തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കഴക്കൂട്ടത്തെ മൂന്നു മുന്നണികളുടെയും പ്രചരണം അവസാനലാപ്പിലേക്ക് കടക്കുകയാണ്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമലയും വിശ്വാസ സംരക്ഷണവും വികസനവും മുൻനിർത്തിയാണു എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പ്രചരണരംഗം കൊഴുപ്പിക്കുന്നത്. കഴക്കൂട്ടത്ത് 'മാളികപ്പുറം' ഇറങ്ങിയിട്ടുണ്ടെന്ന നടനും തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ്‌ഗോപിയുടെ ഡയലോഗ് ഉൾപ്പെടുത്തി കഴിഞ്ഞദിവസം ശോഭാസുരേന്ദ്രൻ തന്റെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച ഗാനവീഡിയോ ഇതിനകം പാർട്ടിപ്രവർത്തകർ ആഘോഷമാക്കുകയാണ്.

എന്നാൽ ഇടത് -വലത് കേന്ദ്രങ്ങളെ ഞെട്ടിച്ചത് മറ്റൊരു വെളിപ്പെടുത്തലായിരുന്നു. മന്നത്ത് പത്മനാഭന്റെ ചെറുമകനാണ് ഈ ഗാനം രചിച്ചതെന്ന് ശോഭ കുറിപ്പിട്ടതോടെ കഴക്കൂട്ടത്ത് കൺഫ്യൂഷനായി. എൻ.എസ്.എസ്. സമദൂരത്തിലുറച്ച് നിൽക്കുന്നതിനിടെ മന്നത്തിന്റെ ചെറുമകൻ പാട്ടൊരുക്കി എന്നതാണ് അതിനടിസ്ഥാനം. നായർ വോട്ടുകൾക്ക് കഴക്കൂട്ടത്ത് നിർണ്ണായക സ്വാധീനമുണ്ട്. ഈ വോട്ടുകളിൽ കടന്നു കയറാനുള്ള ബിജെപിയുടെ തന്ത്രമായി ഈ പാട്ടിനെ സിപിഎമ്മും കാണുന്നു. കോൺഗ്രസിനും ഈ രാഷ്ട്രീയത്തിലെ അസ്വാഭാവികത പ്രശ്‌നമാകും.

.

ആദരണീയനായ മന്നത്താചാര്യന്റെ ചെറുമകൻ ശ്രീ. ബാലശങ്കർ മന്നത്ത് എനിക്കു വേണ്ടി തയ്യാറാക്കിയ ഗാനം പങ്കുവെക്കുന്നു. രചനയിൽ പങ്കാളിയായ ശ്രീ. എം.എസ്. രഞ്ജിത്ത് ലാലിനും ഗായിക കൃപാ സുഭാഷിനും നന്ദി. സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നും കഴക്കൂട്ടത്തു ലഭിക്കുന്ന സ്വീകാര്യതയിൽ നന്ദി.

Posted by Sobha Surendran on Wednesday, March 31, 2021

എന്തുകൊണ്ട് ശോഭാസുരേന്ദ്രനു വേണ്ടി മാത്രം ഗാനം തയ്യാറാക്കിയെന്ന ചോദ്യത്തിന്‌സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ എഡിറ്ററും കേന്ദ്ര സംഗീതനാടക അക്കാദമി കൂടിയാട്ടം കേന്ദ്രം മുൻ ഡയറക്ടറും ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ഡോ. ബാലശങ്കർ മന്നത്ത് 'മറുനാടൻ മലയാളി'യോടു മനസു തുറന്നത് ഇങ്ങനെയാണ്. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചെറുമകനായ താങ്കൾ ബിജെപി.ക്കു വേണ്ടി പാട്ടെഴുതി എന്നത് ഇടത്വലത് കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരിക്കയാണ്. എൻ.എസ്.എസ്. കരയോഗ ഭാരവാഹികളോട് വരെ ഇതേക്കുറിച്ച് അന്വേഷിക്കുന്ന നിരവധി പ്രവർത്തകരുണ്ട്.

ശരിക്കും ഇത് എന്നെയാണ് ഞെട്ടിച്ചിരിക്കുന്നത്. എൻ.ഡി.എ. സ്ഥാനാർത്ഥിക്കു വേണ്ടി കുറച്ച് വരികൾ ഞാനെഴുതിയെന്നു കേട്ട് ആരുംതന്നെ ഞെട്ടേണ്ടതില്ല. കാരണം നമ്മുടെ രാജ്യം ആവിഷ്‌കാര സ്വാത്രന്ത്യമുള്ള ഒരു മഹദ് രാജ്യമാണ്. എനിക്കെന്നല്ല, ആർക്കുവേണമെങ്കിലും ഏതു രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയും ഗാനമെഴുതുകയോ സംഗീതം ചെയ്യുകയോ കൊച്ചുസിനിമകളെടുക്കുകയോ ലേഖനങ്ങളെഴുതുകയോ ഒക്കെ ചെയ്യാമല്ലോ. പിന്നെ മന്നത്ത് പത്മനാഭന്റെ ചെറുമകനെന്ന നിലയ്ക്ക് ഒരു രാഷ്്ട്രീയ പാർട്ടിക്കുവേണ്ടി കുറച്ച് വരികളെഴുതിക്കൂടാ എന്നു വല്ല നിയമവും ഇവിടെ പാസാക്കിയിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ വിശ്വാസം.''

ഞാനിത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തു നൽകിയ കാര്യമാണ്. ശരിയാണ്, എന്നോടു വളരെയടുപ്പമുള്ള കുമ്മനം രാജശേഖരനടക്കം നിരവധി പ്രഗത്ഭരായവർ ഇത്തവണ മത്സരരംഗത്തുണ്ട്. എന്നിട്ടും ഞാൻ ശോഭയ്ക്കു വേണ്ടി വരികളെഴുതാൻ കാരണം അവർ നല്ല വീറും വാശിയും പോരാട്ടവീര്യവും കാഴ്ചവയ്ക്കുന്ന ഒരു വനിതാ സ്ഥാനാർത്ഥി എന്നതുകൊണ്ടാണ്. മാത്രമല്ല 'ശബരിമല' എന്ന വിഷയത്തിൽ ഒരു വിശ്വാസിയെന്ന നിലയ്ക്ക് ശ്രീമതി ശോഭാസുരേന്ദ്രനു കഴക്കൂട്ടത്ത് ലഭിച്ചത് ഒരു നിയോഗമാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെയാണ് ആ പോരാട്ടത്തിൽ 'അണ്ണാറക്കണ്ണനും തന്നാലായത്' എന്നു പറയും പോലെ ഒരു ഉദ്യമം സ്വയം ചെയ്തത്. ഒരു 'കടുംകൈ' എന്നും പറയാം-അദ്ദേഹം വിശദീകരിക്കുന്നു.

ആ 'കടുംകൈ' ഇപ്പോൾ സോഷ്യൽമീഡിയായിൽ തരംഗമായി മാറുമ്പോൾ രചയിതാവിനും സന്തോഷം. എനിക്കൊപ്പം തന്നെ രചനയിൽ പങ്കാളിയായ രഞ്ജിത്ത് ലാലിലും പാട്ടുപാടിയ യുവ ഗായിക കൃപാ സുഭാഷിനും അതിന്റെ ക്രെഡിറ്റ് ഉണ്ട്. ഞാനാവശ്യപ്പെട്ട പ്രകാരം 'അയി ഗിരി നന്ദിനി' - എന്ന സ്‌തോത്രത്തിന്റെ ഈണത്തിൽ രഞ്ജിത്ത്‌ലാൽ വരികളെഴുതി തയ്യാറാക്കുകയും ഈണത്തിനൊപ്പിച്ച് കറക്ട് ചെയ്തും കുറച്ചു വരികൾ ചേർത്തും ഞാനും അതിൽ പങ്കാളിയാകുകയായിരുന്നു. അവർ എനിക്കൊപ്പം ചേർന്നില്ലായിരുന്നൂവെങ്കിൽ ഈ പാട്ട് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇറക്കാനാകുമായിരുന്നില്ല. മാത്രമല്ല, പാട്ടിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് അതിമനോഹരമായി ദൃശ്യങ്ങൾ എഡിറ്റുചെയ്ത ഒരാളുണ്ട്. ഒരു പ്രമുഖ ചാനലിൽ പ്രവർത്തിക്കുന്ന, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത അദ്ദേഹത്തിന്റേയും പങ്കാളിത്തമാണ് ഗാനത്തെ തരംഗമാക്കിയത്-ബാലശങ്കർ പറയുന്നു.

ഇ. ശ്രീധരൻ സാർ ബിജെപിയിലേക്ക് ഒരു പ്രളയത്തിൽ പെട്ട് ഒഴുകി എത്തിപ്പെട്ടയയാളല്ല. അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്, ആർ.എസ്.എസിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ കുഞ്ഞുന്നാളിലേ മുതൽ കണ്ടുവളർന്ന് ആ ആഭിമുഖ്യം തോന്നിയിട്ടുണ്ടെന്ന്. അപ്പൊ സ്വാഭാവികമായും അദ്ദേഹം ബിജെപിയിലേക്ക് എത്തി. പിന്നെ, വിമർശനമുയർത്തുന്നൂന്നൂവെന്നത് സ്വതന്ത്രമായ രാജ്യത്ത് സ്വഭാവികം മാത്രം. നല്ല നിലയിലോ മോശപ്പെടുത്തിയോ വിമർശിക്കാം. ഏറ്റവും പ്രമുഖനായ വ്യക്തിക്കുനേരെയാകുമ്പോൾ പ്രമുഖരായവർ വിമർശിക്കാനും മുന്നോട്ടുവരും. പക്ഷേ, വിമർശത്തിൽ കഴമ്പില്ലെങ്കിൽ അത് സമൂഹത്തിൽ ഏൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ബാലശങ്കർ പറയുന്നു.