ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ ദ്വിദിന സന്ദർശനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് പ്രവാസി മലയാളികൾക്ക് വ്യാപക പരാതി. അബ്ദുൽ കലാമിന്റെ സന്ദർശവേള ചിലർക്ക് അവാർഡുകൾ നൽകാനും വാങ്ങാനുമുള്ള ചടങ്ങുകളാക്കി മാറ്റിയെന്നാണ് ആക്ഷേപം. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച ചർച്ച സജീവമാണ്.

പ്രചോദനം തുളുമ്പുന്ന പ്രസംഗങ്ങൾ കേൾക്കുക എന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികളുടെയും മുതിർന്നവരുടെയും സ്വപ്നം വെറുതേയായെന്നും
പ്രധാന പരിപാടികൾ നടന്ന ഒട്ടുമിക്ക ഇടങ്ങളിലും വ്യവസായികളെയും സാമൂഹിക പ്രവർത്തകരെയും ആദരിക്കുന്ന ദീർഘമായ ചടങ്ങുകളാണ് നടന്നതെന്നുമാണ് പ്രധാന ആരോപണം. ഇതാകട്ടെ അദ്ദേഹത്തിന്റെ ചോദ്യോത്തര വേളയുടെ സമയത്തെപ്പോലും ബാധിച്ചു. നാൽപത് മിനിറ്റ് പ്രഭാഷണം, ഇരുപത് മിനിറ്റ് ചോദ്യോത്തരം എന്നതാണ് കലാമിന്റെ പൊതു ശൈലി. ആദരവും അവാർഡു ദാനവും നീണ്ടതോടെ ചോദ്യോത്തരത്തിന്റെ സമയവും കുറഞ്ഞു.

കലാമിന്റെ പ്രഥമ ബഹ്‌റൈൻ സന്ദർനത്തെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുപരിപാടിയാക്കി മാറ്റാൻ സാധിച്ചില്ലെന്നതാണ് സംഘാടനത്തിലുണ്ടായ ഏറ്റവും വലിയ പിഴവെന്ന് സാമൂഹിക പ്രവർത്തകൻ ഇ.പി അനിൽ പറഞ്ഞു. കലാമിനു തന്നെ അലോസരമുണ്ടാകുന്ന വിധത്തിലായിരുന്നു പലരുടെയും പെരുമാറ്റം. ചിലർ ഇത് സ്വകാര്യ പരിപാടിയാക്കി മാറ്റാൻ ശ്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കലാമിന്റെ സന്ദർശനത്തെക്കുറിച്ച് വിമർശമുന്നയിക്കുന്നവർ പാഴ്‌വേലകൾ അവസാനിപ്പിച്ച് സ്വന്തം സമൂഹത്തിനും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് പരിപാടിയുടെ മുഖ്യസംഘാടകനും കെ.സി.എ ജനറൽ സെക്രട്ടറിയുമായ സോവിച്ചൻ ചെന്നാട്ടുശ്ശേരി പറഞ്ഞു.

ഒരു വലിയ പരിപാടിയുടെ സംഘാടനത്തിന് ചില ഒരുക്കങ്ങളെല്ലാം വേണ്ടി വരും. അതു മാത്രമാണ് നടന്നത്. അത് വലിയ വിജയവുമായിരുന്നു. കലാമിനെ ബഹ്‌റൈനിലത്തെിച്ചതിൽ നന്ദിയുണ്ടെന്ന് പറഞ്ഞ് പലരും സമീപിക്കുന്നുണ്ട്. അതാണ് ഏറ്റവും വലിയ കാര്യം. ഇതിനിടയിലുള്ള ഇത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. കഴമ്പുള്ള വിമർശനങ്ങൾ സ്വീകരിക്കാൻ തയാറാണെന്നും സോവിച്ചൻ പറഞ്ഞു.