- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ജലദിനത്തിൽ ഹരിതരേഖ പുസ്തകപ്രകാശനം പുസ്തകത്താളിലെ വിജ്ഞാനം ശാശ്വത പ്രചോദനമാകട്ടെയെന്ന് മജീഷ്യൻ മുതുകാട്; ഡോ അഖില എസ് നായർ രചിച്ച ഹരിതരേഖ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പരിസ്ഥിതി, ജൈവവൈവിധ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകത്താളുകൾ പകരുന്ന വിജ്ഞാനം വായനക്കാരുടെ ഹൃദയങ്ങളിൽ എന്നെന്നേക്കുമായി രേഖപ്പെടുകയും അവയൊക്കെ നിത്യജീവിത്തിൽ പ്രായോഗികമാക്കാൻ മാനവരാശിയെ എക്കാലവും പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട്. ജലദിനത്തിൽ മാജിക് അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി ശാസ്ത്രജ്ഞയായ ഡോ. അഖില എസ്. നായർ രചിച്ച മലയാള പുസ്തകം ഹരിതരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി വിജ്ഞാന വിഭാഗം ഡപ്യൂട്ടി ഡയറക്ടറും കേരള സംസ്ഥാന ബയോഡൈവേഴ്സ്റ്റി ബോർഡ് മെമ്പർ സെക്രട്ടറിയുമായ റെനി ആർ. പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. വൈകാരികവും വിവേകപൂർവ്വവുമായി വായനക്കാരെ സ്വാധീനിക്കാൻ ഹരിതരേഖയുടെ ഉള്ളടക്കത്തിന് കഴിയുന്നുണ്ടെന്ന് റെനി ആർ. പിള്ള പറഞ്ഞു.
പ്രസാധകരും പ്രമുഖ സന്നദ്ധസംഘടനയായ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന ശാസ്ത്രപ്രചാരകൻ ഡോ. സി.പി. അരവിന്ദാക്ഷൻ അധ്യക്ഷനായി. നിലവിലെ വിദ്യാഭ്യാസ രീതിയിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ''എ ഫോർ ആപ്പിൾ എന്ന പതിവു ശൈലി വിട്ട് എ ഫോർ ആൻഡ് എന്നും ബി ഫോർ ബേഡ് എന്നുമൊക്കെ കുഞ്ഞുങ്ങളെ പഠിപ്പിച്ച് തുടങ്ങണം. എന്നാൽ മാത്രമേ ഉറുമ്പും കുരുവിയുമെല്ലാം വരുംതലമുറയ്ക്ക് സുപരിചിതമാവൂ. ഭൂമിയിൽ അധിവസിക്കുന്ന 11.3 ദശലക്ഷം ജീവിവർഗ്ഗങ്ങളിൽ കേവലം ഒരെണ്ണം മാത്രമാണ് മനുഷ്യൻ എന്ന തിരിച്ചറിവുണ്ടാകാൻ ഇത്തരമൊരു പഠനരീതി അനിവാര്യമാണ്'' അദ്ദേഹം ഓർമ്മിപ്പിച്ചു.
കവിയും ഗാനരചയിതാവുമായ ശശി മാവിന്മൂട് പുസ്തകപരിചയം നടത്തി. സിസ്സ പ്രസിദ്ധീകരണവിഭാഗം മേധാവി അജിത് വെണ്ണിയൂർ പ്രസാധക വചനം അവതരിപ്പിച്ചു. എഴുത്തുകാരിയും സംരഭകയുമായ ഷൈലാ തോമസ് സ്വാഗതവും ഡോ. അഖില എസ്. നായർ നന്ദിയും പറഞ്ഞു. പ്രമുഖ ശാസ്ത്രജ്ഞരുൾപ്പെടെ നിരവധി പ്രമുഖർ സാന്നിധ്യം നൽകി.
വിവിധ പരിസ്ഥിതി ജൈവവൈവിധ്യ വിഷയങ്ങളെ സംബന്ധിച്ചുള്ള 26 ലേഖനങ്ങളാണ് ഹരിതരേഖയിലുള്ളത്. പൊതുവായനയ്ക്ക് ആദ്യമായി സമർപ്പിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഇതിൽപ്പെടും. ഏറ്റവും സങ്കീർണ്ണമായ ശാസ്ത്രവിഷയങ്ങൾ പോലും ഏവർക്കും മനസ്സിലാകും വിധം സരളമായി അവതരിപ്പിക്കുന്ന രചനാശൈലിയും സവിശേഷതയാണ്. ഉള്ളടക്കത്തിന് അനുയോജ്യമായ മുഖചിത്രമാണ് പ്രസിദ്ധ കാലിഗ്രാഫിസ്റ്റ് നാരായണ ഭട്ടതിരി വരച്ചിട്ടുള്ളത്.
നൂറ്റി പതിനെട്ട് പേജുള്ള പുസ്തകത്തിന് 100 രൂപയാണ് വില. ആമസോണിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2722151 ഇമെയിൽ cissaindia@gmail.com # # #