കഴിഞ്ഞ ദിവസം എറണാകുളത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കോളറ മരണത്തെ കുറിച്ച് ചാനൽ നിശ്ചയിച്ചിരുന്ന ചർച്ച അവസാനനിമിഷം മാറ്റിയതിനെയാണ് ഡോ ഇക്‌ബാൽ വിമർശിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു ചാനൽ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ വൈകുന്നേരത്തോടെ ആ വിഷയം മാറ്റിയെന്നും ദിലീപിന്റെ ഡി സിനിമാസ് പൂട്ടിയത് ചർച്ചയ്‌ക്കെടുത്തെന്നും ഡോ ഇക്‌ബാൽ പെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഡോ ഇക്‌ബാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

എറണാകുളത്ത് നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കോളറാ മരണത്തെ പറ്റി രാതി 830 നുള്ള ചർച്ചയിൽ പങ്കെടുത്താൽ കൊള്ളാമെന്ന് ഒരു ടി വി ചാനൽ റിപ്പോർട്ടർ ഇന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. എനിക്കു സൗകര്യമായതുകൊണ്ട് മറ്റൊരു സുഹൃത്തിന്റെ പേരും ഫോൺ നമ്പരും ഞാൻ എസ് എം എസ് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയ മെസ്സേജ് ഇതായിരുന്നു:. ''ക്ഷമിക്കണം ചർച്ച മാറ്റി ഡി സിനിമാസ് പൂട്ടി ' . അതായത് ചാനലിന് കോളറാ മരണത്തെക്കാൾ പ്രാധാന്യം സിനിമാ നടന്റെ തിയേറ്റർ പൂട്ടിയതാണെന്ന്. നമ്മുടെ ചാനൽ ചർച്ചകളുടെ നിലവാരവും മുൻഗണനയും ഒരിക്കൽ കൂടി ഞാനനുഭവിച്ചു..

പണ്ടൊരിക്കൽ കാൻസർ ചികിത്സക്കാവശ്യമായ ഔഷധത്തെ സംബന്ധിച്ചുള്ള ഒരു സുപ്രധാന കോടതി വിധിയെക്കുറിച്ചുള്ള പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കാമെന്ന് ഏതാനും ടി വി ചാനലുകളോട് ഞാൻ സമ്മതിച്ചിരുന്നു.

ചർച്ചക്ക് തൊട്ട് മുൻപ് ഒരു മന്ത്രിയും ഭാര്യയും തമ്മിലുള്ള ബന്ധം വഷളായ വാർത്തക്കായി ലക്ഷക്കണക്കിന് രോഗികളുടെ ജീവിതത്തെ ബാധിക്കുന്ന പ്രസ്തുത വിഷയം ചർച്ചചെയ്യുന്നത് ചാനലുകൾ ഒഴിവാക്കി. അതോടെ ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടിവന്നിരുന്നു.