കൊച്ചി: കൊച്ചിയിലെ ഭൂമാഫിയയ്‌ക്കെതിരെ പോരാടിയ ഡോ അദീലാ അബ്ദുള്ള ഐഎഎസിനെ അത്ര പെട്ടന്നൊന്നും മലയാളികൾ മറക്കില്ല. വമ്പന്മാരായ കൊച്ചിയിലെ ഭൂമാഫിയയ്‌ക്കെതിരെ പോരാടി കോടികൾ വിലയുള്ള ഏക്കർ കണക്കിന് ഭൂമി സർക്കാരിലേക്ക് കണ്ടു കെട്ടിയ ഈ മിടുക്കി സർക്കാരിന് പോലും ഒരു സമയത്ത് ഭീഷണിയായിരുന്നു.

സബ് കളക്ടർ പദവിയിൽ അദീല ഇരുന്നാൽ പണിയാകുമെന്ന് മനസ്സിലായ അധികാരികൾ ഇവരെ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയുടെ തലപ്പത്തേക്ക് മാറ്റപ്പെടുകയും ചെയ്തു. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ പേടി സ്വപ്‌നമായി മാറിയ ഡോ. അദീല അബ്ദുള്ള ഐഎഎസ് ആയിരുന്നു കഴിഞ്ഞ ദിവസം മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത സ്റ്റിൽ സ്റ്റാൻഡിങ് എന്ന പ്രോഗ്രാമിൽ ഹീറോ ആയി എത്തിയത്.

ഒരു ഐഎസുകാരിയുടെ ജാഡകളൊന്നും ഇല്ലാതെ തികച്ചും സാധാരണക്കാരിൽ സാധാരണക്കാരി ആയിട്ടായിരുന്നു സ്റ്റിൽ സ്റ്റാൻഡിങിലേക്കുള്ള കളക്ടറുടെ രംഗ പ്രവേശം. അറിവിന്റെ ആഴം പരിശോധിക്കുന്ന ക്വിസ് പ്രോഗ്രാമാണ് സ്റ്റിൽ സ്റ്റാൻഡിങ്. പത്ത് പേരെ തന്റെ അറിവിലൂടെ പൊരുതി തോൽപ്പിച്ചാൽ ഹീറോയിന് ലഭിക്കുക പത്ത് ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് വേണ്ടിയാണ് മത്സരിക്കാൻ ഡോ. അദീലാ അബ്ദുള്ള എത്തിയത്.

വളരെ നിഷ്പ്രയാസം ഏഴു പേരെ പൊരുതി തോൽപ്പിച്ചാണ് അദീല ഐഎഎസ് സ്റ്റിൽ സ്റ്റാൻഡിങിലെ താരമായത്. ഒപ്പം മറ്റുള്ളവരെ തന്റെ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും ഈ കളക്ടർ മറന്നില്ല. മൂന്ന് പേരെ കൂടി തോൽപ്പിച്ചാൽ അദീലാ ഐഎഎസിന് പത്ത് ലക്ഷം രൂപ സമ്മാനമായി കിട്ടുമായിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് അപ്രതീക്ഷിതമായി ക്വിറ്റ് ചെയ്യുകയായിരുന്നു ഇവർ.