ലൈംഗിക ചൂഷണത്തിന് ഇരയായ ഒരു കുട്ടിയെ എങ്ങനെ തിരിച്ചറിയാം? കുട്ടികൾക്ക് പ്രാഥമികമായ ഒരു ലൈംഗിക വിദ്യാഭ്യാസ ബോധവത്ക്കരണം എങ്ങനെ കൊടുക്കാം. ഒരുപാട് മാതാപിതാക്കൾ നിരന്തരം ചോദിക്കുന്ന ഒരു സംശയമാണിത്. നമുക്ക് പൊതുവെ ഒരു തെറ്റിദ്ധാരണയുണ്ട് പെൺകുട്ടികൾക്ക് മാത്രമാണ് ലൈംഗിക ചൂഷണമുണ്ടാവുകയെന്നത്. എന്നാൽ അടുത്തകാലത്ത് നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളയാണ് ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നത് എന്നാണ്. 2004 ൽ നടന്ന ഒരു പഠനം പറയുന്നത് ആൺകുട്ടികളിൽ 38.6 ശതമാനം പേരും പെൺകുട്ടികളിൽ 37.7 ശതമാനം പേരും ജീവതത്തിൽ ഒരു തവണയെങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ്. ആൺകുട്ടികളിൽ ലൈംഗിക ചൂഷണം കൂടതലാണെന്നാണ് ഈ ഒരു പഠനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ലൈംഗിക ചൂഷണത്തിന് ഇരയായ ഒരു കുട്ടിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. അവന്റെ സ്വഭാവത്തിലും ആരോഗ്യ നിലയിലും ഒട്ടനവധി മാറ്റങ്ങൾ പ്രകടമാണ്. അടുത്തകാലത്തായി ലൈംഗിക ചൂഷണത്തിന് വിധേയനായ കുട്ടിക്ക് ചില ശാരീരിക അസ്വസ്ഥതകളും പ്രകടമാണ്. പ്രധാനമായി കാണുന്ന ഒരു സംഗതി കിടക്കയിൽ മൂത്രമൊഴിക്കുക, അല്ലെങ്കിൽ ഉറങ്ങുന്ന സമയത്ത് മലവിസർജ്ജനം നടത്തുക എന്നൊക്കെയാണ്. ഇതുകേട്ടിട്ട് കിടക്കയിൽ മൂത്രമൊഴിക്കുന്ന എല്ലാ കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയവായവർ ആണെന്ന് തെറ്റിദ്ധരിക്കരുത്. കിടക്കയിൽ മൂത്രമൊഴിക്കുന്നതിന്റെ പല കാരണങ്ങളിൽ ഒന്ന് സമീപകാലത്തുണ്ടായ ലൈംഗിക ചൂഷണമാവാം എന്ന് മാത്രമേ പറയാൻ കഴിയൂ.

മുതിർന്ന വ്യക്തികളെ കാണുമ്പോൾ അവരെ അഭിമുഖീകരിക്കാനുള്ള മടിയാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം. പ്രത്യേകിച്ചും സ്ഥിരം കാണുന്ന ചില മുതിർന്ന വ്യക്തികളെ കാണുമ്പോൾ വല്ലാത്തൊരു ഭയം.ചില ഭക്ഷ്യവസ്തുക്കൾ കാണുമ്പോൾ തോനുന്ന അസ്വസ്ഥതയാണ് മറ്റൊരു ലക്ഷണം.ദീർഘനേരം മുറി അടച്ച് ഇരിക്കുക, സ്‌കുളിൽ പോവാൻ വിമുഖത കാണിക്കുക, കൂട്ടുകാരോട് ഇടപെടാൻ താൽപ്പര്യമില്ലായ്മ കാണിക്കുക, ഉറക്കക്കുറവ് ഇവയും ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളുടെ ലക്ഷണമാണ്. വിട്ടുമാറത്ത വയറ്റുവേദന, നിരവധി പ്രാവശ്യം ബാത്ത്റൂമിൽ പോവാനുള്ള തോന്നൽ, ഇടക്കിടെക്ക് മൂത്രം ഒഴിക്കാനുള്ള പ്രവണത തുടങ്ങിയവും ലക്ഷണങ്ങളാണ്.

ഇര വേട്ടക്കാരനായി മാറുന്ന അനുഭവമാണ് കുട്ടികളുടെ ലൈംഗിക ചൂഷണത്തിൽ ചിലപ്പോൾ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള ചില കുട്ടികളെങ്കിലും മറ്റു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം പീഡനങ്ങൾ തടയാൻ എന്തു ചെയ്യാൻ കഴിയും. സെക്സിനെ കുറിച്ച് കുട്ടികളോട് രക്ഷിതാക്കൾക്ക് എങ്ങെനയാണ് പറയാൻ കഴിയുക. പീഡനത്തിന് ഇരയായ കുട്ടികളെ എങ്ങനെയാണ് രക്ഷിക്കാൻ കഴിയുക തുടങ്ങിയ വിഷയങ്ങളാണ്, മറുനാടൻ ടീവിയുടെ 'മനസ് ജീവിതം' എന്ന പംക്തിയുടെ ഈ ലക്കത്തിൽ ഡോ. അരുൺ ബി നായർ ചർച്ച ചെയ്യുന്നത്.

(തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കാട്രി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. അരുൺ ബി നായർ)