രാവിലെ ഞാൻ വിളിക്കുമ്പോളാണ് അസം സ്വദേശിയായ സുബ്രതോ അറിയുന്നത് ഫാദർ സാബു യാത്രയായി എന്ന്. കാലടി സമീക്ഷയിലേക്ക് എന്നോടൊപ്പമുള്ള യാത്രയിൽ പൊട്ടിക്കരയുകയായിരുന്നു അയാൾ. എങ്ങനെ കരയാതിരിക്കും. ഫാദർ സാബു അയാൾക്കു തിരികെ നല്കിയത് ജീവിതമായിരുന്നു.

ജീവൻ നിലനിർത്താൻ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നറിഞ്ഞിട്ടും ആശുപത്രിയിൽ കൂടെനിൽക്കാൻ ആരുമില്ലാതെ ആത്മഹത്യയ്‌ക്കൊരുങ്ങുകയായിരുന്നു സുബ്രതോ. രോഗവിവരം അറിഞ്ഞ ഫാദർ സാബു അയാളുമായി അർദ്ധാത്രി പെരുമ്പാവൂരിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിയ ഉടൻ ശസ്ത്രക്രിയ, വസ്ത്രം പോലും മാറാതെ രണ്ടുമൂന്നു ദിവസം ആശുപത്രിയിൽ കൂടെ. സുബ്രതോ വീണ്ടും ജീവിതത്തിലേക്ക്.

ഇങ്ങനെ അദ്ദേഹം ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയവർ ഒട്ടേറെ. അപകടങ്ങളിൽപ്പെട്ട് മരണമടഞ്ഞ ഒട്ടനവധി പ്രവാസിത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ജീവനാംശം നേടി നല്കുന്നതിനും ദേശീയ മനുഷ്യാവകാശ കമ്മീഷനെ പെരുമ്പാവൂരിലെ അപകട മരണങ്ങളിൽ ഉണ്ടായ സർക്കാർ അനാസ്ഥ പരിഹരിക്കാൻ ഇടപെടുത്തിയതും ഒരു പ്രശസ്തിയും പ്രതീക്ഷിച്ചായിരുന്നില്ല. ഒരു നേപ്പാളികുടുംബത്തിന്റെ അത്താണിയായിരുന്ന മനുഷ്യൻ തലയ്ക്കു പരിക്കേറ്റു കിടപ്പായപ്പോൾ അവരെ തിരിച്ചയയ്ക്കാൻ ആംബുലൻസു തേടി എന്നെ വിളിച്ചതു ഞാനോർക്കുന്നു.

രോഗബാധിതനായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം വല്ലാതെ അലട്ടുന്നു. സ്വന്തം ആരോഗ്യം പരിഗണിക്കാതെ രാപ്പകൽ അലഞ്ഞ അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ മിഴികൾ നിറയുന്നു. നഷ്ടമായത് കേരളത്തിലെ പ്രവാസിത്തൊഴിലാളികൾക്ക് ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന അത്താണികളിൽ പ്രധാനിയാണെന്നു പറയുവാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. 'പരദേശികളുടെ മിശിഹാ' എന്ന് ഒരു പത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത് തികച്ചും യാഥാർത്ഥ്യമാണ്. ഒരുകൊള്ളിമീൻ പോലെ അദ്ദേഹം മറയുമ്പോൾ ഞാൻ കൂടി അനാഥനാകുന്നു. 

  • സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടറാണു ലേഖകൻ. കേരള കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡ് സംസ്ഥാന ഉപദേശക സമിതി അംഗവും പെരുമ്പാവൂർ ജീവിക എന്ന സർക്കാരിതര സ്ഥാപനത്തിലെ ഡയറക്ടറും ആയിരുന്ന ഫാദർ. സാബു മലയിൽ നവംബർ 23 ബുധനാഴ്ച രാവിലെയാണ് അങ്കമാലിയിൽ അന്തരിച്ചത്.