളും സ്ഥിരമായി കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്നാണ് എല്ലാ പഠനങ്ങളും തെളിയിക്കുന്നത്. ശുദ്ധമായ സസ്യാഹാരം ശീലമാക്കുന്നതിലൂടെ നല്ലൊരു ശതമാനം രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ, തോട്ടത്തിൽ നിന്ന് പ്‌ളേറ്റിലേക്ക് എന്ന ലോകാരോഗ്യ സംഘടനയുടെ പ്രമേയം വ്യക്തി തലത്തിലും സമൂഹ തലത്തിലും ചർച്ചക്ക് വിധേയമാക്കുകയും ജൈവ കൃഷി, ഗാർഹിക തോട്ടങ്ങൾ മുതലായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കീടനാശിനികളും മറ്റും പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ മുതലായവയിൽ ഉണ്ടാകാമെങ്കിലും ശുദ്ധജലത്തിലും ഉപ്പു വെള്ളത്തിലുമിട്ട് കഴുകിയാൽ അപകടകരമായ മിക്ക ദോഷങ്ങളും തീരും. അണുക്കളും ബാക്ടീരിയകളും പടരുന്നത് തടയുവാൻ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ ലിഷ്വർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നസീർ ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തർ ട്രാവൽ ഏജൻസി അസോസിയേഷൻ അംഗം കെ.പി. നൂറുദ്ധീൻ, സ്പീഡ്‌ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, അമാനുല്ല വടക്കാങ്ങര, അബ്ദുൽ ഫത്താഹ് നിലമ്പൂർ സംസാരിച്ചു.