'നമ്മുടെ ശരീരം കൊഴുപ്പിനെയും അന്നജത്തെയും, മാംസ്യതന്മാത്രയെയും, അതേ രീതിയിൽ വലിച്ചെടുക്കില്ല. നിങ്ങൾ എന്തു വേണേലും കഴിച്ചോളൂ, അത് ആമാശയത്തിൽ ചെന്നാൽ അതിന്റെ ഘടകങ്ങളായിട്ട് വേർതിരിയും. അപ്പോൾ ചിലരു പറയും, ഈ രണ്ടു സാധനങ്ങൾ ഒരുമിച്ചു കഴിക്കാൻ പാടില്ല എന്ന്.മോരും, രസവും കഴിക്കാൻ പാടില്ല, മീൻ കറിയും, തൈരും കൂടി കൂട്ടാൻ പാടില്ല, ഇങ്ങനെ കുറോ കാര്യങ്ങൾ കേൾക്കാം'-മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന ജനകീയമായ അദ്ധവിശ്വാസങ്ങളിൽ ഒന്നാണ് വിരുദ്ധാഹാരം എന്നത്. ഇതിന്റെ ശാസ്ത്രീയ വീക്ഷണം വെളിപ്പെടുത്തകയാണ് ഡോ അഗസ്റ്റസ് മോറിസ്. അദ്ദേഹത്തിന്റെ വൈറലായ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ വായിക്കാം.

'തൈരും മീൻകറിയും ഒരുമിച്ചു കഴിക്കാമോ? ഈ ചോദ്യം ഒരുപാട് തലത്തിൽ നിന്ന് വന്നിട്ടുണ്ട്. അവരോട് തിരിച്ചു ഞാൻ ചോദിച്ചു, എന്തു കൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അവരു പറഞ്ഞു അത് വിരുദ്ധാഹാരമാണ്. അത് അങ്ങനെ ശരിയാവില്ല. നമ്മൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിലും മൂന്ന് ഘടകങ്ങളാണ്, ഒന്ന് അന്നജം അഥവാ കാർബോഹൈഡ്രേറ്റ്. അതിന്റെ അടിസ്ഥാന ഘടകമാണ് ഗ്ലുക്കോസ്, അഥവാ ഷുഗർ, അല്ലെങ്കിൽ പഞ്ചസാര. രണ്ടാമത്തേത്, പ്രോട്ടീൻ അഥവാ മാംസ്യതന്മാത്ര. മൂന്നാമത്തേതുകൊഴുപ്പ്അഥവാ ഫാറ്റ്. നമ്മൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിലുമുള്ള, കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പ്, പ്രോട്ടീൻ, ഇതിനെ അതിന്റെ അടിസ്ഥാന യൂണിറ്റുകളാക്കി വിഘടിപ്പിക്കതക്ക രീതിയിലുള്ള, രാസാഗ്നികൾ മനുഷ്യന്റെ ആമാശയത്തിലുണ്ട്. അന്നജം എന്നു പറഞ്ഞാൽ അത് നിരവധി പഞ്ചസാര, അല്ലെങ്കിൽ ഗ്ലുക്കോസ് തന്മാത്രകളാൽ നിർമ്മിതമാണ്. നിരവധി ഈർക്കിലുകൾ ഉപയോഗിച്ചു ഒരു ചൂൽ ഉണ്ടാക്കി വെച്ചിരിക്കുന്നത് പോലെ. ഓരോ ഈർക്കിലുമാണ് ചൂലിന്റെ അടിസ്ഥാന ഘടകം എന്നു പറയുന്ന പോലെ, അന്നജത്തിന്റെ അടിസ്ഥാന ഘടകം ഗ്ലുക്കോസ് തന്മാത്രകളാണ്. അതിനെ ഗ്ലുക്കോസ് തന്മാത്രകളായിട്ടു പിരിക്കുന്നു.

കൊഴുപ്പ്, അഥവാ ഫാറ്റിനെ, ഫാറ്റി ആസിഡുകൾ എന്നു പറയുന്ന അതിന്റെ അടിസ്ഥാന യൂണിറ്റുകളാക്കി പിരിക്കുന്നു. മാംസ്യ തന്മാത്രകൾ അഥവാ പ്രോട്ടീനിന്റെ അതിന്റെ അടിസ്ഥാന തന്മാത്രകൾ എന്താണ്? അമിനോ ആസിഡുകളാണ്. പ്രോട്ടീനെ അമിനോ അമ്ലങ്ങളായിട്ടു പിരിക്കുന്നു. നമ്മുടെ ശരീരം ഗ്ലുക്കോസ് തന്മാത്രകളെയും, ഫാറ്റി ആസിഡുകളെയും, അമിനോ ആസിഡുകളുമായിട്ടാണ് ആഗിരണം ചെയ്യുന്നത്. അല്ലാതെ കൊഴുപ്പിനെയും അന്നജത്തെയും, മാംസ്യതന്മാത്രയെയും, അതേ രീതിയിൽ വലിച്ചെടുക്കില്ല. അതിന്റെ അടിസ്ഥാന ഘടകങ്ങളായിട്ട് വിഘടിപ്പിച്ചതിനു ശേഷം, ആ അടിസ്ഥാന ഘടകങ്ങളെ വലിച്ചെടുക്കുകയും, വീണ്ടും ശരീരത്തിൽ കൊണ്ടുവന്നിട്ട് ഇതിനെ വീണ്ടും പ്രോട്ടീൻ, കൊഴുപ്പ് കാർബോഹൈഡ്രേറ്റ് എന്നിവയാക്കി മാറ്റുകയും ചെയ്യുന്ന ഒരു പ്രവണതയാണ് ശരീരത്തിൽ നടക്കുന്നത്. നിങ്ങൾ എന്തു വേണേലും കഴിച്ചോളൂ, അത് ആമാശയത്തിൽ ചെന്നാൽ അതിന്റെ ഘടകങ്ങളായിട്ട് വേർതിരിയും.

അപ്പോൾ ചിലരു പറയും, ഈ രണ്ടു സാധനങ്ങൾ ഒരുമിച്ചു കഴിക്കാൻ പാടില്ല എന്ന്. അങ്ങിനെ കഴിക്കാൻ പാടില്ല എന്നു പറയുന്നവരോട് നിങ്ങൾ ചോദിക്കേണ്ടത്, ടോക്സിക്കോളജി അഥവാ വിഷസങ്കലനശാസ്ത്രം ഇത്രയും അധികം വികാസം പ്രാപിച്ച ഈയൊരു കാലഘട്ടത്തിൽ, നിങ്ങൾ തൈരും മീൻകറിയും കൂടെ കഴിച്ചു നോക്കുക. അത് വയറ്റിലേക്ക് ചെന്നു, കുറച്ചു കഴിഞ്ഞു ടെസ്റ്റ് ചെയ്ത് നോക്കുക അതിൽ ഹാനികരമായിട്ടുള്ള ഏതെങ്കിലും പുതിയ സംയുക്തങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന്? അങ്ങനെയൊന്നും ഇല്ലായെങ്കിൽ, പിന്നെ എന്തിനാണ് ഈ അനാവശ്യമായിട്ടുള്ള ഭീതി വരത്തക്കരീതിയിൽ ഇത്തരം വിഡ്ഢിത്തരങ്ങൾ അടിച്ചു വിടുന്നത്.

മോരും, രസവും കഴിക്കാൻ പാടില്ല, മീൻ കറിയും, തൈരും കൂടി കൂട്ടാൻ പാടില്ല, ഇങ്ങനെ കൊറേ കാര്യങ്ങൾ കേൾക്കാം. ഇത് നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ. നമ്മുടെ രാജ്യത്തിന്റെ അതിർത്തി കഴിഞ്ഞ് അപ്പറുമോ, ഇപ്പുറമോ പോയി കഴിഞ്ഞാൽ അവിടൊന്നും ഈ കുഴപ്പം ഇല്ല. തെറ്റിദ്ധാരണ ഉളവാക്കുന്ന ഒരുപാട് നാട്ടറിവുകളെ മനുഷ്യരിങ്ങനെ താലോലിക്കാറുണ്ട്, പ്രത്യേകിച്ചും മലയാളികൾ. അതിലൊരു കാര്യവുമില്ല എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒപ്പം ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ചോദിക്കുക, ഈ പറയുന്ന സംഗതികൾ കഴിച്ചാൽ വയറ്റിൽ ചെന്ന് എന്തെങ്കിലും ഹാനികരമായ ഒരു പുതിയ പദാർത്ഥം ഉണ്ടാവുമെങ്കിൽ, നിങ്ങൾ അതിനെ ഒന്നു തെളിയിച്ചു കാണിക്കുകയെന്ന്.'- ഡോ അഗസ്റ്റ്സ് മോറിസ് വ്യക്തമാക്കി.